യുവ സൈനികന്റെ വേര്‍പാട്,തിരുവോണ ദിവസം മലയോരത്തെ കണ്ണീരിലാഴ്ത്തി

വെള്ളരിക്കുണ്ട്: ഡല്‍ഹിയില്‍ സൈനിക വകുപ്പില്‍ ഹവില്‍ദാര്‍ തസ്തികയില്‍ ജോലി ചെയ്ത് വന്നിരുന്ന അരുണ്‍ രാമകൃഷ്ണന്റെ ഭൗതികശരീരം തിരുവോണത്തില്‍ ഉച്ചക്ക് 2.30 മണിയോടുകൂടി പന്നിത്തടം, എകെജി നഗറിലെ വീട്ടുവളപ്പില്‍ ആയിരക്കണക്കിന് ആളുകളുടെയും, ജനപ്രതിനിധികളുടെയും , രാഷ്ട്രീയ സാമൂഹ്യ സാംസ്‌കാരിക നേതാക്കളുടെ സാന്നിധ്യത്തില്‍, സൈനിക ബഹുമതികളോടെയുള്ള ചടങ്ങുകളോടെ വീട്ടുവളപ്പില്‍ സംസ്‌കരിച്ചു.
2011 ലാണ് പന്നിത്തടത്തെ രാമകൃഷ്ണന്‍ – തങ്കമണി ദമ്പതികളുടെ മൂത്തമകന്‍ അരുണ്‍ രാമകൃഷ്ണന്‍ സൈനിക സര്‍വീസില്‍ പ്രവേശിച്ചത്. സിക്കിം, ഗോവ,ജമ്മു-കാശ്മിര്‍ , പഞ്ചാബ് തുടങ്ങി രാജ്യത്തെ വിവിധ സംസ്ഥാനങ്ങളില്‍ ജോലി ചെയ്തതിനുശേഷം നിലവില്‍ ഡല്‍ഹിയില്‍ ജോലി ചെയ്തു വരികയായിരുന്നു. അടുത്ത ഒരു വര്‍ഷത്തിനിടയില്‍ ജോലിയില്‍നിന്ന് വിരമിക്കാന്‍ ഇരിക്കുകയായിരുന്നു. അതിനിടയിലാണ് ഐക്യരാഷ്ട്ര സഭയുടെ സമാധാനസേനയിലേക്ക് ഇന്ത്യയെ പ്രതിനിധീകരിച്ചുള്ള 12 പേരില്‍ ഒന്നാം റാങ്കോട് കൂടി അരുണ്‍ രാമകൃഷ്ണന്‍ തെരഞ്ഞെടുക്കപ്പെട്ടത് . സെപ്റ്റംബര്‍ 10ാം തീയതി ഇവര്‍ ഭൂട്ടാനിലേക്ക് പോകേണ്ട തയ്യാറെടുപ്പിലായിരുന്നു . അതിന്റെ ഭാഗമായുള്ള കായിക പരിശീലനം എല്ലാ മാസവും എന്നതുപോലെ സെപ്റ്റംബര്‍ മാസം ഒന്നാം തീയതിയും ആരംഭിച്ചു. 5 കിലോമീറ്റര്‍ ദൈര്‍ഘ്യത്തില്‍ ഓടേണ്ട അരുണ്‍ ഓട്ടത്തിനിടയില്‍ കുഴഞ്ഞുവീഴുകയായിരുന്നു. ഉടന്‍തന്നെ ഡല്‍ഹിയിലെ സൈനിക ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഹൃദയാഘാത ലക്ഷണത്തെ തുടര്‍ന്ന് ഒന്നാംഘട്ട സര്‍ജറി അടിയന്തരമായി നടത്തി. തുടര്‍ന്ന് രക്തസമ്മര്‍ദ്ദം കുറഞ്ഞതിന്റെ ഭാഗമായി സെപ്റ്റംബര്‍ 4 ന് പുലര്‍ച്ചെ 2 മണിക്കാണ് അരുണ്‍ മരണപ്പെട്ടു എന്ന വിവരം വീട്ടുകാര്‍ അറിയുന്നത്. കാസര്‍കോട് ജില്ലയില്‍ വെള്ളരിക്കുണ്ട് ബെവ്‌ക്കോ ജീവനക്കാരി ഭാര്യ ശരണ്യ മൂന്നുമാസത്തെ ലീവെടുത്ത് ഡല്‍ഹിയില്‍ അരുണിനോടൊപ്പം ഉണ്ടായിരുന്നു. ആശുപത്രിയില്‍ അരുണിന്റെ മരണസമയത്തും ശരണ്യ കൂടെ ഉണ്ടായിരുന്നു.
മരണത്തിന് തൊട്ടുമുമ്പായി അരുണ്‍ രാമകൃഷ്ണന്റെയും ഭാര്യയുടേയും മാതാപിതാക്കളും കുടുംബാംഗങ്ങളും ആശുപത്രിയിലെത്തി.തുടര്‍ന്ന് വ്യാഴാഴ്ച പകല്‍ പോസ്റ്റ്‌മോര്‍ട്ടം ഉള്‍പ്പെടെയുള്ള ആശുപത്രി നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കി. സൈനിക ബഹുമതികള്‍ക്ക് ശേഷം വൈകിട്ട് 7 മണിയോടുകൂടി ഭൗതികശരീരം വിമാനമാര്‍ഗ്ഗം രാത്രി 9:30 ന് മംഗലാപുരത്തെത്തിച്ച് രാത്രിയില്‍ മാവുങ്കാല്‍ സഞ്ജീവനി ആശുപത്രിയില്‍ സൂക്ഷിച്ചു. വിദേശത്തുണ്ടായിരുന്ന ബന്ധുക്കള്‍ എത്തിച്ചേര്‍ന്നതിനെ തുടര്‍ന്ന് തിരുവോണ ദിവസം പകല്‍ 12 മണിയോടുകൂടി വീട്ടിലെത്തിച്ചു.
സിപിഐഎം കാസര്‍കോട് ജില്ലാ സെക്രട്ടറിയും , തൃക്കരിപ്പൂര്‍ എംഎല്‍എയും ആയ എം രാജഗോപാലന്‍ , പാര്‍ട്ടി സംസ്ഥാന കമ്മിറ്റി അംഗം കെ പി സതീഷ് ചന്ദ്രന്‍, ഏരിയ സെക്രട്ടറി എം രാജന്‍, ജില്ലാ കമ്മിറ്റിയംഗങ്ങളായ വി കെ രാജന്‍, പി ആര്‍ ചാക്കോ , എളേരി ഏരിയ സെക്രട്ടറി അപ്പുക്കുട്ടന്‍, പരപ്പ ലോക്കല്‍ സെക്രട്ടറി എ ആര്‍ രാജു തുടങ്ങിയവര്‍ അന്ത്യോപചാരമര്‍പ്പിച്ച് റീത്ത് സമര്‍പ്പിച്ചു. ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് ബേബി ബാലകൃഷ്ണന്‍, മുതിര്‍ന്ന പാര്‍ട്ടി നേതാവ് മുന്‍ എം.പി യുമായിരുന്ന പി കരുണാകരന്‍, വിവിധ ഏരിയ കമ്മിറ്റി അംഗങ്ങളായ പാറക്കോല്‍ രാജന്‍, കെ ലക്ഷ്മണന്‍ , കെ കുമാരന്‍ , കയനി മോഹനന്‍, എം വി രതീഷ് , ടിവി ജയചന്ദ്രന്‍ , ടി കെ സുകുമാരന്‍ , ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ. ഭൂപേഷ്, പഞ്ചായത്ത് മെമ്പര്‍ എം ബി രാഘവന്‍, താലൂക്ക് ലൈബ്രറി കൗണ്‍സില്‍ സെക്രട്ടറി എ ആര്‍ വിജയകുമാര്‍, വിനോദ് പന്നിത്തടം, രമണി രവി , രമണി ഭാസ്‌കരന്‍ , കരിന്തളം വെസ്റ്റ് ലോക്കല്‍ സെക്രട്ടറി കെ ബാലചന്ദ്രന്‍ , എന്നിവര്‍ അന്ത്യോപചാര മര്‍പ്പിച്ചു. കൂടാതെ വിവിധ രാഷ്ട്രീയ പാര്‍ട്ടി നേതാക്കളായ പി.ടി നന്ദകുമാര്‍ , ചന്ദ്രന്‍ വെള്ളരിക്കുണ്ട് , ജില്ലാ കലക്ടര്‍ക്ക് വേണ്ടി വെള്ളരിക്കുണ്ട് തഹസില്‍ദാര്‍ പി വി മുരളി, വെള്ളരിക്കുണ്ട് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ കെ പി സതീഷ് , സബ് ഇന്‍സ്‌പെക്ടര്‍ എന്‍. ജയരാജന്‍, കാസര്‍കോട് ജില്ലാ സൈനിക ക്ഷേമ ഡയറക്ടര്‍ക്ക് വേണ്ടി സി ജെ ജോസഫ്, സ്റ്റേഷന്‍ ഹെഡ്‌കൊട്ടേഴ്‌സ് കണ്ണൂര്‍ യൂണിറ്റിന്റെ ടീം കണ്ണൂര്‍ ഡി എസ് സി, പ്രദേശത്തെ വിവിധ സാമൂഹ്യ രാഷ്ട്രീയ സന്നദ്ധസംസ്‌കാരിക മേഖലകളിലെ പ്രവര്‍ത്തകര്‍ റീത്തുകളും , ബൊക്കെയും ഒരുക്കി അന്ത്യോപചാരംഅര്‍പ്പിച്ചു.

error: Content is protected !!