തൃക്കരിപ്പൂര്‍ : നിര്‍ത്തിയിരുന്ന കാറിന്റെ ചില്ല് അടിച്ച് തകര്‍ത്ത് ബാറ്ററി മോഷ്ടിച്ച സംഭവത്തില്‍ രണ്ട് യുവാക്കള്‍ അറസ്റ്റില്‍. പിലിക്കോട് മേല്‍മട്ടലായി സ്വദേശികളായ കെ റോബിന്‍ എന്ന സച്ചു(20), എ ഷാനില്‍(28) എന്നിവരാണ് അറസ്റ്റിലായത്. സിസിടിവി ദൃശ്യത്തിലൂടെ ആണ് പ്രതികളെ കണ്ടെത്തിയത്. കാസര്‍കോട് റെയില്‍വെ പൊലീസ് സ്റ്റേഷനിലെ സിവില്‍ പോലീസ് ഓഫീസര്‍ ഷംസീറിന്റെ കാറിനു നേരെയാണ് അക്രമം ഉണ്ടായത്. തൃക്കരിപ്പൂര്‍ റെയില്‍വെ സ്റ്റേഷന്‍ പരിസരത്ത് പാര്‍ക്ക് ചെയ്ത ശേഷം ഡ്യൂട്ടിക്ക് പോയതായിരുന്നു ഷംസീര്‍. തിരിച്ചെത്തിയപ്പോഴാണ് കാര്‍ തകര്‍ത്ത നിലയില്‍ കണ്ടത്. ചന്തേര പോലീസില്‍ നല്‍കിയ പരാതിയെ തുടര്‍ന്ന് എസ് ഐ പി വി രഘുനാഥന്റെ നേതൃത്വത്തില്‍ സീനിയര്‍ സിവില്‍ പോലീസ് ഓഫീസര്‍മാരായ സജിത്ത് പടന്ന, ഹരീഷ് കുമാര്‍, ഷൈജു എന്നിവരടങ്ങിയ സംഘമാണ് ഇന്നലെ ഉച്ചയോടെ പ്രതികളെ കണ്ടെത്തി പിടികൂടിയത്.
