കോറസ് മാണിയാട്ട് സിനിമാ, നാടക പുരസ്‌ക്കാരങ്ങള്‍ പ്രഖ്യാപിച്ചു; എന്‍.എന്‍ പിള്ള സിനിമാ പുരസ്‌ക്കാരം നടി ഉര്‍വശിക്കും നാടക പുരസ്‌ക്കാരം കെ.എം. ധര്‍മ്മനും

ചെറുവത്തൂര്‍: മാണിയാട്ട് കോറസ് കലാസമിതി നല്‍കുന്ന 2025 ലെ സിനിമാ രംഗത്തെ സമഗ്ര സംഭാവനക്കുള്ള പുരസ്‌ക്കാരം ദേശീയ അവാര്‍ഡ് ജേതാവ് നടി ഉര്‍വശിക്കും നാടക രംഗത്തെ സമഗ്ര സംഭാവനക്കുളള പുരസ്‌ക്കാരം ആറര പതിറ്റാണ്ടായി നാടക രംഗത്തെ സമ്പന്നമാക്കുന്ന കെ.എം. ധര്‍മ്മനും. ചെറുവത്തൂരില്‍ വിളിച്ചു ചേര്‍ത്ത വാര്‍ത്താ സമ്മേളനത്തില്‍ ജൂറി അംഗങ്ങളായ പി.വി കുട്ടനും ടി.വി ബാലനുമാണ് അവാര്‍ഡ് പ്രഖ്യാപിച്ചത്. നടന്‍ വിജയ രാഘവന്‍ ചെയര്‍മാനും പി.വി കുട്ടന്‍, ജിനേഷ് കുമാര്‍, ടി.വി ബാലന്‍, ടി.വി നന്ദകുമാര്‍ എന്നിവരടങ്ങിയ ജൂറിയാണ് അവാര്‍ഡ് ജേതാക്കളെ തിരഞ്ഞെടുത്തത്. മാണിയാട്ട് നാടക ഗ്രാമം ആതിഥ്യമരുളുന്ന
പന്ത്രണ്ടാമത് എന്‍.എന്‍ പിള്ള സ്മാരക സംസ്ഥാന നാടക മത്സരം നവമ്പര്‍ 14 മുതല്‍ 23 വരെ നടക്കും. നാടക മത്സരത്തിന്റെ
ഉദ്ഘാടനം നടക്കുന്ന14 ന് പ്രശസ്ത സിനിമാ താരവും അമ്മ താര സംഘടനയുടെ പ്രസിഡന്റുമായ ശ്വേത മേനോന്‍ നാടക പുരസ്‌ക്കാരം കെ.എം ധര്‍മ്മനും സമാപന ദിവസമായ 23 ന് ദേവസ്വം സഹകരണ വകുപ്പ് മന്തി പി.എന്‍ വാസവന്‍ സിനിമാ പുരസ്‌ക്കാരം നടി ഉര്‍വശിക്കും സമ്മാനിക്കും. ദേശീയ അവാര്‍ഡ് നേടിയ നടന്‍ വിജയ രാഘവന് 23 ന് മാണിയാട്ട് ഗ്രാമം ഉജ്വല സ്വീകരണം നല്‍കും. സമാപന ദിവസം പതിനായിരം പേര്‍ക്ക് സമൂഹ സദ്യ നല്‍കും. ചരിത്രത്തിന്റെ തങ്കലിപികളില്‍ രേഖപ്പെടുത്തിയ കൊടക്കാട് പന്തിഭോജനത്തിന്റെ ഓര്‍മ്മയ്ക്കാണ് സമൂഹസദ്യ നല്‍കുന്നതെന്ന് ജനറല്‍ കണ്‍വീനര്‍ കൂടിയായ ടി.വി ബാലന്‍ പറഞ്ഞു. നാടക മത്സരത്തില്‍ വിവിധ ദിവസങ്ങളിലായി മുന്‍ മന്ത്രി ഇ.പി ജയരാജന്‍, മന്ത്രി വി.എന്‍ വാസവന്‍, സിനിമാ താരം വിജയ രാഘവന്‍, എം.എല്‍.എ മാരായ എം. രാജഗോപാലന്‍, ടി.ഐ മധുസൂദനന്‍ തുടങ്ങിയവര്‍ പങ്കെടുക്കും. വാര്‍ത്ത സമ്മേളനത്തില്‍ സംഘാടക സമിതി ഭാരവാഹികളായ കെ. റിലേഷ്, സി.നാരായണന്‍, സി.രാജേഷ്, ഇ. ഷിജോയ്, തമ്പാന്‍ കീനേരി, ഏ.വി പ്രമോദ് എന്നിവര്‍ പങ്കെടുത്തു.

 

error: Content is protected !!