നീലേശ്വരം : ആവശ്യത്തിന് കെട്ടിട സൗകര്യം ഇല്ലാത്തതിനാല്‍ ജില്ലയില്‍ പ്രധാന സര്‍ക്കാര്‍ ഓഫീസുകള്‍ സ്വകാര്യ കെട്ടിടങ്ങളില്‍ പ്രവര്‍ത്തിക്കുമ്പോഴും ഇതെല്ലാം ഉണ്ടായിട്ടും കാര്യമായ സര്‍ക്കാര്‍ ഓഫീസുകള്‍ ഇല്ല എന്നത് ജില്ലയിലെ മൂന്നാമത്തെ നഗരസഭയായ നിലേശ്വരത്തിന്റെ മാത്രം ദുര്‍ഗതിയാ യിരിക്കും. വര്‍ഷങ്ങള്‍ക്ക് മുമ്പേ അനുവദിച്ച ജില്ലാ പുരാരേഖ വകുപ്പ് ഓഫീസ് സൗകര്യമില്ലെന്ന് പറഞ്ഞാണ് ഇതുവരെയും പ്രവര്‍ത്തനം തുടങ്ങാത്തത്. അഹമ്മദ് ദേവര്‍കോവില്‍ വകുപ്പ് മന്ത്രി ആയിരുന്നപ്പോഴും പലവിധ ചര്‍ച്ചകള്‍ നടന്നതല്ലാതെ ഓഫീസിന്റെ കാര്യത്തില്‍ യാതൊരു പുരോഗതിയും ഉണ്ടായിട്ടില്ല. ഓഫീസ് നീലേശ്വരത്താണ് വേണ്ടതെന്ന് തത്വത്തില്‍ ധാരണയായതുമാണ്. കടന്നപ്പള്ളി രാമചന്ദ്രന്‍ വകുപ്പ് മന്ത്രി ആയിരുന്നിട്ടും കാര്യങ്ങള്‍ക്ക് ഒരു മാറ്റവും ഉണ്ടായില്ല. അടുത്തിടെ പ്രഖ്യാപിച്ച അസംഘടിത തൊഴിലാളി ക്ഷേമനിധി ഓഫീസും പലവിധ കാരണങ്ങള്‍ പറഞ്ഞ് എങ്ങുമെത്താതെ പോവുകയാണ്. നഗരസഭയുടെ അധീനതയില്‍ തന്നെ ഒട്ടനവധി സൗകര്യങ്ങള്‍ ഉള്ളപ്പോഴാണ് നീലേശ്വരത്തോട് ഈ അവഗണന തുടരുന്നത്. സംസ്ഥാനത്തെ തന്നെ ഏറ്റവും വലിയ നഗരസഭ കാര്യാ ലയമാണ് നീലേശ്വരത്തത്. ഓഫീസ് ഉപയോഗവും ഉള്‍പ്പെടെ കണ്ടു കൊണ്ടാണ് അതിന്റെ നിര്‍മ്മിതി. കൂടാതെ വിശാലമായ സൗകര്യമുള്ള പഴയ നഗരസഭ ഓഫീസ് കെട്ടിടവും ഒഴിഞ്ഞു കിടക്കുകയാണ്. അതിനുപുറമേ കഴിഞ്ഞ ദിവസം ഉദ്ഘാടനം ചെയ്ത നഗരസഭാ ഷോപ്പിംഗ് കോംപ്ലക്സിലും ഓഫീസ് മുറികള്‍ ഒരുക്കിയിട്ടുണ്ട്. ജില്ലാ തലത്തിലുള്ള നിരവധി സര്‍ക്കാര്‍ ഓഫീസുകളാണ് വാടക കെട്ടിടത്തില്‍ പ്രവര്‍ത്തിക്കുന്നത്. ചുരുങ്ങിയ കാലത്തിനുള്ളില്‍ കെട്ടിട സൗകര്യം ഇല്ലാത്തതിനാല്‍ നിരവധി സര്‍ക്കാര്‍ ഓഫീസുകളാണ് നീലേശ്വരത്തു നിന്നും നാടുകടത്തപ്പെട്ടത്. പഴയ ബസ്റ്റാന്‍ഡ് കെട്ടിടത്തില്‍ പ്രവര്‍ത്തിച്ചിരുന്ന ജില്ലാ ആയുര്‍വേദ മെഡിക്കല്‍ ഓഫീസ്, പൊതുമരാമത്ത് ഇറിഗേഷന്‍ ഓഫീസ്, നീലേശ്വരം കൊട്ടാരത്തില്‍ പ്രവര്‍ത്തിച്ചിരുന്ന ലാന്റ് ട്രീ ബൂണല്‍ ഓഫീസ്, വനിതാ വികസന കോര്‍പ്പറേഷന്‍ റീജണല്‍ ഓഫീസ് എന്നിവയെല്ലാം നീലേശ്വരത്തുനിന്നും മറ്റ് സ്ഥലങ്ങളിലേക്ക് മാറ്റപ്പെട്ടവയാണ്. കിഴക്കന്‍ മലയോര പഞ്ചായത്തുകളില്‍ നിന്ന് വരെ വളരെ എളുപ്പത്തില്‍ വന്ന് പോകാന്‍ കഴിയുന്ന നീലേശ്വരത്ത് നഗരസഭയുടെ കൈവശമുള്ള കെട്ടിടങ്ങളില്‍ ജനങ്ങള്‍ക്ക് ഏറെ പ്രയോജന പ്രദമാകുന്നരീതിയില്‍ സര്‍ക്കാര്‍ ഓഫീസുകള്‍ തുടങ്ങുന്നതിന് ആവശ്യമായ നടപടികള്‍ സ്വീകരിക്കണമെന്നാണ് പൊതുജനങ്ങള്‍ക്ക്പറയാനുള്ളത്.
