നീലേശ്വരം :റവന്യൂ ജില്ലാ കായികമേള അവസനിപ്പിച്ചപ്പോള് സ്കൂള്‍തല ഓവറോള്പ്പട്ടം വീണ്ടും ദുര്‍ഗയിലേക്ക് എത്തിച്ച്
ദുര്‍ഗയിലെ കായിക ടീം. വര്‍ഷങ്ങളോളം കുത്തകയായി വച്ചിരുന്നു സ്കൂള്‍തല ഓവറോള്‍ കിരീടം. 31 വര്‍ഷം മുമ്പാണ്
കാഞ്ഞങ്ങാട് ദുര്‍ഗ ഹയര്‍ സെക്കന്‍ഡറി സ്കൂളില്‍ എത്തിയത്. എന്നാല്‍ 11 വര്‍ഷം മുന്‍പ് ഇതു കൈവിട്ടു. 2014 ലായിരുന്നു ആ പിന്മടക്കം പിന്നീട് ഓരോ വര്‍ഷവും ട്രോഫി തിരികെ പിടിക്കാനുള്ള ശ്രമമായിരുന്നു ദുര്‍ഗയിലെ കായിക ടീം. കഴിഞ്ഞ വര്‍ഷം അതു സാധിച്ചെടുത്തു. ഒരു പതിറ്റാണ്ടിനു ശേഷം കപ്പ് തിരിച്ചെടുത്ത് ‘ദുര്‍ഗ’ തലയുയര്‍ത്തി. ഇത്തവണയും തല ഉയര്‍ത്തിത്തന്നെ നിന്നു. ഓവറോള്‍ പട്ടം നേടി ‘ദുര്‍ഗ’യുടെ കായികതാരങ്ങള്‍ വിജയകൃഷ്ണന് മാഷിന് ഗുരുദക്ഷിണയായി അതു സമര്‍പ്പിച്ചു. 29 വര്‍ഷമായി ഈ സ്കൂളിലെ കായിക അധ്യാപകനാണ് കെ.വിജയകൃഷ്ണന്. ഈ വര്‍ഷം അദ്ദേഹം വിരമിക്കുകയാണ്. സംസ്ഥാന-ദേശീയ തലത്തിലേക്ക് കായിക താരങ്ങളെ വാര്‍ത്തെടുത്ത പ്രിയപ്പെട്ട അധ്യാപകനെ കുട്ടികള്‍ ചേര്‍ത്തുപിടിച്ച് ആര്‍പ്പുവിളിച്ചു.44 വിദ്യാര്‍ഥികളാണ് ദുര്‍ഗ സ്കൂളിനുവേണ്ടി മത്സരിച്ചത്. 100,200,400,800,1500 മീറ്റര്‍ ഓട്ട ഇനങ്ങളിലും ഷോര്ട്പൂട്ട്, ഡിസ്കസ്ത്രോ, ഹാമര്‍ത്രോ, ജാവിലിന്‍ ത്രോ, ഹൈജംപ്, ലോങ് ജംപ്,ട്രിപ്പിള്‍ ജംപ് എന്നി ഫീല്‍ഡ് ഇനങ്ങളിലുമാണ് ദുര്‍ഗയുടെ താരങ്ങള്‍ വിജയം കൊയ്തത്. പത്താംക്ലാസുകാരി എസ്.കെ.ശ്രീലഷ്മിയും പതിനൊന്നാം ക്ലാസുകാരി ഹുസ്ന ഫാത്തിമയും 15 പോയിന്റുവീതം നേടി ദുര്‍ഗയ്ക്കു കരുത്തേകി. ദിവസങ്ങള്‍ക്ക് മുന്‍പ് നടന്ന ഗെയിംസ് ഇനത്തില്‍ ഗുസ്തി, ബോക്സിക്, തയ്ക്കന്ഡോ ഇനങ്ങളില്‍ ഓവറോള്‍ ചാമ്പ്യന്‍പട്ടവും നേടി. കഴിഞ്ഞ അഞ്ചരമാസമായി രാവിലെ 6.30 മുതല്‍ 8.45 വരെയും വൈകീട്ട് 4.15 മുതല്‍ 6.15 വരെയുമുള്ള പരിശീലനം സ്കൂള്‍ ഗ്രൗണ്ടില്‍ നടന്നു. വിജയകൃഷ്ണന് മാഷിനൊപ്പം താരങ്ങളെ പരിശീലിപ്പിക്കാന്‍ കായിക അധ്യാപിക എം.കെ. റീനാകുമാരിയുമുണ്ട്. ജയന് വെള്ളിക്കോത്ത് ആണ് സ്പോര്‍ട്സ് കമ്മിറ്റി കോര്‍ഡിനേറ്റര്‍. സമാപനച്ചടങ്ങില്‍ എഎസ്പി ഡോ.എം.നന്ദകുമാറില്‍ നിന്നു ഓവറോള്‍ ചാമ്പ്യന്‍ കപ്പ് ഏറ്റുവാങ്ങി. പിടിഎ പ്രസിഡന്റ് ഇ.വി.ജയകൃഷ്ണന്, പ്രിന്‍സിപ്പല്‍ ഡോ.എന്‍.വേണുനാഥന്, പ്രഥമധ്യാപിക പി.സുമ, കായിക അധ്യാപകരായ കെ.വിജയകൃഷ്ണന്, എം.കെ.റീനാകുമാരി, സ്റ്റാഫ് സെക്രട്ടറി കെ.വി.രാജേഷ്, സീനിയര്‍ അധ്യാപകരായ യു.ഗീത, സി.പി.ശുഭ,കെ.ശശീന്ദ്രന്, കെ.ടി.ഹരികൃഷ്ണന് എന്നിവരുംസംബന്ധിച്ചു.
