എളേരിത്തട്ട്: എ എല്‍ പി സ്‌കൂള്‍ എളേരിത്തട്ടുമ്മല്‍ സമ്പൂര്‍ണ സുകന്യ വിദ്യാലയമായി പ്രഖ്യാപിച്ചു. ഭാരതീയ തപാല്‍ വകുപ്പ് കാസര്‍കോട് ഡിവിഷന്റെ സഹകരണത്തോടെയാണ് പദ്ധതി നടപ്പിലാക്കിയത്. പത്തു വയസില്‍ താഴെയുള്ള പെണ്‍കുട്ടികള്‍ക്കായി കേന്ദ്ര സര്‍ക്കാര്‍ നടപ്പിലാക്കി വരുന്ന പ്രത്യേക സമ്പാദ്യ പദ്ധതിയായ സുകന്യ സമൃദ്ധി അക്കൗണ്ടില്‍ യോഗ്യരായ മുഴുവന്‍ വിദ്യാര്‍ത്ഥികളെയും ചേര്‍ത്ത് കൊണ്ടാണ് സ്‌കൂള്‍ ഈ നേട്ടം കൈ വരിച്ചത്. സ്‌കൂളില്‍ വച്ച് നടന്ന ചടങ്ങില്‍ കാസര്‍കോട് ഡിവിഷന്‍ പോസ്റ്റല്‍ സൂപ്രണ്ട് പി ആര്‍ ഷീല ഹെഡ്മിസ്ട്രസ് സി ബിന്ദുവിന് സര്‍ട്ടിഫിക്കറ്റ് കൈമാറി. നീലേശ്വര്‍ പോസ്റ്റല്‍ ഇന്‍സ്പെക്ടര്‍ കെ പി റിജു, ഇന്ത്യ പോസ്റ്റ് പേയ്‌മെന്റ് ബാങ്ക് സീനിയര്‍ മാനേജര്‍ മാനൂസ് സി ജോര്‍ജ് , എളേരിത്തട്ട് പോസ്റ്റ്മാസ്റ്റര്‍ സി കെ ദീപ എന്നിവര്‍ ചടങ്ങില്‍ സന്നിഹിതരായി. തപാല്‍ വകുപ്പ് സ്‌കൂള്‍ ലൈബ്രറിയിലേക്ക് പുസ്തകങ്ങളുംസംഭാവനചെയ്തു.
