മനുഷ്യനെ കണ്ടെത്തിയ ശ്രേഷ്ഠകവിയാണ് വയലാര്‍: രാജ് മോഹന്‍ ഉണ്ണിത്താന്‍ എം പി; ക്രിയേറ്റീവ് കാഞ്ഞങ്ങാട് നടത്തിയ വയലാര്‍ അനുസ്മരണവും വയലാര്‍ കവിതാ പുരസ്‌കാര സമര്‍പ്പണവും പ്രൗഢമായി

കാഞ്ഞങ്ങാട് : മനുഷ്യനെ കണ്ടെത്തിയ ശ്രേഷ്ഠകവിയാണ് വയലാര്‍ എന്നും മനുഷ്യനും ദൈവവും ഒന്നാണെന്ന് എല്ലാ കാലത്തും നമ്മെ ബോധ്യപ്പെടുത്തിയ നിസ്തുലകവിതകളുടെ ഉടമയാണ് വയലാര്‍ എന്നും രാജ്‌മോഹന്‍ ഉണ്ണിത്താന്‍ പറഞ്ഞു.ക്രിയേറ്റീവ് കാഞ്ഞങ്ങാട് സംഘടിപ്പിച്ച അന്‍പതാമത് വയലാര്‍ സ്മൃതി ദിനത്തില്‍ അനുസ്മരണഭാഷണം നടത്തുകയായിരുന്നു അദ്ദേഹം.മലയാള സിനിമാശാഖയ്ക്ക് ചന്ദ്രകളഭം ചാര്‍ത്തിയ വയലാര്‍ ഓരോ മനുഷ്യനേയും ഇനിയൊരു ജന്മം കൂടി ജനിക്കാന്‍ പ്രേരിപ്പിച്ച കാവ്യപുരുഷനാണ്.ചക്കരപ്പന്തലില്‍ തേന്മഴ ചൊരിയുന്ന കവിതകള്‍ സമ്മാനിച്ച ശ്രേഷ്ഠകവി മലയാളഭാഷയുടെ സൗന്ദര്യമാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
മലയാളത്തിന്റെ അനശ്വര കവി വയലാര്‍ രാമവര്‍മ്മയുടെ 50 മത് സ്മൃതിദിനം കാഞ്ഞങ്ങാട്ടെ കലാ സാംസ്‌കാരിക വേദിയായ ക്രിയേറ്റീവ് കാഞ്ഞങ്ങാട് നടത്തിയ വയലാര്‍ അനുസ്മരണവും വയലാര്‍ കവിതാ പുരസ്‌കാര സമര്‍പ്പണ ചടങ്ങും വേറിട്ട പരിപാടികളാല്‍ ശ്രദ്ധേയമായി. ഹോസ്ദുര്‍ഗ് സര്‍വ്വീസ് സഹകരണ ബാങ്ക് ഹാളില്‍ നടന്ന പരിപാടികള്‍ കാസര്‍ഗോട് പാര്‍ലിമെന്റ് അംഗം രാജ്‌മോഹന്‍ ഉണ്ണിത്താന്‍ ഉല്‍ഘാടനം ചെയ്ത വയലാര്‍ അനുസ്മരണ പ്രഭാഷണം നടത്തി. ക്രിയേറ്റീവ് പ്രസിഡന്റ് സുകുമാര്‍ ആശീര്‍വാദ് അദ്ധ്യക്ഷനായി.  ക്രിയേറ്റീവ് സെക്രട്ടറി വിനോദ് ആവിക്കര സ്വാഗതം പറഞ്ഞു. ഡോ: പി.മഞ്ജുള വയലാര്‍ കവിതാ പുരസ്‌കാര ജേതാവിനെ പരിചയപ്പെടുത്തി. വയലാര്‍ കവിതാ രചനാ മല്‍സരത്തില്‍ വിജയം നേടിയ വെള്ളിക്കോത്ത് മഹാകവി പി സ്മാരക ഗവ: വൊക്കേഷണല്‍ ഹയര്‍ സെക്കണ്ടറി വിദ്യാലയത്തിലെ ശിവദ കൂക്കളിന് കോഴിക്കോട്-കണ്ണൂര്‍ യൂണിവേഴ്‌സിറ്റി മുന്‍ വൈസ് ചാന്‍സിലറും ക്രിയേറ്റിവിന്റെ രക്ഷാധികാരിയുമായ ഡോ:ഖാദര്‍ മാങ്ങാട് വയലാര്‍ പുരസ്‌കാരം സമര്‍പ്പിച്ചു.
വയലാര്‍ കവിതാ മല്‍സരത്തില്‍ രണ്ടും മൂന്നും സമ്മാനങ്ങള്‍ ലഭിച്ച ഗവ:എച്ച് എസ് എസ് ബല്ല ഈസ്റ്റിലെ തന്മയ മേലത്ത്, കൊളത്തൂര്‍ ഗവ.എച്ച് എസ് എസിലെ ടി.നിവേദ്യ എന്നിവരെയും ഡോ: ഖാദര്‍ മാങ്ങാട് അനുമോദിച്ചു. ക്രിയേറ്റീവ് കാഞ്ഞങ്ങാടന്റെ പുതിയ അംഗങ്ങള്‍ക്കായി ഏര്‍പ്പെടുത്തിയ മെമ്പര്‍ഷിപ്പ് ക്യാമ്പായില്‍ അംഗത്വ വിതരണം പ്രശസ്ത ഗായകനും സംഗീത സംവിധായകനും ക്രിയേറ്റീവിന്റെ ഉപദേഷ്ടാവുമായ സംഗീത രത്‌നം ഡോ:കാഞ്ഞങ്ങാട് രാമചന്ദ്രന്‍ ശ്രീമതി കുമാരി നമ്പ്യാര്‍,ശ്രീമതി മല്ലിക രാജന്‍ എന്നിവര്‍ക്ക് നല്‍കി നിര്‍വ്വഹിച്ചു. എഴുത്തുകാരന്‍ സുകുമാരന്‍ പെരിയച്ചൂര്‍, എ.ഹമീദ് ഹാജി,(ക്രിയേറ്റീവ് എക്‌സിക്യൂട്ടിവ് അംഗം )കാഞ്ഞങ്ങാട് പ്രസ് ഫോറം പ്രസിഡണ്ട് ഫസലു റഹിമാന്‍,മാധ്യമ പ്രവര്‍ത്തകരായ ടി.മുഹമ്മദ് അസ്ലാം,ഇ.വി.ജയകൃഷ്ണന്‍ എന്നിവര്‍ സംസാരിച്ചു. ക്രിയേറ്റീവ് ട്രഷറര്‍ സത്താര്‍ ആവിക്കര നന്ദി പറഞ്ഞു. വയലാര്‍ ഗാനങ്ങള്‍ ആസ്പദമാക്കി ആനന്ദാശ്രമം കുടുംബാരോഗ്യ കേന്ദ്രത്തിലെ ഡോ: കെ.വിദ്യ അവതരിപ്പിച്ച നൃത്താവിഷ്‌കാരം ആസ്വാദക മനസിനെ വിസ്മയിപ്പിച്ചു. തുടര്‍ന്ന് പ്രശസ്ത ഗായകന്‍ എ.എം.അശോക് കുമാറിന്റെ നേതൃത്വത്തില്‍ അരങ്ങേറിയ വയലാര്‍ സ്മൃതി ഗീതങ്ങളും ഏറെശ്രദ്ധേയമായി.

 

error: Content is protected !!