മഹാകവി പിയെ മറന്നിട്ടില്ല! കവി പോയ വഴിയിലൂടെ യാത്രയുമായി മക്കളും, നാട്ടുകാരും

കാഞ്ഞങ്ങാട് :മഹാകവി പി കുഞ്ഞിരാമന്‍ നായരുടെ ഓര്‍മ്മയില്‍ അദ്ദേഹം സഞ്ചരിക്കുകയും താമസിക്കുകയും കവിതകള്‍ എഴുതുകയും ചെയ്ത തലങ്ങളിലൂടെ കവിയുടെ കാല്‍പ്പാടുകള്‍ തേടിയുള്ള യാത്രയ്ക്ക് തയ്യാറെടുക്കുന്നു ഒരു ഗ്രാമം.

കാറ്റായും മഴയായും നിലാവായും പൂവായും പൂത്തുമ്പിയായും പൂമ്പാറ്റയായും കിളിയായും പുഴയായും മരമായും കാടായും ഒക്കെ പാറി നടന്ന മഹാകവിയുടെ 90 വയസ്സ് പിന്നിട്ട മക്കളും, നാട്ടുകാരും അദ്ദേഹത്തെ സ്‌നേഹിക്കുന്നവരും ചേര്‍ന്നാണ് ഒക്ടോബര്‍ നാലിന് കവിയുടെ ജന്മനാടായ വെള്ളിക്കോത്ത് നിന്നും കാല്‍പ്പാടുകള്‍ തേടി യാത്ര പുറപ്പെടുന്നത്.
പിയുടെ കവിയുടെ കാല്‍പ്പാടുകള്‍ തേടി എന്ന ആത്മകഥയില്‍ നിരവധി തവണയാണ് വെള്ളിക്കോത്ത് മഠത്തില്‍ വളപ്പിന്റെ കാര്യം വര്‍ണ്ണിക്കുന്നത്.പി ഇവിടെ ജനിച്ചിട്ടില്ലെങ്കിലും കുടുംബത്തോടൊപ്പം ഏറെക്കാലം താമസിച്ച വീടാണ്.ഒടുവില്‍ പുസ്തക രചനയ്ക്ക് പണമില്ലാതെ അനുജന് എഴുതിക്കൊടുത്ത മഠത്തില്‍ വളപ്പ് വീട്ടുമുറ്റത്തുനിന്നുമാണ് സംഘം യാത്ര പുറപ്പെടുക.തുടര്‍ന്ന്
കവി നടന്ന വഴികളിലൂടെ കവിത തേടിയും ജീവിതം തേടിയും കവി അലഞ്ഞ പ്രകൃതിയുടെ ആത്മാവിലൂടെ ,കവിചേര്‍ത്തുപിടിച്ച സാധാരണക്കാരുടെ നാടുകളിലൂടെ കവിക്ക് കവിത ചുരത്തി കൊടുത്ത വഴികളിലൂടെയാണ് യാത്ര.

വെള്ളിക്കോത്തിന് ശേഷം കവി ഏറെക്കാലം അധ്യാപകനായി അറിവ് പകര്‍ന്നു നല്‍കിയ കൂടാളി സ്‌കൂള്‍, കവി പഠിച്ച പട്ടാമ്പി സംസ്‌കൃത വിദ്യാലയം, കാവ്യ പ്രതിഭയുടെ ഊര്‍ജ്ജം പകരാന്‍ കവിയെ സഹായിച്ച സര്‍ഗ്ഗ ഭൂമികളായ പൊന്മള , കൊല്ലംകോട്, തിരുവില്ലാമല , ലക്കിടി, തുഞ്ചന്‍പറമ്പ്, തുഞ്ചന്‍ സ്മാരകം, ചെറുശ്ശേരി സ്മാരകം ഇതുകൂടാതെ മലപ്പുറം ജില്ലയിലെ കവിയുടെ പത്‌നി കുഞ്ഞിലക്ഷ്മി അമ്മയുടെ തറവാട് വീടായ വടയക്കളവും സന്ദര്‍ശിക്കും. നൂറ്റാണ്ടുകള്‍ പഴക്കമുള്ള ഈ തറവാടിന്റെ മുകളില്‍ ഇരുന്നാണ് കവിയുടെ ചില പ്രശസ്തമായ കവിതകള്‍ പിറന്നത്. ഏറ്റവും ഒടുവില്‍ കവിയുടെ അവധൂത കാവ്യജീവിതത്തില്‍ നിന്നും ആശ്വാസം പകര്‍ന്ന ഗുരുവായൂരിന്റെ നടയിലും സംഘം എത്തും
ഈ യാത്രയില്‍ സമൂഹത്തിലെ നാനാതുറകളില്‍ നിന്നുള്ളവര്‍ ഉണ്ട്. അതില്‍ കവികളും എഴുത്തുകാരും, കലാകാരന്‍മാരും അദ്ധ്യാപകരും,വിരമിച്ച ഉദ്യോഗസ്ഥരും, മാധ്യമ പ്രവര്‍ത്തകരും തൊണ്ണൂറ് വയസ്സ് കഴിഞ്ഞ
കവിയുടെ മകനും മകളും പേരക്കുട്ടികളും ഉണ്ട്.
ഒക്ള്‍ടോബര്‍ ആറിന് യാത്ര പൂര്‍ത്തീകരിച്ച് സംഘം തിരിച്ചെത്തും.
കവിയുടെ കാല്‍പ്പാടുകള്‍ പതിഞ്ഞ സ്ഥലങ്ങളിലൂടെയുള്ള യാത്രയ്ക്ക് നേതൃത്വം നല്‍കുന്നത് മഹാകവിയുടെ മകന്‍ രവീന്ദ്രന്‍നായരാണ്.

error: Content is protected !!