പാണത്തൂരില്‍ ജനല്‍ വഴി അകത്തേയ്ക്ക് പെട്രോള്‍ ഒഴിച്ച് തീകൊളുത്തി ഭാര്യയെയും കൊച്ചുമകളെയും കൊല്ലാന്‍ ശ്രമം

പാണത്തൂര്‍: ജനല്‍ വഴി അകത്തേയ്ക്ക് പെട്രോള്‍ ഒഴിച്ച് തീകൊളുത്തി ഭാര്യയെയും കൊച്ചുമകളെയും കൊല്ലാന്‍ ശ്രമം.
അക്രമം നടത്തിയ ഭര്‍ത്താവ് പാണത്തൂര്‍ നെല്ലിക്കുന്നിലെ ജോസഫിനെ (65) പൊള്ളലേറ്റ നിലയില്‍ ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇന്നലെ രാത്രി 10.30 മണിയോടെയാണ് സംഭവം. ജോസഫും ഭാര്യ സിസിലിയും വര്‍ഷങ്ങളായി അകന്നു കഴിയുന്നവരാണ്. സിസിലിയും മകന്‍ ഷാജിയും അയാളുടെ ഭാര്യയും കൊച്ചുമകളായ ആറു വയസുകാരിയുമാണ് വീട്ടില്‍ താമസം. വ്യാഴാഴ്ച രാത്രി സിസിലിയും കൊച്ചുമകളും കിടന്നുറങ്ങിയിരുന്ന മുറിയുടെ ജനല്‍ വഴി അകത്തേയ്ക്ക് പെട്രോള്‍ ഒഴിച്ച് തീകൊളുത്തുകയായിരുന്നു. തീ ആളിപ്പടര്‍ന്നതോടെ ഇരുവരും പുറത്തേയ്ക്ക് ഓടി രക്ഷപ്പെട്ടു. ഇതിനിടയില്‍ അക്രമം നടത്തിയ ജോസഫിനു പൊള്ളലേറ്റു. ബഹളവും നിലവിളിയും കേട്ട് ഓടിക്കൂടിയ നാട്ടുകാരും പാണത്തൂര്‍ എയ്ഡ് പോസ്റ്റില്‍ ഉണ്ടായിരുന്ന പോലീസുകാരും സ്ഥലത്തെത്തി തീയണച്ചു. കിടക്കയും ജനലും കത്തി നശിച്ചു. പോലീസാണ് പരിക്കേറ്റ ജോസഫിനെ ആശുപത്രിയില്‍ എത്തിച്ചത്. സംഭവത്തില്‍ രാജപുരം പോലീസ് അന്വേഷണം തുടങ്ങി.

 

error: Content is protected !!