പ്രഭാകരന് കാഞ്ഞങ്ങാട്
കാഞ്ഞങ്ങാട് / ചേറ്റുകുണ്ട്:പോയ കാലത്തെ അധികാര കേന്ദ്രങ്ങള്‍ തമ്മിലുള്ള കൂട്ടായ്മ വിളിച്ചറിയിക്കുകയാണ് വ്യത്യസ്തമായ നവരാത്രി ആഘോഷത്തിലൂടെ. രണ്ടാം കൊല്ലൂരെന്ന് അറിയപ്പെടുന്ന ചിത്താരി ചേറ്റുകുണ്ട് കുദുറു ദ്വീപിലെ മൂകാംബിക ക്ഷേത്രവും അയ്യങ്കാവ് കുലോവും തമ്മിലുള്ള നൂറ്റാണ്ടുകള്‍ തമ്മിലുള്ള സൗഹൃദമാണ് നവരാത്രി നാളുകളെ വിശുദ്ധമാക്കുന്നത്. പൂഴ കടന്ന് കാതങ്ങള്‍ താണ്ടി നവരാത്രി പ്രസാദവും തലയിലേന്തി അയ്യങ്കാവ് കുലോത്തേക്കുള്ള യാത്രയ്ക്ക് നൂറ്റാണ്ടുകളുടെ ചരിത്രമുണ്ട്. രണ്ട് ഗ്രാമങ്ങളുടെ കാര്‍ഷിക പെരുമ നവരാത്രി ആഘോഷത്തിലേക്ക് വഴിമാറിയ ചരിത്രം കൂടിയുണ്ട് ഈ കൂട്ടായ്മയ്ക്ക് പിറകില്‍. ചരിത്രവും സംസ്ക്കാരവും ഭക്തിയുടെ വഴിയില്‍ പരസ്പരം കൈകോര്‍ക്കുന്നു. ചിത്താരികുദുറു മൂകാംബികാ ക്ഷേത്രത്തിന് 42 കിലോമീറ്റര്‍ ദൂരെയുള്ള അയ്യങ്കാവ് കൂലോം തറവാടുമായുള്ളത് വേറിട്ടുനില്‍ക്കുന്ന ഒരു ബന്ധമാണ്. നാടുവാഴിയായ തറവാട്ടുകാരണവരുടെ ആപത്ഘട്ടത്തിലുള്ള പ്രാര്‍ത്ഥനയുടെ സാഫല്യം കൂടിയാണ് പരസ്പരമുള്ള നവരാത്രി കാഴ്ചകെട്ട്. എല്ലാ നവരാത്രി കാലത്തും കുദുറു ശ്രീ മൂകാംബിക ക്ഷേത്രത്തില്‍ നിന്ന് അരിമുറുക്ക് പ്രസാദവുമായി നാട്ടുകാരുടെയും ക്ഷേത്രഭാരവാഹികളുടെ സംഘം കാല്‍നടയായി അയ്യങ്കാവ് കൂലോം തറവാടിലേക്ക് യാത്രപോവുന്നു. 42 കിലോ മീറ്ററോളം ഏറെ കഠിനം തന്നെയാണ് ഈ പദയാത്ര. ചിത്താരിപ്പുഴ കടന്ന് ചാളിങ്കാല് വഴി മീങ്ങോം, അമ്പലത്തറ, മൂന്നാംമൈല്‍, പൂതങ്ങാനം, പറക്കളായിയിലൂടെയാണ് അയ്യങ്കാവ് കൂലോം തറവാട്ടിലെത്തുന്നത്. ഈ നവരാത്രി കാലത്തെ പ്രസാദയാത്രയ്ക്ക് ഞായാറാഴ്ച രാവിലെ തുടക്കമായി.തുടക്കമായി. വൈകീട്ട് സംഘം കൂലോം തറവാട്ടിലെത്തി. തറവാട്ടിലേക്കും തിങ്കളാഴ്ച വൈകീട്ട് തിരിച്ച് കുദുറു ക്ഷേത്രത്തിലേക്ക് സന്ധ്യാ ദീപം തെളിയുന്നതിന് മുമ്പ് തിരിച്ച് എത്തിയിരിക്കണം എന്നാണ് അലിഖിത നിയമം. മൂവായിരത്തിലധികം വരുന്ന അരിമുറുക്ക് ആണ് ഇത്തവണയും കുദുറു ദേവിയുടെ പ്രസാദമായി അയ്യങ്കാവ് കൂലോത്തേക്ക് തലച്ചുമടായി കൊണ്ടുപോവുന്നത്. വലിയ പായയില്‍ പൊതിഞ്ഞാണ് അരിമുറുക്കിന്റെ പ്രസാദ കാഴ്ചകെട്ട് ഒരുക്കിയത്. നാല്പത് കിലോ അരിയാണ് മുറുക്കുണ്ടാക്കാന് ഉപയോഗിക്കുന്നത്.അയ്യങ്കാവ് കൂലോം തറവാട്ടില്‍ നേര്‍ച്ചയായി മടിയരിയുമായി എത്തുന്നവര്‍ക്കെല്ലാം അരിനുറുക്കും കുങ്കുമവും ദേവിപ്രസാദമായി നല്‍കും. നിരവധി തെയ്യങ്ങളുടെ സാന്നിധ്യമുള്ള തറവാടാണിത്. അയ്യങ്കാവ് ഗ്രാമത്തില്‍ നിന്ന് കുദുറു മൂകാംബികാ ദേവിക്കുള്ള കാഴ്ചയായി ഓരോവീടുകളില്‍ നിന്നും കാര്‍ഷികോത്പന്നങ്ങള്‍ കൂലോത്തെത്തിക്കുന്നു. പൂക്കള്‍, തേങ്ങ, അടക്ക, അരി, ഇളനീര്, കവുങ്ങിന് പൂക്കുല, പച്ചക്കറികള്‍, കുരുമുളക് എന്നിങ്ങനെ അയ്യങ്കാവ് ഗ്രാമത്തില്‍ വിളയുന്ന കാര്‍ഷികോത്പന്നങ്ങളാണ് കാഴ്ചകെട്ടായി കുദുറു സംഘത്തിന് നല്‍കുന്നത്. കര്‍ഷകര്‍ നല്കിയ സമ്മാനം പച്ചോലകൊണ്ട് മെടഞ്ഞ വല്ലങ്ങളില്‍ നിറച്ച് കുദുറു സംഘം തലച്ചുമടായി മൂകാംബിക ക്ഷേത്രത്തിലെത്തിക്കുന്നു. ഇവ ക്ഷേത്രത്തില്‍ പൂജിച്ച് നാട്ടുകാര്‍ക്ക് പ്രസാദമായും നവരാത്രി നാളുകളിലെ അന്നദാനത്തിനും ഉപയോഗിക്കുന്നു. നൂറ്റാണ്ടുകളായി തുടര്‍ന്നുവരുന്ന ഈ ആചാരം ഇന്ന് കൂട്ടായ്മ കൊണ്ട് ഏറെ സമ്പന്നമായിട്ടുണ്ട്. വിവിധ ദേശങ്ങളില്‍ നിന്ന് നിരവധി ഭക്തര്‍ പുഴകടന്ന് കുദുറു ദ്വീപിലെ മൂകാംബിക ക്ഷേത്രത്തില്‍ എത്താറൂണ്ട്. നവരാത്രി ആഘോഷം പോലെ ഏറെ പ്രധാനപ്പെട്ടതാണ് ദ്വീപിലെ കളിയാട്ടവും. ദ്വീപിലെ കളിയാട്ടത്തില്‍ കെട്ടിയാടുന്ന ധൂമാവതി, പള്ളത്തനും മുദ്ദനും തെയ്യങ്ങളും ഏറെ വിശേഷപ്പെട്ടതാണ്. നിരവധി ഐതിഹ്യങ്ങള്‍ ഉറങ്ങുന്ന കുദുറു ദ്വീപ് ഇക്കേരിയന്‍ കാലഘട്ട ചരിത്രത്തിന്റെയുംഭാഗമാണ്.
