പെരിയ : ഗോക്കള്‍ക്കായി സംഗീതാരാധന നടക്കുന്ന ലോകത്തിലെ ഏക ഗോശാല എന്ന് വിഖ്യാതമായ ബേക്കല്‍ ഗോകുലം ഗോശാല പതിമൂന്ന് ദിവസം നീണ്ടു നില്ക്കുന്ന അഞ്ചാമത് ദീപാവലി ദേശീയ സംഗീതോത്സവത്തിന് ഒക്ടോബര്‍ 20 ന് രാവിലെ ഒമ്പത് മണിക്ക് തിരിതെളിയും. വീണയ്ക്ക് പ്രാധാന്യം നല്കുന്ന ഈ വര്‍ഷത്തെ സംഗീതോത്സവത്തില്‍ ഉഡുപ്പി പവന ആചാര് നേതൃത്വം നല്കുന്ന അഞ്ച് വീണകള്‍ കൂടിച്ചേരുന്ന കച്ചേരിയോടെ തുടക്കം കുറിക്കും. രാവിലെ 9 മുതല്‍ രാത്രി പത്ത് മണി വരെ തുടര്‍ച്ചയായ കച്ചേരികളില്‍ കേരളം , കര്‍ണ്ണാടക, തമിഴ്നാട്, ആന്ധ്ര, തെലങ്കാന, മഹാരാഷ്ട്ര, സിങ്കപ്പൂര്‍, ദുബായ് എന്നിവിടങ്ങളില്‍ നിന്നായി നാന്നൂറോളം കലാകാരന്മാര് പങ്കെടുക്കും. സംഗീതജ്ഞരെയും ആസ്വാദകരെയും സ്വീകരിക്കാന്‍ ഗോകുലം ഗോശാല സജ്ജമായി കഴിഞ്ഞു.
2010 ല്‍ ഒരു വെച്ചൂര്‍ പശുവും വെച്ചൂര്‍ കാളയുമായി തുടങ്ങിയ ഗോശാല പതിനഞ്ച് വര്‍ഷം പിന്നിടുമ്പോള്‍ വെച്ചൂര്‍, കാസര്‍ഗോഡ് കുള്ളന്‍ , ഹള്ളികാര്‍, മലനാഡ് ഗിഡ്ഡ, ബര്‍ഗൂര്‍, ഗീര്‍, കാണ് ക്രേജ്, ഒങ്കോള്‍, കാങ്കയം എന്നീ 9 നാടന്‍ ഇനങ്ങളിലായി 250ല്‍ പരം ഗോക്കളാല്‍ സമ്പന്നമായി കഴിഞ്ഞു. നാടന്‍ പശു സംരക്ഷണത്തോടൊപ്പം ശാസ്ത്രീയ കലകളെ കൂടി പ്രോത്സാഹിപ്പിക്കുക എന്ന ഉദ്ദേശ്യത്തോടെ 2021-ല്‍ പരമ്പര വിദ്യാപീഠം എന്ന പ്രസ്ഥാനത്തിന് തുടക്കം കുറിച്ചു. അതിന് കീഴില്‍ കര്‍ണ്ണാടക സംഗീതം ഹിന്ദുസ്ഥാനി സംഗീതം, ഭാരതത്തിന്റെ വിവിധ നൃത്യരൂപങ്ങളെയും പ്രോത്സാഹിപ്പിക്കുവാനും പ്രചരിപ്പിക്കുവാനും പ്രയത്നങ്ങള്‍ ആരംഭിച്ചു. ദീപാവലി സമയത്ത് സംഗീതോത്സവവും വൈശാഖമാസത്തില്‍ നൃത്യോത്സവവും ഇവിടെ നടന്നു വരുന്നു.
പതിവില്‍ നിന്നും വ്യത്യസ്തമായി ഇത്തവണ സമാപന ദിനത്തില്‍ പത്മവിഭൂഷണ്‍ ഡോ പത്മാ സുബ്രഹ്മണ്യം നൃത്തം അവതരിപ്പിക്കും. ഡ്രംസ് മാന്ത്രികന് ശിവമണിയും സമാപനദിവസത്തിന് മിഴിവേകാനുണ്ടാകും . സംഗീതലോകത്തെ അതികായനായി തിളങ്ങുന്ന 93 കാരനായ ടി. വി. ഗോപാലകൃഷ്ണന് ഗോശാലസംഗീതോത്സവത്തില് പാടുന്നു കൂടാതെ പട്ടാഭിരാമ പണ്ഡിറ്റ്, അഭിഷേക് രഘുറാം, വിദ്യാഭൂഷണ, കര്ണ്ണാടിക സഹോദരങ്ങള്‍, ബാംഗ്ലൂര്‍ സഹോദരങ്ങള്‍ എന്‍ ജെ നന്ദിനി , ശങ്കരന് നമ്പൂതിരി തുടങ്ങിയവരും പ്രഗല്ഭ വീണ വിദ്വാന്മാരായ അനന്ത പദ്മനാഭന്, രാജേഷ് വൈദ്യ , രമണ ബാലചന്ദ്ര, കണ്ണന് ചെന്നൈ മുതലായവരും ഗോശാലയില്‍ സംഗീതാര്‍ച്ചന നടത്തും. പ്രശസ്ത പിന്നണി ഗായകന് അനൂപ് ശങ്കറും ഗോശാലയില്‍ ഭക്തിഗാനം അവതരിപ്പിക്കും.പ്രഗല്ഭ സംഗീതജ്ഞര്‍ 13 ദിവസം സംഗീതമഴ പെയ്യിക്കുമ്പോള്‍ അത് തലയാട്ടി ആസ്വദിക്കുന്ന ഗോക്കള്‍ ഗോശാലയിലെത്തുന്ന ആസ്വാദകര്‍ക്ക് കൗതുകമുണര്‍ത്തുന്നു.
ശുചിത്വത്തിന് പ്രാധാന്യം –
പശുക്കള്‍ക്കിടയില്‍ ആണ് വേദിയെങ്കിലും ഒരു കൊതുക് പോലും ഗോശാലയില്‍ കാണാന്‍ സാധിക്കില്ല. വളരെ വൃത്തിയായി ഗോശാലയെ പരിപാലിക്കുന്നതോടൊപ്പം പഴയ രീതിയിലുള്ള പച്ചപുല്ലും തവിടുകളുമാണ് പശുക്കള്‍ക്ക് നല്‍കുന്നത്. കാലിതീറ്റക്ക് ഇവിടെ പ്രവേശനമേ ഇല്ല. പശുക്കള്‍ക്ക് അസുഖവും ഇല്ല.
ജ്യോതിഷ പണ്ഡിതന് വിഷ്ണു പ്രസാദ് ഹെബ്ബാറും ഇംഗ്ലണ്ടിലെ കാംബ്രിഡ്ജ് സര്‍വ്വകലാശാലയില്‍ നിന്നും സ്തനാര്‍ബുദ രോഗവിഷയത്തില്‍ ഗവേഷണ ബിരുദം നേടിയ ഡോ നാഗരത്ന ഹെബ്ബാറുമാണ് ഗോശാലയുടെ ചുക്കാന്‍പിടിക്കുന്നത്.
