പോരാളിയായ അക്ഷര ജ്വാല

( അന്തരിച്ച എച്ച്.കെ. ദാമോദരന്‍ അനുസ്മരണ കുറിപ്പ്:

സന്തോഷ് ഒഴിഞ്ഞ വളപ്പ്

കാഞ്ഞങ്ങാടിന്റെ പോരാട്ട നഭസ്സില്‍ നിന്ന് ഒരു തേരാളി കൂടി മറയുന്നു. എച്ച്.കെ. എന്ന് പ്രിയപ്പെട്ടവര്‍ വിളിക്കുന്ന കുശാല്‍ നഗറിലെ എച്ച്.കെ. ദാമോദരന്‍ ഇനി ദീപ്തമായ ഓര്‍മ്മ! രാഷ്ട്രീയ-സാംസ്‌കാരിക സാഹിത്യ രംഗങ്ങളില്‍ നിസ്വവര്‍ഗ്ഗത്തിന്റെ മോചനത്തിന് പോരാളിയായ എഴുത്തുകാരനാണ് ദാമോദരേട്ടന്‍ എന്ന ഇഷ്ടക്കാരുടെ രണ്ടക്ഷരം എച്ച്. കെ. താലൂക്ക് ലൈബ്രറി കൗണ്‍സില്‍ എക്‌സിക്യൂട്ടീവ് അംഗമായി തുടരവെയാണ് വിധി അദ്ദേഹത്തെ തട്ടിയെടുത്തത്. പഴയ കാഞ്ഞങ്ങാട് പഞ്ചായത്തിലെ ജനപ്രതിനിധി കൂടിയായിരുന്നു ഒരു കാലത്ത് ഈ നോവലിസ്റ്റ്. ഉടഞ്ചല്‍ പിറന്ന നാടെവിടെ നോവല്‍ , പാളങ്ങള്‍, ഇല വെട്ടിയും രാജകുമാരിയും കാഞ്ഞിരങ്ങാടിന്റെ പഠനം തുടങ്ങിയ കൃതികള്‍ ഇദ്ദേഹത്തിന്റെതായി അക്ഷര ലോകത്തിന് സമര്‍പ്പിച്ചിരുന്നു. അടുത്ത കാലത്ത് നീലേശ്വരത്ത് ഒരു പ്രസിദ്ധീകരണ സംരംഭം തുടങ്ങിയിരുന്നു നിള സാഹിത്യ ട്രസ്റ്റ് അതിന്റെ മുഖ്യശില്‍പിയും ശബ്ദവും എച്ച്.കെ. ആയിരുന്നു. മൂന്ന് വര്‍ഷം മുമ്പ് കണ്ണൂരില്‍ നിള ബുക്‌സിന്റെ ഒരു പവലിയന്‍ കണ്ണൂര്‍ പുസ്തകോല്‍സവത്തില്‍ ഉണ്ടായിരുന്നു. അന്ന് എനിക്കും ദാമോദരേട്ടനും അവിടെ ഒന്നിച്ച് പ്രവര്‍ത്തിക്കാന്‍ അവസരമുണ്ടായി അതിന് സൗഹൃദപരമായ സാഹചര്യം ഉണ്ടാക്കിയത് എച്ച്. കെ.ആയിരുന്നു. ആരോഗ്യപരമായ ചില അവശതകള്‍ക്കിടയിലും പുസ്തക രചനയും പ്രസാധനവും സാഹിത്യ കൂട്ടായ്മയും ഒക്കെ സംഘടിപ്പിക്കുന്നതില്‍ സദാ തല്‍പരനായിരുന്നു… ആറാം തരത്തില്‍ കുട്ടിയായിരിക്കവെ ദേശാഭിമാനി വാരിക ബാലപംക്തിയില്‍ എഴുതിയാണ് ഇദ്ദേഹം സാഹിത്യ രചന തുടങ്ങിയത് കുട, മോചനം, വഴിപാട് തുടങ്ങിയ എഴുത്തുകള്‍ അന്നേ ശ്രദ്ധിക്കപ്പെട്ടിരുന്നു ഹൈസ്‌ക്കുള്‍ സാഹിത്യ മല്‍സരങ്ങളില്‍ നിരവധി സമ്മാനങ്ങള്‍ നേടിയിരുന്നു. ആ വഴി കഥ, നാടക രചന നാടകാഭിനയം എന്നീ മേഖലകളിലേക്ക് കടന്നു. ദേശാഭിമാനി ബാലസംഘം പിന്നീട് വിദ്യാര്‍ത്ഥി യുവജനപ്രസ്ഥാനങ്ങളിലെ സമരോജ്വലമായയൗവനം ദാമോദരനെ ട്രേഡ് യൂണിയന്‍ രംഗത്ത് സജീവമാക്കി ആ വഴി ജില്ലാ സഹകരണ ബാങ്കില്‍ ബില്‍ കളക്ടറായി ജോലിയില്‍ പ്രവേശിച്ചു ഇലട്രിക്കല്‍ യൂണിയന്‍ സമരകാലത്ത് പോസ്റ്റോഫീസ് പിക്കറ്റിംങ്ങിന് ഐക്യദാര്‍ഢ്യം പ്രകടിപ്പിച്ചതിന് കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ ശിക്ഷിക്കപ്പെട്ടു. പിന്നീട് പോസ്റ്റര്‍ പതിച്ചതിന് അടിയന്തിരാവസ്ഥക്കാലത്ത് പോലീസ് മര്‍ദ്ദനങ്ങള്‍ അമ്പതാണ്ടിന്റെ സജീവമായ രാഷ്ട്രീയ സാംസ്‌കാരിക സാമൂഹ്യപ്രവര്‍ത്തനം’ നിറശോഭയോടെ എച്ച്. കെ മുന്നോട്ട് കൊണ്ടുപോയി എളിമയും വിനയവും ആത്മാര്‍ത്ഥതയും സത്യസന്ധതയും കൈമുതലായ മാതൃകയായ പൊതു പ്രവര്‍ത്തകനെയാണ് എച്ച്.കെ. യുടെ വിയോഗത്തോടെ കാഞ്ഞങ്ങാടിന് നഷ്ടമായത്. കുശാല്‍ നഗറില്‍ 1953 ല്‍ ആണ് ദാമോദരേട്ടന്റെ ജനനം പിതാവ് കെ. കേളന്‍ തിക്കോടി, മാതാവ് ചുരിത കൊയിലാണ്ടി ഇരുവരും പഴയ കാലത്ത് തൊഴില്‍ തേടിയാണ് കോഴിക്കോട് നിന്ന് കാഞ്ഞങ്ങാട് എത്തിചേര്‍ന്നത് പറയ സമുദായത്തിന്റെ ചരിത്രം പേറുന്ന ബൃഹത്തായ നോവല്‍ ആഴ്ചകള്‍ക്ക് മുമ്പാണ് കുശാല്‍ നഗറില്‍ പി.വി.കെ. പനയാല്‍ പ്രകാശനം ചെയ്തത്. – അക്ഷരങ്ങളെ സ്‌നേഹിച്ച ഈ സാംസ്‌കാരിക പ്രതിഭ തെളിനീര്‍ പുഴപോലെ ഹൃദയത്തില്‍ നിന്നുള്ള സൗഹൃദവുമായി ഇനി നമുക്കിടയില്‍ ഇല്ല സമൂഹത്തിന്റെ അടിത്തട്ടില്‍ നിന്ന് സ്വപ്രയത്‌നം കൊണ്ട് ഉയര്‍ന്നുവന്ന മനുഷ്യസ്‌നേഹിയായ എഴുത്തുകാരന്‍ സ്മൃതി ഹൃദയങ്ങളില്‍ എന്നും ജ്വലിക്കുന്ന പ്രതീക്ഷ തുരുത്തായിരുന്നു. ‘സാമൂഹ്യമായ അനീതികള്‍ക്ക് എതിരായ സധൈര്യം പൊരുതിക്കയറിയ ഉന്നത ശീര്‍ഷനായ പൊതു പ്രവര്‍ത്തകനാണ്. ആ ഓര്‍മ്മകള്‍ നാടിന് എന്നുംകരുത്താണ്.

error: Content is protected !!