സാമൂഹ്യ ഐക്യദാര്‍ഢ്യ പക്ഷാചരണം: സംസ്ഥാനതല ഉദ്ഘാടനം കാഞ്ഞങ്ങാട്ട് ; സംഘാടകസമിതി രൂപീകരിച്ചു

കാഞ്ഞങ്ങാട് : ഒക്ടോബര്‍ 2ന് കാഞ്ഞങ്ങാട് മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്യുന്ന സംസ്ഥാനതല സാമൂഹിക ഐക്യദാര്‍ഢ്യ പക്ഷാചരണത്തിന്റെ സംഘാടകസമിതിരൂപീകരണയോഗം കാഞ്ഞങ്ങാട് താലൂക്ക് ഓഫീസ് കോണ്‍ഫറന്‍സ് ഹാളില്‍ നടന്നു . ജില്ലാ കളക്ടര്‍ കെ ഇമ്പശേഖര്‍ ഉദ്ഘാടനം ചെയ്തു. പരിപാടിയുടെ വിജയത്തിന് എല്ലാ വകുപ്പുകളുടെയും സമയബന്ധിതവും ചിട്ടയോടെയും ഉള്ള ഏകോപിച്ചുള്ള പ്രവര്‍ത്തനങ്ങള്‍ ഉറപ്പാക്കണം എന്ന് ജില്ലാ കളക്ടര്‍ പറഞ്ഞു. ജില്ലയുടെ വിവിധ മേഖലകളിലുള്ള ഉന്നതികളില്‍ നിന്ന് ആളുകള്‍ക്ക് കാഞ്ഞങ്ങാട് എത്തിച്ചേരുന്നതിന് ഗതാഗത സംവിധാനം ബന്ധപ്പെട്ട വകുപ്പുകള്‍ ഒരുക്കുന്നതിന് നടപടി സ്വീകരിക്കണമെന്നും കളക്ടര്‍ നിര്‍ദ്ദേശിച്ചു. കാഞ്ഞങ്ങാട് നഗരസഭ വൈസ് ചെയര്‍ പേഴ്‌സണ്‍ ബില്‍ട്ടെക്ക് അബ്ദുള്ള അധ്യക്ഷത വഹിച്ചു. സംസ്ഥാന പട്ടികജാതി വികസന വകുപ്പ് ഡെപ്യൂട്ടി ഡയറക്ടര്‍ കെ കെ ഷാജു പരിപാടി വിശദീകരിച്ചു സംസ്ഥാന പട്ടികവര്‍ഗ്ഗ ഉപദേശക സമിതി അംഗവും മുന്‍ എംഎല്‍എയുമായ എം കുമാരന്‍, കാഞ്ഞങ്ങാട് നഗരസഭ സ്ഥിരം സമിതി അധ്യക്ഷ കെ ലത കാഞ്ഞങ്ങാട് ഡിവൈഎസ്പി സി കെ സുനില്‍കുമാര്‍ സംസാരിച്ചു. അസിസ്റ്റന്റ് പട്ടികവര്‍ഗ്ഗ വികസന ഓഫീസര്‍ കെ വി രാഘവന്‍ വിവിധ സബ് കമ്മിറ്റികളുടെ പട്ടിക അവതരിപ്പിച്ചു. വിവിധ രാഷ്ട്രീയകക്ഷി പ്രതിനിധികള്‍ കാഞ്ഞങ്ങാട് നഗരസഭ സ്ഥിരം സമിതി അധ്യക്ഷന്‍മാര്‍, കൗണ്‍സിലര്‍മാര്‍, മുന്‍സഭ ചെയര്‍മാന്‍ ജില്ലാആസൂത്രണ സമിതി അംഗംവി വി രമേശന്‍, ഹൊസ്ദുര്‍ഗ് തഹസില്‍ദാര്‍ ജി സുരേഷ് ബാബു, പട്ടികജാതി വികസന വകുപ്പിലെ ചീഫ് പബ്ലിസിറ്റി ഓഫീസര്‍ അനീഷ്, കാഞ്ഞങ്ങാട് ഡിഇഒ, പട്ടികജാതി പട്ടികവര്‍ഗ്ഗ പിന്നോക്കക്ഷേമ വകുപ്പിലെ വിവിധ ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു. ജില്ലാ പട്ടികവര്‍ഗ്ഗ വികസന ഓഫീസര്‍ കെ സി അയ്യപ്പന്‍ സ്വാഗതവും ജില്ലാ പട്ടികജാതി വികസന ഓഫീസര്‍ ഒ പി രാധാകൃഷ്ണന്‍ നന്ദിയും പറഞ്ഞു. വിദ്യാഭ്യാസ-ആരോഗ്യ- തൊഴില്‍ പരിപാടികള്‍ക്ക് പ്രത്യേക മുന്‍ഗണന നല്‍കിയാണ് ഈ വര്‍ഷത്തെ സാമൂഹൃ ഐക്യദാര്‍ഢ്യ പക്ഷാചരണം ഒക്ടോബര്‍ 2 മുതല്‍ 15 വരെ നടത്തുന്നത്. വിവിധ വകുപ്പുകളുമായി ചേര്‍ന്ന് പട്ടിക വിഭാഗ – പിന്നാക്ക വികസന വകുപ്പാണ് പരിപാടികള്‍ സംഘടിപ്പിക്കുന്നത്.

മഹാത്മ ഗാന്ധി – ശ്രീ നാരായണഗുരു സമാഗമത്തിന്റെ നൂറാം വാര്‍ഷിക അനുസ്മരണവും ഇത്തവണത്തെ ഐക്യദാര്‍ഢ്യ പക്ഷാചരണ പരിപാടികളുടെ ഭാഗമായി സംഘടിപ്പിക്കും. ‘ കുതിച്ചുയരാം അറിവിലേക്കും തൊഴിലിലേക്കും ‘ എന്നതാണ് ഈ വര്‍ഷത്തെ ഐകൃദ്യാര്‍ഢ്യ സന്ദേശം. സമൂഹത്തിന്റെ പൊതുധാരയിലേക്ക് പട്ടിക ജനവിഭാഗങ്ങളെ നയിക്കുന്നതിനുള്ള പരിശ്രമങ്ങളാണ് പക്ഷാചരണത്തിലൂടെ നടത്തുന്നത്. പക്ഷാചരണത്തിന്റെ ‘സംസ്ഥാന തല ഉദ്ഘാടനം വ്യാഴാഴ്ച പകല്‍ 12 ന് കാസര്‍കോട് കാഞ്ഞങ്ങാട് മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍വഹിക്കും. സംസ്ഥാന തല സമാപനം 15 ന് തിരുവനന്തപുരം ആര്യനാട് നടത്തും.

പക്ഷാചരണ പരിപാടികള്‍ കൂടുതല്‍ ജനകീയവല്‍ക്കരിച്ച് ഓരോ നിയോജക മണ്ഡലത്തിലും പഞ്ചായത്തുകളിലും സംഘടിപ്പിക്കാനാണ് തീരുമാനം. രണ്ടാഴ്ചത്തെ ഓരോ ദിവസവും പ്രത്യേക വിഷയത്തെ അധികരിച്ചുള്ള പ്രവര്‍ത്തനങ്ങളാണ് സംഘടിപ്പിക്കുക.

ഒക്ടോബര്‍ 2 ന് ശുചിത്വം, 3ന് ലഹരി വിരുദ്ധ പ്രചാരണങ്ങള്‍, 4 ന് ആരോഗ്യം, 5 ന് വിദ്യാഭ്യാസം, 6 ന് ആവാസ ദിനം, 7 ന് തൊഴില്‍ കാമ്പയിന്‍, 8 ന് തൊഴിലുറപ്പ്, 9 ന് ഗാന്ധി – ശ്രീനാരായണഗുരു സമാഗമത്തിന്റെ നൂറാം വാര്‍ഷികം, 10 ന് വനാവകാശം, 11 ന് അതിക്രമം തടയല്‍, 12 ന് ഐശ്വര്യ ഗ്രാമവികസന പദ്ധതി ആരംഭം, 13 ന് ദുരന്ത സാധ്യതാ വിഷയങ്ങള്‍, 14 ന് ഹോസ്റ്റലുകളിലെ സോഷ്യല്‍ ഓഡിറ്റ് എന്നിങ്ങനെയാണ് ഓരോ ദിവസത്തെയും വിഷയങ്ങള്‍.  പട്ടിക വിഭാഗ ഓഫീസുകള്‍ക്കു കീഴിലുള്ള എല്ലാ തദ്ദേശ സ്ഥാപനങ്ങളും കേന്ദ്രീകരിച്ചാകും പരിപാടികള്‍. 15,000 സേഫ് വീടുകള്‍ പൂര്‍ത്തിയായതിന്റെ പ്രഖ്യാപനം, 5000 പട്ടിക വിഭാഗക്കാര്‍ക്ക് തൊഴിലവസരങ്ങള്‍ ഉറപ്പിക്കല്‍, ജീവിതശൈലി രോഗ നിര്‍ണയ ക്യാമ്പുകള്‍, ചെറുകിട സംരംഭകര്‍ക്കുള്ള ടോപ് അപ്പ് ലോണ്‍ സമൃദ്ധി കേരളം പദ്ധതിയുടെ വായ്പാ വിതരണം തുടങ്ങി വിവിധ പ്രവര്‍ത്തനങ്ങളും ഇതോടൊപ്പംനടത്തും.

error: Content is protected !!