കാഞ്ഞങ്ങാട് : ദിനം പ്രതി നൂറുക്കണക്കിന് യാത്രക്കാര്‍ ഉപയോഗിക്കുന്ന റോഡില്‍ അറ്റകുറ്റപ്പണിയുടെ പേരില്‍ നഗരസഭ കുരുക്കിട്ട് ആറ് മാസം പൂര്‍ത്തിയാവുന്നു. കോട്ടച്ചേരി ബസ് സ്റ്റാന്‍ഡില്‍ നിന്ന് ഗണേശമന്ദിര്‍, കൃഷ്ണമന്ദിര്‍ വഴി പുതിയകോട്ടയിലെ പഴയ ഇന്‍ഡസ് മോട്ടോഴ്സിന് സമീപം ചേരുന്ന റോഡാണ് അറ്റകുറ്റപ്പണിക്കായി തലങ്ങും വിലങ്ങും അടച്ചിട്ട് നഗരസഭ യാത്രക്കാരെ ദുരിതത്തിലാക്കിയത്. കോട്ടച്ചേരി- പുതിയകോട്ട റോഡിന്റെ സമാന്തര റോഡ് എന്ന നിലയിലും ദുര്‍ഗ ഹയര്‍സെക്കന്‍ഡറി സ്‌കൂള്‍, മേലാങ്കോട്ട്, നെല്ലിക്കാട്ട്, അതിയാമ്പൂര്‍, കിഴക്കുംകര കാരാട്ടുവയല്‍ മേഖലകളിലേക്കുമെല്ലാം ടൗണില്‍ നിന്ന് എളുപ്പം സഞ്ചരിച്ചെത്താനും സ്‌കൂള്‍ കുട്ടികള്‍ ഉള്‍പ്പെടെ നൂറു കണക്കിന് ആളുകളും വാഹനയാത്രക്കാര്‍ ദിവസവും ഉപയോഗിക്കുന്ന റോഡിലാണ് തലതിരിഞ്ഞ ഈ നടപടി.
കോട്ടച്ചേരി- കൃഷ്ണമന്ദിര്‍- പുതിയകോട്ട റോഡില്‍ ഗ്രോടെക് മുതല്‍ പുതിയകോട്ട ഇന്‍ഡസ് ജംഗ്ഷന്‍ വരെയുള്ള ഭാഗം ഇനിയും തീരാത്ത കോണ്‍ക്രീറ്റിങ്ങിനായി അറ്റകുറ്റപ്പണിക്കായി കഴിഞ്ഞ ഏഴു മാസത്തോളമായി റോഡ് അടച്ചിട്ടിട്ട് പണി തീര്‍ക്കുന്നതിന് ഇനിയും ഒരു മാസം വേണമെന്നാണ് പറയുന്നത്.
കരിങ്കല്‍ പാക്കി കുറച്ച് നാള്‍ തുറന്നിരുന്നുവെങ്കിലും കരിങ്കല്ലിന്റെ മുകളിലൂടെയുള്ള വാഹന യാത്ര ഏറെ ബുദ്ധിമുട്ടിരുന്നു.
കഴിഞ്ഞ ദിവസം രാവിലത്തേക്കാണ് ഈ റോഡിലേക്ക് തുടങ്ങുന്ന എല്ലാ സമീപന റോഡുകളും കൂടി മണ്ണിട്ടും കല്ല് നിരത്തിയും ബോര്‍ഡ് സ്ഥാപിച്ചുമെല്ലാം അടച്ചിട്ടത്. സര്‍ജികെയര്‍ ആശുപത്രിക്ക് സമീപം മുതല്‍ വിവിധ ഭാഗങ്ങളിലായാണ് റോഡ് അടച്ചത്. മേലാങ്കോട്ടേക്കുള്ള ദേവന്‍ റോഡ്, മെയിന്‍ റോഡില്‍ നിന്നും ജാന്‍ ഔഷധി റോഡില്‍ നിന്നും തുടങ്ങി ഗ്രോടക്ക് ജംഗ്ഷനില്‍ അവസാനിക്കുന്ന ലിങ്ക് റോഡ്, മഹാകവി പി സ്മാരകത്തിന് മുന്നിലൂടെ സര്‍ജികെയര്‍ ആശുപത്രി ഭാഗത്തേക്കും തിരിച്ച് പുതിയകോട്ടയിലേക്കുള്ള റോഡുമെല്ലാം പ്രവേശനകവാടം തന്നെ അടച്ചു പൂട്ടിയ നിലയിലാണ്. ടി ബി റോഡ് ജംഗ്ഷന് എതിര്‍വശത്ത് നിന്ന് കൃഷ്ണമന്ദിര്‍ വഴി ദേവന്‍ റോഡിലേക്കെത്തുന്ന വഴിയും ഇതേ ‘സ്ഥിതിയിലാണ്. ഇതിന് നേരെ എതിര്‍വശം ദുര്‍ഗാ സ്‌കൂള്‍ റോഡിന് സമാന്തരമായിട്ടുള്ള മറ്റൊരു റോഡുള്ളതും അടച്ചിട്ടിരിക്കുക തന്നെയാണ്. റോഡുകളെല്ലാം നടക്കാന്‍ പോലും വഴി വെക്കാതെ അടച്ചതോടെ ഈ ഭാഗത്ത് പ്രവര്‍ത്തിക്കുന്ന നിരവധി സ്ഥാപനങ്ങളുടെ നടത്തിപ്പുകാരും ദുരിതത്തിലാണ്. ഈ ഭാഗത്തെ താമസക്കാര്‍ സ്വകാര്യ വാഹനങ്ങള്‍ വീട്ടില്‍ നിന്നിറക്കാന്‍ സാധിക്കാതെ മാസങ്ങളായി വീടുകളില്‍ തന്നെ നിര്‍ത്തിയിട്ടിരിക്കുകയാണ്.
