കാഞ്ഞങ്ങാട് :സംസ്ഥാനത്തിനകത്തും പുറത്തും ലക്ഷങ്ങള്ക്കാശ്വാസം പകര്‍ന്നു കൊണ്ട് സാന്ത്വന ചികിത്സയുടെ മറുനാമമായി മാറിയ സി എച്ച് സെന്റര്‍ സംവിധാനത്തിന്റെ കാഞ്ഞങ്ങാട് ഘടകത്തിനും അതിന്റെ ഭാഗമായി അഞ്ചുവര്‍ഷത്തോളമായി താത്കാലിക കെട്ടിടത്തില്‍ പ്രവര്‍ത്തിച്ചു വന്നിരുന്ന മെട്രോ മുഹമ്മദ് ഹാജി ഡയാലിസിസ് സ്കീമിനും വേണ്ടി റെയില്‍വെ സ്റ്റേഷന് പടിഞ്ഞാറ് കാഞ്ഞങ്ങാട് മുസ്ലിം യതീംഖാനക്ക് സമീപം പുതുതായി നിര്‍മ്മിച്ച ആസ്ഥാന മന്ദിരത്തിന്റെ ഉദ്ഘാടന പരിപാടികളുടെ ഒരുക്കങ്ങള്‍ പൂര്‍ത്തിയായതായി കാഞ്ഞങ്ങാട് സി എച് സെന്റര്‍ ഭാരവാഹികള്‍ പത്രസമ്മേളനത്തില്‍ അറിയിച്ചു.ഈ മാസം 20ന് വൈകിട്ട് 4മണിക്ക് മുസ്ലിം ലീഗ് സംസ്ഥാന അധ്യക്ഷന്‍ പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍ സി എച്ച് സെന്റര്‍ ആസ്ഥാന മന്ദിരം ഉദ്ഘാടനം നിര്‍വഹിക്കും.മെട്രോ മുഹമ്മദ് ഹാജി സ്മാരക ഡയാലിസിസ് സെന്റര്‍ മുസ്ലിം ലീഗ് സംസ്ഥാന ട്രഷറര്‍ സി ടി അഹമ്മദലിയും സി എച്ച് അസ്ലം സ്മാരക എക്സിക്യൂട്ടീവ് ഹാള്‍ രാജ്മോഹന്‍ ഉണ്ണിത്താന് എം പി യും പി മുഹമ്മദ് കുഞ്ഞി മാസ്റ്റര്‍ സ്മാരക കോണ്‍ഫറന്‍സ് ഹാള്‍ ജില്ലാ മുസ്ലിം ലീഗ് പ്രസിഡന്റ് കല്ലട്ര മാഹിന്‍ ഹാജിയും ഉദ്ഘാടനം ചെയ്യും.ജില്ലാ മുസ്ലിം ലീഗ് ജനറല്‍ സെക്രട്ടറി എ അബ്ദുറഹ്മാന്,ട്രെഷറര്‍ പി എം മുനീര്‍ ഹാജി എന്നിവര്‍ ഉപഹാരസമര്‍പ്പണം നിര്‍വഹിക്കും.
സി എച്ച് സെന്ററിന് സമീപം തയാറാക്കിയ സയ്യിദ് മുഹമ്മദലി ശിഹാബ് തങ്ങള്‍ നഗറില്‍ നടക്കുന്ന ഉദ്ഘാടന സമ്മേളനത്തില്‍ മുസ്ലിം ലീഗ് സംസ്ഥാന സെക്രട്ടറിയും പ്രമുഖ പ്രഭാഷകനുമായ കെ എം ഷാജി എക്സ് എം എല്‍ എ മുഖ്യ പ്രഭാഷണം നടത്തും.എം എല്‍ എ മാരായ എന്‍ എ നെല്ലിക്കുന്ന്,എ കെ എം അഷ്റഫ്,ഇ ചന്ദ്രശേഖരന്,ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ബേബി ബാലകൃഷ്ണന്,നഗരസഭ ചെയര്‍ പേഴ്സണ്‍ കെ വി സുജാത ടീച്ചര്‍,കുടുംബശ്രീ എക്സൈക്യൂട്ടീവ് ഡയരക്ടര്‍ എച് ദിനേശന് ഐ എ എസ്,ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോക്ടര്‍ രാംദാസ് എന്നിവര്‍ മുഖ്യതിഥികളാകും.ചെയര്മാന് തായല്‍ അബൂബക്കര്‍ ഹാജി അധ്യക്ഷനായിരിക്കും. ജനറല്‍ കണ്‍വീനര്‍ വണ്‍ ഫോര്‍ അബ്ദുറഹ്മാന് സ്വാഗതവും ട്രഷറര്‍ സി എച്ച്അഹമ്മദ് കുഞ്ഞി ഹാജി റിപ്പോര്‍ട്ടവതരണവും കണ്‍വീനര്‍ കെ മുഹമ്മദ് കുഞ്ഞി നന്ദിയും പറയും.വിവിധ സംഘടനാ നേതാക്കള്‍,ജനപ്രതിനിധികള്‍,സി എച്ച് സെന്റര്‍ കേന്ദ്രകമ്മിറ്റിയുടെയും പ്രവാസ ഘടകങ്ങളുടെയും നേതാക്കളും പൗരമുഖ്യരും ആശംസകള്‍ നേരും.പരിപാടിയോടാനുബന്ധിച്ച് 18 ന് രാവിലെ 10 മണിക്ക് കൊണ്ടോട്ടി ശിഹാബ് തങ്ങള്‍ ഡയാലിസിസ് സെന്റര്‍ നേതൃത്വത്തില്‍ വൃക്ക രോഗ നിര്‍ണ്ണയ ക്യാമ്പും ജീവിത ശൈലീ രോഗ പ്രതിരോധ ബോധവല്‍ക്കരണവും നടക്കും. ജില്ലാ ലീഗ് ജനറല്‍ സെക്രട്ടറി എ അബ്ദുറഹ്മാന് ഉദ്ഘാടനം ചെയ്യും.19 ന് രാവിലെ മുതല്‍ വനിതകള്‍ക്ക് സ്ഥാപനം സന്ദര്‍ശിക്കാന്‍ അവസരം നല്‍കും.രാത്രി 6.30 ന് കാഞ്ഞങ്ങാട് മണ്ഡലക്കാരായ ലോകമെങ്ങും പ്രവാസ ജീവിതം നയിക്കുന്ന കെഎംസിസി പ്രവര്‍ത്തകരും അനുഭാവികളുമായവരുടെ സംഗമം ”കാഞ്ഞങ്ങാട് മണ്ഡലം ഗ്ലോബല്‍ കെഎംസിസി മീറ്റ് ”നടക്കും.
ബഷീര്‍ വെള്ളിക്കോത്ത് നിര്‍മ്മാണവും സ്ക്രീപ്റ്റും നിര്‍വഹിച്ച് സംഗം ഷാഫി സംവിധാനം ചെയ്ത ഗ്രീന്‍വാലി ക്രീയേഷന്സിന്റെ മെട്രോ മുഹമ്മദ് ഹാജിയുടെ ഇതിഹാസ തുല്യമായ ജീവിതത്തെ പുരസ്കരിച്ചു കൊണ്ടുള്ള ”തീര്‍ത്ഥാടനം പോലെ ഒരു ജീവിതം” ഡോക്യുമെന്ററി പ്രദര്‍ശനവും സൈനുല്‍ ആബിദീന്‍ ഹുദവി ചേകന്നൂര്‍ നേതൃത്വം നല്കുന്ന ഇഷ്ഖ് മജ്ലിസും നടക്കും.ഇതിനകം ഇരുപത്തേട്ടായിരത്തോളം ഡയാലിസിസുകള്‍ സൗജന്യനിരക്കില്‍ ചെയ്തു കൊടുത്ത മെട്രോ മുഹമ്മദ് ഹാജി സ്മാരക ഡയാലിസിസ് സെന്ററിന് പ്രതിമാസം ഏഴു ലക്ഷത്തോളം രൂപ ചിലവ് വരുന്നുണ്ട്. നിലവില്‍ പത്ത് മെഷീനുകള്‍ വഴി ഓരോ പ്രതി ദിനം 20പേര്‍ക്കാണ് ഡയാലിസിസ് ചെയ്യുന്നത്. പുതിയ സംവിധാനത്തില്‍ ഇത് മുപ്പത് പേര്‍ക്കായി ഉയര്‍ത്താന്‍ കഴിയുമെന്ന് ഭാരവാഹികളറിയിച്ചു. പരിപാടിയിലുടനീളം പങ്കെടുത്ത് വിജയിപ്പിക്കണമെന്ന് അവര്‍ അഭ്യര്‍ത്ഥിച്ചു.ചെയര്മാന് തായല്‍ അബൂബക്കര്‍ ഹാജി,ജനറല്‍ കണ്‍വീനര്‍ വണ്‍ ഫോര്‍ അബ്ദുറഹ്മാന്,ട്രെഷറര്‍ സി എച്ച് അഹമദ് കുഞ്ഞി ഹാജി,ഭാരവാഹികളായ ബഷീര്‍ വെള്ളിക്കോത്ത്,മുഹമ്മദ് കുഞ്ഞി ബദരിയ ,സി മുഹമ്മദ് കുഞ്ഞി, ബഷീര്‍ ചിത്താരി ജിദ്ദ, ഗള്‍ഫ് കമ്മിറ്റി ഭാരവാഹികളായ അബ്ദുള്ള ആറങ്ങാടി, കെ കെ സുബൈര്‍ മുതലായവര്‍ പത്രസമ്മേളനത്തില്‍പങ്കെടുത്തു.
