പ്രഭാകരന് കാഞ്ഞങ്ങാട്
പൊടവടുക്കം (ഇരിയ): ഭക്തി നിര്‍ഭരമായ ചടങ്ങുകളോടെ പൊലിയന്ദ്രം പൂജയ്ക്കുള്ള പാല നാട്ടല്‍ ചടങ്ങ് നടന്നു. ഇരിയ പൊടവടുക്കം ശ്രീ ധര്‍മ്മശാസ്താ ക്ഷേത്രത്തിലാണ് പരമ്പരാഗത ആചാരനുഷ്ഠാനങ്ങളോടെ മഹാബലിയെന്ന അദൃശ്യ ശക്തിയുടെ സങ്കല്പത്തില് കൂറ്റന്‍ പാലമരം വാദ്യമേളങ്ങളോടെ എഴുന്നള്ളിച്ചുകൊണ്ടുവന്ന് ക്ഷേത്രത്തിന് സമീപത്തെ വയലില്‍ നാട്ടുന്ന ചടങ്ങോടെ പൊലിയന്ദ്രം ആഘോഷത്തിന് തുടക്കമിട്ടു. ഇന്നലെ സന്ധ്യാനേരത്ത് ഇരുപത്തിയൊന്ന് ദീപങ്ങള്‍ പാലമരത്തില്‍ കൊളുത്തി പൊടവടുക്കം ഗ്രാമമാകെ ബലിരാജാവിന് അരിയെറിഞ്ഞ് പൊലിയന്ദ്രം പൊലിയന്ദ്രം ഹരിയോ ഹരി എന്ന് മൂന്ന് വട്ടം പൊലിവിളിച്ച് ആദരിച്ച് സ്വീകരിക്കുന്നു. തിരുവോണ നാളില്‍ തന്റെ പ്രജകളെ കാണാന്‍ മാവേലിമന്നന് എഴുന്നളളുന്നുവെന്ന പുരാസങ്കല്പ്പം പോലെ മറ്റൊരാഘോഷമാവുകയാണ് ദീപാവലി നാളിലെ പൊലിയന്ദ്രം എന്ന ബലീന്ദ്രപൂജ. പണ്ടുകാലത്തെ ഐതിഹ്യ കഥയില്‍ നിന്ന് വിഭിന്നമായി ഒരാഘോഷത്തിന്റെ പാരമ്പര്യമുണ്ടായിരുന്നു പഴയ തുളുനാട്ടിലെന്ന അപൂര്‍വ്വത തുലാമാസത്തിലെ ഓണാഘോഷത്തെക്കുറിച്ചുളള കഥകളിലേക്ക് വഴികാട്ടുന്നു. അസുരരാജാവായിരുന്ന മഹാബലിയെ അരിയിട്ട് വാഴിക്കുന്ന പൊലിയന്ദ്രം എന്ന ആഘോഷ രീതിയാണ് കാസര്‍കോട് ജില്ലയില്‍ ഇന്നും കൊണ്ടാടുന്നത്. തുലാം മാസത്തിലെ വാവുതൊട്ടുളള മൂന്ന് ദിവസങ്ങള്‍ കാസര്‍കോട്ടെ കീഴൂരും , കാഞ്ഞങ്ങാട്ടെ പൊടവടുക്കത്തും ജില്ലയിലെ തുളുഭാഷ സ്വാധീനമുളള പ്രദേശങ്ങളിലും പൊലിയന്ദ്രം ആഘോഷപൂര്‍വ്വം കൊണ്ടാടുന്നു. പണ്ഡിതനും പാമരനുമെന്ന വ്യത്യാസമില്ലാതെ ആബാലവൃദ്ധം ജനങ്ങളും ഈ ആഘോഷത്തില്‍ പങ്കുചേരുന്നു. തങ്ങള്‍ നൂറ്റാണ്ടുകളായി തുലാമാസത്തില്‍ പൊലിയന്ദ്രം വിളിച്ച് പൂജിക്കുന്നത് മഹാബലി ചക്രവര്ത്തിയെയാണെന്ന് മലയാളികളായ നമ്മള് അറിഞ്ഞില്ല എന്നതും രസകരമാണ്. ജില്ലയിലെ വടക്കന്‍ പ്രദേശങ്ങളിലെ ജനതയ്ക്ക് ഇത് അറിയാം. പൊലിയന്ദ്രം വിളി എന്ന പേരിലാണ് കേരളത്തില്‍ അറിയപ്പെടുന്നത്. പൊലിയുക എന്നതിനര്‍ത്ഥം ഐശ്വര്യമുണ്ടാവുക എന്നാണ്. കൊയ്ത്തുകഴിഞ്ഞ വയലുകളില്‍ നടത്തുന്നതിനാല്‍ ഒരു ഊര്‍വ്വരത അനുഷ്ഠാനമായാണ് കര്‍ഷക ജനത ഈ ആഘോഷത്തെ കാണുന്നത്. മഹാബലിയെന്ന അദൃശ്യ ശക്തിയുടെ സങ്കല്‍പ്പത്തില്‍ ആര്‍പ്പുവിളികളോടെ കൂറ്റന്‍ പാലമരം എഴുന്നളളിച്ചുകൊണ്ടുവരുന്ന ചടങ്ങോടെയാണ് ആഘോഷങ്ങള്‍ക്ക് തുടക്കമാവുന്നത്. ജില്ലയിലെ തൃക്കരിപ്പൂര്‍ മുതല്‍ കര്‍ണ്ണാടകത്തിലെ കുന്താപുരം വരെയുളള തുളുനാട്ടില്‍ ഈ ആചാരം നടത്തപ്പെടുന്നുണ്ട്. ദീപാവലി ദിവസമാണ് പൊലിയന്ദ്രം ചടങ്ങ് നടത്തുന്നത്. കര്‍ണ്ണാടകത്തിലെ ജനങ്ങള്‍ ഇപ്പോളും ബലീന്ദ്രാ എന്നാണ് വിളിക്കുന്നത്. പരിഷ്കൃത സമൂഹത്തില്‍ നിന്ന് ഈ ആചാരം ചിലയിടങ്ങളിലെ വീടുകളില്‍ നിന്നും അപ്രത്യക്ഷമായിക്കൊണ്ടിരിക്കുകയാണ്. വരാഹമിഹിരന്റെ ബൃഹത് സംഹിതയില്‍ ദൈവ പ്രതിമാനിര്‍മ്മാണത്തെക്കുറിച്ച് പറയുന്നിടത്ത് വളരെ പ്രാധാന്യത്തോടെയാണ് ബലിയുടെ പ്രതിമകളെക്കുറിച്ച് പറയുന്നത്. ജില്ലയിലെ വടക്കന്‍ പ്രദേശത്ത് കന്നഡികര്‍ താമസിക്കുന്ന സ്ഥലങ്ങളില്‍ വീടുകളില്‍ പൊലിയന്ത്രം ചടങ്ങിനോടൊപ്പം ബലീന്ദ്ര സന്ധി എന്ന നാടന്‍ പാട്ടും പാടാറുണ്ട്. ‘ ബലി മഹാരാജാവെ , അങ്ങയുടെയാണ് ഞങ്ങള്‍ ജീവിക്കുന്ന ഈ നാട്. ഏഴു കടലുകളും കടന്ന് അങ്ങ് വന്നാലും ഞങ്ങളുടെ സല്‍ക്കാരം സ്വീകരിച്ചാലും. എന്ന് സ്തുതിച്ചാണ് പാട്ടവതരിപ്പിക്കുന്നത്. പാലമരത്തിന്റെ ശിഖരങ്ങള്‍ വെട്ടിയെടുത്ത് ചിരട്ടയില്‍ തിരികത്തിച്ചുവെച്ച് അരിയെറിഞ്ഞാണ് ദീപാവലി നാളില്‍ മഹാബലി രാജാവിനെ സ്തുതിച്ചു പാടുന്നത്. ചിലയിടങ്ങളില്‍ പൊലിയന്ദ്രംവിളിച്ചും കന്നഡികര്‍ക്കിടയില്‍ കൂ എന്നു വിളിച്ചുമാണ് സ്തുതിക്കുന്നത്. മൂന്നാം ദിവസം സമാപനത്തില്‍ മേപ്പട്ടു കാലത്ത് നേരത്തെ വരണമെന്ന് മലയാളികള്‍ക്കിടയിലും ,തുളുഭാഷക്കാര്ക്കിടയില് ‘ പൊസവര്ഷട്ട് ബേക്ക ബല്ല ( പുതിയ വര്‍ഷത്തില്‍ വേഗം വരൂ രാജാവേ) എന്നുമാണ് പറയുന്നത്. കീഴൂര്‍ ശ്രീ ധര്‍മ്മശാസ്താ ക്ഷേത്രത്തിലും ഇരിയ പൊടവടുക്കത്തെ ധര്‍മ്മശാസ്താ ക്ഷേത്രത്തിലുമാണ് ജില്ലയില്‍ ബലീന്ദ്രപൂജയും പാലക്കൊമ്പുനാട്ടല് ചടങ്ങും നടക്കുന്നത്. ഈ വര്‍ഷത്തെ പാലമരം പൊടവടുക്കം വേങ്ങയില്‍ മൂലയില്‍ തറവാട്ടില്‍ നിന്നാണ് ക്ഷേത്രത്തിലേക്ക് കൊണ്ടുപോയത്. കൂറ്റന്‍ പാലമരം മിനുക്കിയെടുത്തശേഷം ആര്‍പ്പു വിളികളോടുകൂടി തോളില്‍ ചുമന്നാണ് ക്ഷേത്രത്തിനടുത്ത വയലിലെത്തിച്ചത്. വലിയ മുളയേണിവെച്ച് സന്ധ്യയോടെ പാലമരത്തിനു മുകളിലെ തിരികള്‍ തെളിയിക്കുന്ന ചടങ്ങും നടന്നു. പൊടവടുക്കം ശ്രീ ധര്‍മ്മ ശാസ്താ ക്ഷേത്രഭാരവാഹികള്‍, ക്ഷേത്രം ആചാരക്കാര്‍, നാട്ടുകാരും ഉള്‍പ്പെടെ വന്‍ ജനാവലി തന്നെ ചടങ്ങുകള്‍ക്ക് സാക്ഷ്യം വഹിക്കാന്‍ ക്ഷേത്രത്തിലെത്തിയിരുന്നു. ഇതിനുശേഷം വീടുകളിലും പൊലിയന്ദ്രം വിളികള്‍ മുഴങ്ങി. തമിഴ്നാട്ടില്‍ കൊണ്ടാടുന്ന ‘ ചൊക്കപ്പനൈ ‘ എന്ന ആഘോഷത്തിന് ഇതുമായി ബന്ധമുണ്ടെന്ന് ഈ ആഘോഷത്തെക്കുറിച്ച് നടത്തിയ ഗവേഷണങ്ങള്‍ വെളിപ്പെടുത്തുന്നു. പൊലിയന്ദ്രം ചടങ്ങ് നടക്കുന്ന ദിവസത്തെ കടലാട്ടു വാവിനും സവിശേഷ പ്രാധാന്യമുണ്ട്. പിതൃക്കളെ സ്വീകരിച്ച് ആദരിക്കുന്ന ദിവസമായും മലയാളക്കര മുഴുവന്‍ ഇതിനെ കാണുന്നു. മലയാളം വാണ രാജാവിന്റെ ഓര്‍മ്മ പുതുക്കാന്‍ മലയാളികള്‍ക്ക് ലഭിച്ച്ത് രണ്ട് ആഘോഷങ്ങളാണ് . പഴമക്കാരായ മലയാളികള്‍ക്കിടയില്‍ ‘ പൊലീന്ദ്രന്റെ വാഴ്ചപോലെ മൂന്നേ മുക്കാല്‍ നാഴിക’ എന്ന ഒരു ചൊല്ലു തന്നെയുണ്ട്. ഐശ്വര്യങ്ങളും അഹംഭാവങ്ങളും അധികകാലം നീണ്ടു നില്‍ക്കില്ല എന്ന സൂചനയാണ് ഈ ചൊല്ല് സമൂഹത്തിന് നല്‍കുന്നത്. ആഘോഷങ്ങളുടെ വൈവിദ്ധ്യവുമായി തുളുനാടെന്നറിയപ്പെടുന്ന കാസര്‍കോട ജില്ല വേറിട്ട്നില്ക്കുന്നു.
