സംസ്ഥാന സ്‌കൂള്‍ കായികമേള : ചീഫ് മിനിസ്റ്റേഴ്‌സ് കപ്പ് നീലേശ്വരത്ത് നിന്നും പ്രയാണമാരംഭിച്ചു

നീലേശ്വരം :67-ാമത് സംസ്ഥാന സ്‌കൂള്‍ കായികമേളയിലെ ഓവറോള്‍ ചാമ്പ്യന്മാര്‍ക്ക് നല്‍കാനുള്ള ചീഫ് മിനിസ്റ്റേഴ്‌സ് സ്വര്‍ണ കപ്പിന്റെ പ്രചാരണ ഉദ്ഘാടനം വ്യാഴാഴ്ച രാവിലെ നീലേശ്വരം ഇ എം എസ് സ്റ്റേഡിയത്തില്‍ നടന്നു. കാസര്‍കോട് നിന്നും രാവിലെ ഒമ്പതോടെ കപ്പ് സ്റ്റേഡിയത്തിലെത്തി.
എം രാജഗോപാലന്‍ എം എല്‍ എ യില്‍ നിന്നും പരീക്ഷാഭവന്‍ ജോയിന്റ് കമ്മീഷണര്‍ ഡോ.ഗിരീഷ് ചോലയില്‍ കപ്പ് ഏറ്റുവാങ്ങി. ജില്ല പഞ്ചായത്ത് പ്രസിഡന്റ് പി ബേബി അധ്യക്ഷയായി. ബിജുരാജ്, ടി ആര്‍ പ്രീതി മോള്‍, ഡോ. കെ രഘുരാമഭട്ട്, അനില്‍ ബങ്കളം തുടങ്ങിയവര്‍ സംസാരിച്ചു. ഡി ഡി ഇ പി സവിത സ്വാഗതവും പി മോഹനന്‍ നന്ദിയും പറഞ്ഞു. നീലേശ്വരത്തു നിന്നും പ്രചാരണമാരംഭിച്ച് വിവിധ ജില്ലകളിലെ പ്രദര്‍ശനത്തിനു ശേഷം തിരുവനന്തപുരത്തെത്തിക്കും. സംസ്ഥാന കായിക മേളയില്‍ ഓവറോള്‍ ചാമ്പ്യന്മാരാകുന്ന ജില്ലാ ടീമിന് മുഖ്യമന്ത്രിയുടെ പേരിലുള്ള എവര്‍ റോളിങ് ട്രോഫി സമ്മാനിക്കും. 2 ലക്ഷം രൂപ ചെലവിട്ടാണ് വെങ്കല ട്രോഫി രൂപകല്‍പന ചെയ്തത്.

അതേസമയം 67-ാമത് സംസ്ഥാന സ്‌കൂള്‍ കായിക മേളയോട് അനുബന്ധിച്ച് ഏര്‍പ്പെടുത്തിയ സ്വര്‍ണ്ണക്കപ്പ് വഹിച്ചുകൊണ്ടുള്ള വിളംബര ഘോഷയാത്ര നാളെ (ഒക്ടോബര്‍ 16) രാവിലെ 8 മണിക്ക് കാഞ്ഞങ്ങാട് നിന്ന് ആരംഭിക്കും. കേരളത്തിലെ കായിക പ്രേമികളെയും വിദ്യാര്‍ത്ഥികളെയും ആവേശത്തിലാഴ്ത്തിക്കൊണ്ടാണ് കപ്പ് പ്രയാണം തുടങ്ങുന്നത്. ഈ വര്‍ഷം ആദ്യമായി ഏര്‍പ്പെടുത്തിയ സ്വര്‍ണ്ണക്കപ്പ്, ഒളിമ്പിക്സ് മാതൃകയിലാണ് സംസ്ഥാനത്ത് സ്‌കൂള്‍ കായികമേള നടക്കുന്നത്.
കായികമേള
ഒക്ടോബര്‍ 21 വൈകിട്ട് 4 ന് തിരുവന്തപുരം യൂണിവേഴ്‌സിറ്റി സ്റ്റേഡിയത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്യും. നടി കീര്‍ത്തി സുരേഷാണ് മേളയുടെ ഗുഡ്വില്‍ അംബാസഡര്‍.
മത്സരങ്ങള്‍ 12 സ്റ്റേഡിയങ്ങളില്‍ ആണ് സംഘടിപ്പിക്കുന്നത്. ഇതില്‍ പ്രധാന വേദിയായ സെന്‍ട്രല്‍ സ്റ്റേഡിയത്തില്‍ താല്‍ക്കാലിക ഇന്‍ഡോര്‍ സ്റ്റേഡിയത്തിന്റെ പണി പൂര്‍ത്തിയായി വരുന്നു.
വടംവലി ഉള്‍പ്പെടെയുള്ള 12 മത്സരങ്ങളാണ് സെന്‍ട്രല്‍ സ്റ്റേഡിയത്തില്‍ ക്രമീകരിച്ചിട്ടുള്ളത്. അതിലറ്റിക്‌സ് മത്സരങ്ങള്‍ നടക്കുന്നത് ചന്ദ്രശേഖരന്‍ നായര്‍ സ്റ്റേഡിയത്തിലാണ്.
ത്രോ ഇവന്റസ് എല്ലാം യൂണിവേഴ്‌സിറ്റി സ്റ്റേഡിയത്തിലും ആണ് നടക്കുന്നത്. എല്ലാം സ്റ്റേഡിയങ്ങള്‍ ആയതുകൊണ്ട് തന്നെ അവിടെയെല്ലാം ചെറിയ ചെറിയ മെയിന്റനന്‍സ് പണികള്‍ മാത്രമേ ഇനി ബാക്കിയുള്ളൂ. മത്സരങ്ങള്‍ നിയന്ത്രിക്കുന്നതിനുള്ള ടെക്‌നിക്കല്‍ ഒഫീഷ്യല്‍സിനെയും, സെലക്ടേഴ്‌സിനെയും വോളണ്ടിയേഴ്‌സിനെയും നിയോഗിച്ചു. മത്സരങ്ങള്‍ക്കാവശ്യമായ ഉപകരണങ്ങളുടെ പര്‍ച്ചേസ് നടപടി നടന്നുകൊണ്ടിരിക്കുന്നു. കുട്ടികളുടെയും ഒഫീഷ്യല്‍സിന്റെയും, താമസത്തിനുള്ള സൗകര്യം ഒരുക്കിയിട്ടുണ്ട്. കുട്ടികള്‍ക്ക് താമസിക്കുന്നതിനായി 70 ഓളം സ്‌കൂളുകളും അവര്‍ക്ക് സഞ്ചരിക്കുന്നതിനായി ബസ്സുകളും ക്രമീകരിച്ചിട്ടുണ്ട്.
ഭക്ഷണത്തിനായി പുത്തരിക്കണ്ടത്ത് ഉള്‍പ്പടെ 5 അടുക്കളകള്‍ സജ്ജീകരിച്ചിട്ടുണ്ട്. പ്രധാന ഭക്ഷണസ്ഥലമായ പുത്തരിക്കണ്ടം മൈതാനത്ത് ഒരേസമയം 2,500 പേര്‍ക്ക് ഇരുന്ന് കഴിക്കാന്‍ പാകത്തിന് ഭക്ഷണപ്പന്തല്‍ ഒരുക്കുന്നുണ്ട്. സമാപന സമ്മേളനവും യൂണിവേഴ്‌സിറ്റി സ്റ്റേഡിയത്തിലാണ് ക്രമീകരിച്ചിരിക്കുന്നത്. ഉദ്ഘാടനത്തിനോടനുബന്ധിച്ച് 4,500 കുട്ടികളുടെ മാര്‍ച്ച് പാസ്റ്റും 4,000 കുട്ടികളുടെ കലാപരിപാടികളും അവതരിപ്പിക്കും. ഭിന്നശേഷി കുട്ടികളുടെയും വിദേശത്തുള്ള കുട്ടികളുടെയും ഓണ്‍ലൈന്‍ എന്‍ട്രി പൂര്‍ത്തിയായി വരുന്നു. വിദേശത്തുള്ള കുട്ടികളുടെ കോര്‍ഡിനേഷന് വേണ്ടി അധ്യാപകരെ പ്രത്യേകം ചുമതലപ്പെടുത്തിയിട്ടുണ്ടെന്നും മന്ത്രിവ്യക്തമാക്കി.

error: Content is protected !!