പയ്യന്നൂര്‍: ദേശീയ പാതയില്‍ എടനാട് എല്‍പി സ്‌കൂളിന് സമീപം വയോധികന്‍ കാറിടിച്ചു മരിച്ചു. എടാട്ട് കേന്ദ്രീയ വിദ്യാലയത്തിന് സമീപം താമസിക്കുന്ന ടി.കെ.അബ്ദു (78) ആണ് മരണപ്പെട്ടത്. ഇന്നലെ രാത്രി 7.45 മണിയോടെയാണ് അപകടം. എടനാട് എല്‍പി സ്‌കൂളിന് മുന്‍വശത്തെ റോഡ് മുറിച്ചു കടക്കുമ്പോഴാണ് അപകടം. കാറിടിച്ച് തെറിച്ചു വീണതിനെ തുടര്‍ന്ന് ഗുരുതരമായി പരിക്കേറ്റ വയോധികനെ ഉടന്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. ഇടിച്ചിട്ട് നിര്‍ത്താതെ പോയ കാര്‍ കണ്ടെത്താന്‍ പോലീസ് അന്വേഷണം ഊര്‍ജിതമാക്കി. ഏഴിലോട് ഭാഗത്തു നിന്നും പയ്യന്നൂര്‍ ഭാഗത്തേക്ക് പോയ കാര്‍ കണ്ടെത്താന്‍ പ്രദേശത്തെ നിരീക്ഷണ ക്യാമറ ദൃശ്യങ്ങളുള്‍പ്പെടെ പോലീസ് പരിശോധിച്ചു വരികയാണ്. വെളുത്ത കാറിടിച്ചാണ് അപകടമുണ്ടായതെന്ന നാട്ടുകാരന്‍ കുഞ്ഞിമംഗലത്തെ ദിലീപ് കുമാര്‍ പയ്യന്നൂര്‍ പോലീസിന് നല്‍കിയ പരാതിയില്‍ കാര്‍ ഡ്രൈവര്‍ക്കെതിരെ പയ്യന്നൂര്‍ പോലീസ് കേസെടുത്തിട്ടുണ്ട്. അശ്രദ്ധമായി വാഹനമോടിച്ച് നരഹത്യക്കിടയാക്കിയ കുറ്റത്തിനാണ് കേസ്.
