ആഗോള അയ്യപ്പ സംഗമം : ദേവസ്വം ബോര്‍ഡിന്റെ നിര്‍ദ്ദേശത്തെ ചോദ്യം ചെയ്ത് ദേവസ്വം ജീവനക്കാരന് കാരണം കാണിക്കല്‍ നോട്ടീസ് നല്‍കിയ ക്ഷേത്ര ചെയര്‍മാന്റെ നടപടി ജനാധിപത്യവിരുദ്ധം: അഡ്വ. കെ. ശ്രീകാന്ത്

കാസര്‍കോട്: ആഗോള അയ്യപ്പ സംഗമത്തില്‍ ആളെ കൂട്ടാന്‍ മലബാര്‍ ദേവസ്വം ബോര്‍ഡിന്റെ നിര്‍ദ്ദേശത്തെ ചോദ്യം ചെയ്ത് കേരള ഹൈക്കോടതിയില്‍ ഹര്‍ജി ഫയല്‍ ചെയ്ത ദേവസ്വം ജീവനക്കാരന് കാരണം കാണിക്കല്‍ നോട്ടീസ് നല്‍കിയ ക്ഷേത്ര ചെയര്‍മാന്റെ നടപടിജനാധിപത്യവിരുദ്ധമാണെന്ന് ബിജെപി കോഴിക്കോട് മേഖലാ പ്രസിഡന്റ് അഡ്വ. കെ. ശ്രീകാന്ത് ആരോപിച്ചു. ഹൈക്കോടതി കേസില്‍ ദേവസ്വം ബോര്‍ഡിന് തിരിച്ചടിയാകുമെന്ന ബോധ്യപ്പെട്ട സിപിഐഎമ്മാണ് ഇതിന് പിന്നിലെന്നും അദ്ദേഹം ആരോപിച്ചു.മലബാര്‍ ദേവസ്വം ബോര്‍ഡിന്റെ ജീവനക്കാര്‍ അടിമകളല്ല. രാഷ്ട്രീയ താല്‍പര്യത്തോടെ എടുത്തിരിക്കുന്ന ബോര്‍ഡിന്റെ തീരുമാനങ്ങളെ ചോദ്യം ചെയ്യാനുള്ള അവകാശം ജീവനക്കാര്‍ ഉള്‍പ്പെടെ ഭക്തജനങ്ങള്‍ക്ക് ഉണ്ടെന്ന് അഡ്വ. കെ. ശ്രീകാന്ത് വ്യക്തമാക്കി. ഹര്‍ജി ഫയല്‍ ചെയ്ത ജീവനക്കാരനെ അച്ചടക്ക നടപടിയിലൂടെ നിശബ്ദനാക്കാനുള്ള ശ്രമമാണ് ഇതിന് പിന്നിലെന്നും അദ്ദേഹം ആരോപിച്ചു. കാരണം കാണിക്കല്‍ നോട്ടീസ് നല്‍കിയ ക്ഷേത്ര ചെയര്‍മാന്‍ എ. മധു, തനിക്ക് ശമ്പളം കിട്ടാതിരിക്കുമ്പോള്‍ അതിനെതിരെ സമരം നടത്തിയ വ്യക്തിയാണ്. സ്വന്തം കാര്യം വരുമ്പോള്‍ അവകാശങ്ങള്‍ക്കായി പോരാടുന്നവര്‍, അവരുടെ കീഴിലുള്ള ജീവനക്കാരുടെ ആനുകൂല്യങ്ങള്‍ നിഷേധിക്കുകയും അതിനെതിരെ ശബ്ദമുയര്‍ത്തുമ്പോള്‍ അച്ചടക്കനടപടിയുടെ വാള്‍ വീശുകയും ചെയ്യുന്നത് ഇരട്ടത്താപ്പാണെന്ന് ശ്രീകാന്ത് കുറ്റപ്പെടുത്തി.

ഹൈക്കോടതി നിര്‍ദ്ദേശം ലംഘിച്ച് അയ്യപ്പ സംഗമത്തില്‍ പങ്കെടുക്കാന്‍ ക്ഷേത്ര ഫണ്ട് ഉപയോഗിച്ചാല്‍, അതിനെതിരെ ഉയരുന്ന ഭക്തജനങ്ങളുടെ പ്രതിഷേധങ്ങള്‍ക്ക് മുഴുവന്‍ പിന്തുണയും ബിജെപി നല്‍കുമെന്നും അദ്ദേഹം വ്യക്തമാക്കി.രാഷ്ട്രീയ യജമാനന്മാരെ പ്രീതിപ്പെടുത്താനുള്ള മലബാര്‍ ദേവസ്വം ബോര്‍ഡിന്റെ നീക്കം പ്രതിഷേധാര്‍ഹമാണ്. ജീവനക്കാര്‍ക്ക് നല്‍കേണ്ട അടിസ്ഥാന ആനുകൂല്യങ്ങള്‍ പോലും നല്‍കാത്ത ദേവസ്വം ബോര്‍ഡ്, സിപിഎമ്മിന്റെ രാഷ്ട്രീയ തീരുമാനപ്രകാരം നടത്തുന്ന അയ്യപ്പ സംഗമത്തില്‍ ആളെ പങ്കെടുപ്പിക്കാന്‍ ക്ഷേത്ര ഫണ്ട് ദുരുപയോഗം ചെയ്യുന്നത് ഒരിക്കലും അംഗീകരിക്കാന്‍ കഴിയില്ലെന്ന് ശ്രീകാന്ത് പറഞ്ഞു.
മലബാര്‍ ദേവസ്വം ബോര്‍ഡിന്റെ ജീവനക്കാര്‍ അനുഭവിക്കുന്ന ദുരവസ്ഥ പരിഹരിക്കാന്‍ അടിയന്തരമായി ദേവസ്വം ബോര്‍ഡും സര്‍ക്കാരും തയ്യാറാകണമെന്ന് ശ്രീകാന്ത്ആവശ്യപ്പെട്ടു.

error: Content is protected !!