കരിന്തളം: കുണ്ടൂര്‍ ദേശത്ത് നാടിന്റെ കൂട്ടായ്മയില്‍ തലമുറകള്‍ക്ക് കളിച്ചു വളരാന്‍ 15 ലക്ഷം രൂപ ചെലവില്‍ നിര്‍മ്മിക്കുന്ന കളിക്കളത്തിന്റെ പ്രചരണാര്‍ത്ഥം ചൂണ്ടയിടല്‍ മത്സരം നടന്നു. മുക്കട പാലത്തിനു സമീപം കാലിച്ചാമരം യുവശക്തി സ്വയം സഹായ സംഘം സംഘടിപ്പിച്ച ചൂണ്ടയിടല്‍ മത്സരത്തില്‍ നിരവധി പേര്‍ പങ്കെടുത്തു. ഭാവി തലമുറക്ക് കളിച്ചു വളരുന്നതിന് വേണ്ടിയും അതിലുപരി നാടിന് ഒത്തുചേരാന്‍ ഒരിടം എന്ന സങ്കല്പം യാഥാര്‍ത്ഥ്യമാക്കുന്നതിന് വേണ്ടി കുണ്ടൂരില്‍ നിര്‍മ്മിക്കുന്ന കളിക്കളത്തിന് ഫണ്ട് കണ്ടെത്താന്‍ വിവിധങ്ങളായ മാര്‍ഗങ്ങളാണ് സംഘാടകസമിതി സ്വീകരിച്ചിട്ടുള്ളത്. വനിതകളുടെ നേതൃത്വത്തില്‍ ചക്ക ചിപ്‌സ് നിര്‍മ്മാണം, യുവാക്കളുടെ നേതൃത്വത്തില്‍ പാഴ് വസ്തുക്കളുടെ ശേഖരണം, ക്ലബ്ബിന്റെ നേതൃത്വത്തില്‍ ബിരിയാണി ചലഞ്ച്, എന്നിവ ഇതിനോടകം സംഘടിപ്പിച്ചു കഴിഞ്ഞു. ഇതിന്റെ ഭാഗമായാണ് മുക്കട പാലത്തിനു സമീപം ചൂണ്ടയിട്ടല്‍ മത്സരം നടന്നത്. മത്സരം പാറക്കോല്‍ രാജന്‍ ഉദ്ഘാടനം ചെയ്തു. വി സതീശന്‍ അധ്യക്ഷനായി. എം ചന്ദ്രന്‍, അനീഷ് വി ജി, വി. അമ്പുഞ്ഞി, എന്‍ വിനോദ്, യു സുരേശന്‍, എന്‍ രാജന്‍, എന്‍ രമേശന്‍ എന്നിവര്‍ സംസാരിച്ചു. സി പ്രസാദ് സ്വാഗതം പറഞ്ഞു. മത്സരത്തില്‍ അജിത് കുമാര്‍ കുന്നുംകൈ ഒന്നാം സ്ഥാനവും, അനന്തു കുണ്ടൂര്‍ രണ്ടാം സ്ഥാനവും നേടി. മത്സര വിജയികള്‍ സമ്മാനത്തുക കളിക്കളത്തിനായിസ്‌പോണ്‍സര്‍ചെയ്തു.
