കാഞ്ഞങ്ങാട് : ഹോസ്ദുര്‍ഗിലെ രാജേശ്വരി മഠത്തില്‍ മോഷണം നടത്തിയ കുപ്രസിദ്ധ മോഷ്ടാവ് അറസ്റ്റില്‍. ബളാല്‍ സ്വദേശി ചേവിരി വീട്ടില്‍ ഹരീഷിനെ (48) യാണ് ഹോസ്ദുര്‍ഗ് സ്റ്റേഷന് എസ്.ഐ.പി.വി. രാമചന്ദ്രനും സംഘവും പയ്യന്നൂരില്‍ വെച്ച് അറസ്റ്റു ചെയ്തത്.
ഈ മാസം ഒന്നിന് ഉച്ച കഴിഞ്ഞ് 3.30 മണിയോടെയാണ് പ്രതി രാജേശ്വരി മഠത്തില്‍ നിന്ന് ചെമ്പു ഭണ്ഡാരവും പണവും വലംപിരി ശംഖും കവര്‍ന്നത്. സി സി ടി വി ക്യാമറയില്‍ നിന്നും മോഷ്ടാവിന്റെ ദൃശ്യം ലഭിച്ചിരുന്നു. തുടര്‍ന്ന് ക്ഷേത്ര അംഗം കാഞ്ഞങ്ങാട്ടെ രാജേശ്വരി മഠത്തിലെ കെ. കാര്‍ത്ത്യായനി ഹോസ്ദുര്‍ഗ് പോലീ സില് പരാതി നല്‍കിയിരുന്നു. കേസെടുത്ത പോലീസ് അന്വേഷണത്തിലാണ് പ്രതിയെ പയ്യ ന്നൂര്‍ പോലീസിന്റെ സഹായത്തോടെ ഹോസ്ദുര്‍ഗ് പോലീസ് പിടികൂടിയത്.
