ജില്ലാ സ്‌കൂള്‍ കലോത്സവം : മൊഗ്രാല്‍ സ്‌കൂളില്‍; തീയതി പിന്നീട് നിശ്ചയിക്കും

നീലേശ്വരം: ഈ വര്‍ഷത്തെ കാസര്‍കോട് റവന്യൂ ജില്ലാസ്‌കൂള്‍ കലോത്സവം മൊഗ്രാല്‍ ഗവ. ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ നടക്കും. കലോത്സവം നടത്താന്‍ തങ്ങള്‍ തയ്യാറാണെന്ന് കാണിച്ച് മൊഗ്രാല്‍ ഗവണ്‍മെന്റ് ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ വിദ്യാഭ്യാസ വകുപ്പിന് കത്ത് നല്‍കി.ബന്ധപ്പെട്ട അധ്യാപക സംഘടനകളുടെ യോഗം വിളിച്ചുചേര്‍ത്ത് ഇക്കാര്യത്തില്‍ അന്തിമ തീരുമാനമെടുക്കുമെന്ന് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ബേബി ബാലകൃഷ്ണന്‍ ദി ടൈംസ് ഓഫ് നോര്‍ത്തിനോട് പറഞ്ഞു. ഡിസംബര്‍ അവസാനം നടക്കേണ്ട സ്‌കൂള്‍ കലോത്സവം ഏറ്റെടുക്കാന്‍ മിക്ക സ്‌കൂളുകളും മടിച്ചു നിന്നതോടെ ജില്ലാ പഞ്ചായത്തും വിദ്യാഭ്യാസ വകുപ്പും ഏറെ ആശങ്കയിലായപ്പോഴാണ് മൊഗ്രാല്‍ കലോത്സവം ഏറ്റെടുക്കാന്‍ തയ്യാറായത്.

കഴിഞ്ഞ തവണ കാഞ്ഞങ്ങാട് വിദ്യാഭ്യാസ ജില്ലയിലെ ഉദിനൂരില്‍ നടത്തിയതിനാല്‍ ഇത്തവണ കലോത്സവം നടത്തേണ്ടത് കാസര്‍കോട് വിദ്യാഭ്യാസ ജില്ലയാണ് . കുണ്ടംകുഴി സ്‌കൂളില്‍ കല്യാത്സവം നടത്താനാണ് ആദ്യം ധാരണയായത്. എന്നാല്‍ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ നടക്കുന്നതിനാല്‍ കുണ്ടംകുഴി സ്‌കൂള്‍ ജില്ലാ കലോത്സവ നടത്തിപ്പില്‍ നിന്നും പിന്മാറി.സിപിഎം ശക്തി കേന്ദ്രമായ കുണ്ടംകുഴിയില്‍ തദ്ദേശ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട ധാരാളം ഉത്തരവാദിത്തവും നേതാക്കള്‍ക്കുണ്ടാവുമെന്നതിനാലാണ് കലോത്സവം നടത്തിപ്പില്‍ നിന്നും കുണ്ടംകുഴി പിന്മാറിയത്. ഇതേതുടര്‍ന്ന് ചട്ടഞ്ചാല്‍ ഹയര്‍സെക്കണ്ടറിയും, നായന്‍മാര്‍മൂല ഹയര്‍സെക്കണ്ടറിയും പരിഗണിക്കപ്പെട്ടുവെങ്കിലും രണ്ട് വിദ്യാലയങ്ങളും ജില്ലാ സ്‌കൂള്‍ കലോത്സവം ഏറ്റെടുക്കാന്‍ വിസമ്മതിച്ചു. തദ്ദേശ തെരഞ്ഞെടുപ്പ് നവംബര്‍ അവസാനമോ ഡിസംബര്‍ ആദ്യമോ ഉണ്ടാകാന്‍ സാധ്യത ഉള്ളതുകൊണ്ടാണ് പല സ്‌കൂളുകളും കലോത്സവത്തില്‍ നിന്നും വിട്ടുനില്‍ക്കാന്‍ കാരണം.എന്നാല്‍ ഒടുവില്‍ വലിയ ചിലവുകള്‍ വരുന്ന ജില്ലാ സ്‌കൂള്‍ കലോത്സവം നാടിന്റെ ഉത്സവമായി മാറുന്ന തിനാല്‍ ധനശേഖരണത്തിന് വലിയ ബുദ്ധിമുട്ടുണ്ടാവില്ലെങ്കിലും തെരഞ്ഞെടുപ്പ് കാലത്ത് ധനസമാഹരണം അത്ര എളുപ്പമാവില്ല.അതാണ് മിക്ക സ്‌കൂളുകളെയും കലോത്സവ നടത്തിപ്പില്‍ നിന്നും പിന്നോട്ട് വലിക്കാന്‍ കാരണം. റവന്യൂ ജില്ലാ സ്‌കൂള്‍ കായികമേളക്കും ഇതേ ഗതികേടാണ് ഉണ്ടായിരുന്നത്. ബാനം സ്‌കൂളിന്റെ തലയില്‍ കെട്ടിവെച്ച കായികമേള ബാനം സ്‌കൂള്‍ നാട്ടുകാരുടെ പിന്തുണയോടെ വന്‍ വിജയമാക്കുകയായിരുന്നു.

error: Content is protected !!