കുഞ്ഞിക്കണ്ണന്‍ മഡിയന്‍ നായരച്ചന്റെ നിര്യാണം: ഓര്‍മയായത് അനുഷ്ഠാനരംഗത്തെ അഭിജാത സാന്നിധ്യം

കാഞ്ഞങ്ങാട് : ജില്ലയിലെ പ്രമുഖ ദേശക്ഷേത്രങ്ങളിലൊന്നായ മഡിയന്‍ കൂലോത്തെ മഡിയന്‍ നായരച്ചന്‍ സ്ഥാനികനും പാരമ്പര്യ ട്രസ്റ്റിയുമായിരുന്ന വി.എം.കുഞ്ഞിക്കണ്ണന്‍ മഡിയന്‍ നായരച്ചന്റെ (92) നിര്യാണത്തോടെ ഓര്‍മയായത് ആചാരാനുഷ്ഠാന രംഗത്തെ അഭിജാത സാന്നിധ്യം. എല്‍ഐസി റിട്ട സീനിയര്‍ മാനേജര്‍ ആയിരുന്ന ഇദ്ദേഹം 2018 മെയ് 17 ന് തന്റെ 85-ാം വയസിലാണ് മഡിയന്‍ നായരച്ചനായി സ്ഥാനമേറ്റത്. കേവലം എട്ടര വര്‍ഷത്തെ സാന്നിധ്യം കൊണ്ട് ഇദ്ദേഹം ആചാരാനുഷ്ഠാന രംഗത്ത് പേരെടുത്തു. ഏറെ പ്രത്യേകതകളുള്ള ആചാരാനുഷ്ഠാനങ്ങള്‍ പിന്തുടര്‍ന്നു വരുന്ന മഡിയന്‍കൂലോത്ത് വേളൂര്‍ മലൂര്‍ തറവാട്ടിലെ മുതിര്‍ന്ന അംഗം മഡിയന്‍ നായരച്ചനായും നീലേശ്വരം പടിഞ്ഞാറ്റംകൊഴുവല്‍ നായരച്ചംവീട് തറവാട്ടിലെ മുതിര്‍ന്ന അംഗം മൂലച്ചേരി നായരച്ചനായുമാണ് അവരോധിക്കപ്പെടുന്നത്. ഇവര്‍ക്കാണ് മഡിയന്‍കൂലോത്തെ ആചാരാനുഷ്ഠാനങ്ങളില്‍ അവസാനവാക്കും പ്രാബല്യവും.

ക്ഷേത്രത്തിലെ പാട്ടുത്സവത്തിലും കലശോത്സവത്തിലും പ്രൗഢമായ എഴുന്നള്ളത്തുകളിലുമെല്ലാം ഇവരുടെ സാന്നിധ്യം പരമപ്രധാനമാണ്. 85-ാം വയസില്‍ യാദൃശ്ചികമായി ഈ രംഗത്തെത്തിയ കുഞ്ഞിക്കണ്ണന്‍ മഡിയന്‍ നായരച്ചന്‍ അതിവേഗം ക്ഷേത്രത്തിലെ ആചാരാനുഷ്ഠാനങ്ങളുടെ അടയാളമായി മാറി. പാരമ്പര്യത്തിന്റെയും ആചാരശുദ്ധിയൂടെയും പ്രതീകമായിരുന്നു ഇദ്ദേഹമെന്ന് ക്ഷേത്രത്തിലെ മഡിയന്‍ കുറുപ്പിന്റെ ചുമതലകള്‍ നിര്‍വഹിക്കുന്ന ഉണ്ണി പാലത്തിങ്കാല്‍ അനുസ്മരിച്ചു.

മൂന്ന് പതിറ്റാണ്ടിന്റെ ഇടവേളയ്ക്ക് ശേഷം ക്ഷേത്രത്തില്‍ നടന്നു വരുന്ന നവീകരണ പ്രവര്‍ത്തനങ്ങളുടെയും നേതൃനിരയിലു ണ്ടായിരുന്നു. സ്വര്‍ണക്കരയുള്ള മുണ്ടും മേല്‍മുണ്ടും അണിഞ്ഞ് ആചാരവേഷമായ മേപ്പൊടയും കച്ചും ചുരികയും ധരിച്ച് സ്ഥായീഭാവമായ പുഞ്ചിരിയുമായി നില്‍ക്കുന്ന മഡിയന്‍ നായരച്ചന്റെ തേജോരൂപം എട്ടര വര്‍ഷം കൊണ്ട് മഡിയന്‍ കൂലോം ക്ഷേത്രവിശ്വാസികളുടെയും നാട്ടുകാരുടെയും മനസില്‍ പതിഞ്ഞതാണ്. അതിനാല്‍ തന്നെ ഇദ്ദേഹത്തിന്റെ നിര്യാണ വിവരമറിഞ്ഞ് ജാതിമത ഭേദമന്യേ ആയിരങ്ങളാണ് വെള്ളിക്കോത്ത് മലൂര്‍ തറവാടിന്റെ തിരുമുറ്റത്തെത്തി ഇദ്ദേഹത്തിന് ആദരാഞ്ജലിയര്‍പ്പിച്ചത്. ക്ഷേത്രം പാരമ്പര്യട്രസ്റ്റി എന്‍.വി.കുഞ്ഞിക്കൃഷ്ണന്‍ മൂലച്ചേരി നായരച്ചന്‍, രാജ്മോഹന്‍ ഉണ്ണിത്താന്‍ എംപി, മുന്‍ മന്ത്രി ഇ.ചന്ദ്രശേഖരന്‍ എംഎല്‍എ, മലബാര്‍ ദേവസ്വം ബോര്‍ഡ് കാസര്‍കോട് ഏരിയാ കമ്മിറ്റി ചെയര്‍മാന്‍ കെ.വി. സുരേന്ദ്രന്‍, അജാനൂര്‍ പഞ്ചായത്ത് പ്രസിഡന്റ് ടി.ശോഭ, വൈസ് പ്രസിഡന്റ് കെ. സബീഷ്, ക്ഷേമകാര്യ സ്റ്റാന്റിങ് കമ്മിറ്റി ചെയര്‍മാന്‍ കെ.കൃഷ്ണന്‍ മാസ്റ്റര്‍, മഡിയന്‍കൂലോം ട്രസ്റ്റി ബോര്‍ഡ് ചെയര്‍മാന്‍ വി.എം.ജയദേവന്‍ നായര്‍, ട്രസ്റ്റി ബോര്‍ഡ് അംഗങ്ങള്‍, മഡിയന്‍കൂലോം നവീകരണ കമ്മിറ്റി ചെയര്‍മാന്‍ കെ. വേണുഗോപാലന്‍ നമ്പ്യാര്‍, ക്ഷേത്രം എക്സിക്യൂട്ടീവ് ഓഫീസര്‍ പി.വിജയന്‍, വിവിധ ക്ഷേത്രങ്ങള്‍, ദേവസ്ഥാനങ്ങള്‍, സമുദായസ്ഥാനങ്ങള്‍, തറവാടുകള്‍ എന്നിവിടങ്ങളിലെ ആചാരസ്ഥാനികര്‍, ഭരണസമിതി ഭാരവാഹികള്‍, വിവിധ സമുദായനേതാക്കള്‍, വിവിധ രാഷ്ട്രീയ പാര്‍ട്ടി നേതാക്കള്‍, സംഘടനാ നേതാക്കള്‍ തുടങ്ങിയവര്‍ ആദരാഞ്ജലിയര്‍പ്പിച്ചു.

മഡിയന്‍ കുറുപ്പിന്റെ കാര്‍മികത്വത്തില്‍ പാരമ്പര്യവിശുദ്ധിയാര്‍ന്ന വേറിട്ട ചടങ്ങുകളോടെ അന്ത്യോപചാര കര്‍മങ്ങള്‍ നടത്തി. ഭസ്മം, ചന്ദനം, കുങ്കുമം എന്നിവയാല്‍ നൂറ്റിയൊന്ന് കുറികള്‍ അണിയിച്ച് ആചാരവസ്ത്രങ്ങളും ചുരികയും ധരിപ്പിച്ച് കര്‍മങ്ങള്‍ പൂര്‍ത്തിയാക്കി. മഡിയന്‍ നായരച്ചന്റെ അനുജനും നിലവില്‍ ബേളൂര്‍ മലൂര്‍ തറവാട്ടിലെ മുതിര്‍ന്ന അംഗവുമായ കാഞ്ഞങ്ങാട് ദുര്‍ഗാ ഹയര്‍സെക്കന്‍ഡറി സ്‌കൂള്‍ റിട്ട. അധ്യാപകന്‍ വി.എം.അമ്പു നായര്‍ പാരമ്പര്യ രീതിയില്‍ ചുരിക കയ്യിലേന്തി മഡിയന്‍ കുറുപ്പിന് കൈമാറി. ചടങ്ങുകള്‍ പൂര്‍ത്തിയായതോടെ മൃതദേഹം വന്‍ജനാവലിയുടെ സാന്നിധ്യത്തില്‍ വെള്ളിക്കോത്ത് മലൂര്‍ തറവാട് വളപ്പില്‍ സംസ്‌കരിച്ചു. പുതിയ മഡിയന്‍ നായരച്ചന്‍ അവകാശി ആചാരം കൊള്ളുന്നത് വരെ ചുരിക മഡിയന്‍ കുറുപ്പിന്റെ ഭവനത്തില്‍ സൂക്ഷിക്കും. നീലേശ്വരം രാജവംശത്തിന്റെ ഭരണകാലം മുതല്‍ തുടര്‍ന്നു വരുന്ന ആചാരാനുഷ്ഠാനങ്ങളാണിത്. മരണാനന്തര കര്‍മങ്ങള്‍ പൂര്‍ത്തിയാകുന്നതോടെയാണ് പുതിയ മഡിയന്‍ നായരച്ചന്റെ സ്ഥാനാരോഹണം സംബന്ധിച്ച ആലോചനകള്‍തുടങ്ങുക.

error: Content is protected !!