നീലേശ്വരം : റവന്യൂ ജില്ലാ സ്കൂള്‍ കായികമേളയുടെ രണ്ടാം ദിനത്തിലും ഹോസ്ദുര്‍ഗിന്റെ തേരോട്ടം. ഇന്നലെ മത്സരങ്ങള്‍ അവസാനിച്ചപ്പോള്‍ 171 പോയിന്റാണ് ഹോസ്ദുര്‍ഗ് ഉപജില്ലക്ക്. 159 പോയിന്റോടെ കാസര്‍കോട് രണ്ടാംസ്ഥാനത്തും, 136 പോയിന്റുമായി ചെറുവത്തൂര്‍ മുന്നാം സ്ഥാനത്തും തുടരുന്നു. കഴിഞ്ഞ വര്‍ഷത്തെ ചാമ്പ്യന്മാരായ ചിറ്റാരിക്കാല്‍ 110 പോയിന്റോടെ നാലാം സ്ഥാനത്തും, 74 പോയിന്റോടെ മഞ്ചേശ്വരം അഞ്ചാം സ്ഥാനത്തുമാണ്. സ്കൂള്‍ വിഭാഗത്തില്‍ 80 പോയിന്റോടെ കാഞ്ഞങ്ങാട് ദുര്‍ഗ ഹയര്‍ സെക്കന്ററി ഒന്നാം സ്ഥാനത്തും യാഥാക്രമം 34, 32, 21 പോയിന്റുകളോടെ കുട്ടമത്ത് ജി എച്ച് എസ് എസ്, സെന്റ് ജോണ്‍സ് പാലാവയല്, ജി എച്ച് എസ് എസ് പൈവളികെ നഗര്‍ രണ്ടും മൂന്നും നാലും സ്ഥാനത്തെത്തി. രണ്ടാം ദിവസം 33 ഇനങ്ങളിലായി 605 കായിക താരങ്ങള്‍ മാറ്റുരച്ചു. മൂന്നാം ദിനമായ ഇന്ന് 25 വ്യത്യസ്ത ഇനങ്ങളില്‍ 380 കായിക താരങ്ങള്‍ മത്സരത്തിനിറങ്ങും. കടുത്ത ചൂടിനെ അവഗണിച്ചും കായിക താരങ്ങളും അധ്യാപകരും ആവേശം കൈവിടാതെ മേള സുഗമമായി മുന്നോട്ട് കൊണ്ടുപോയി. രണ്ടാം ദിവസത്തെ അവസാന ഇനമായ സീനിയര്‍ ആണ്‍കുട്ടി – പെണ്‍കുട്ടികളുടെ 3000 ഓട്ടമത്സരം തുടങ്ങുന്നതിന് മുന്‍പ് മഴയെത്തിയത് ചൂടിന് ശമനമായെങ്കിലും മത്സരാര്‍ത്ഥികള്‍ മഴ നനയേണ്ടി വന്നു. മഴ വകവെക്കാതെ താരങ്ങള്‍ മത്സരത്തിന്റെ ആവേശംനിലനിര്ത്തി.
