പ്രതിയെ പിടികൂടാന്‍ ഇറങ്ങിയ പോലീസ് ഉദ്യോഗസ്ഥര്‍ സഞ്ചരിച്ച കാറും ടിപ്പര്‍ ലോറിയും കൂട്ടിയിടിച്ച് സീനിയര്‍ സിവില്‍ പോലീസ് ഓഫീസര്‍ക്ക് ദാരുണ അന്ത്യം

കാസര്‍കോട് : മയക്ക് മരുന്ന് കേസിലെ പ്രതിയെ പിടികൂടാന്‍ ഇറങ്ങിയ പോലീസ് ഉദ്യോഗസ്ഥര്‍ സഞ്ചരിച്ച കാറും ടിപ്പര്‍ ലോറിയും കൂട്ടിയിടിച്ച് സീനിയര്‍ സിവില്‍ പോലീസ് ഓഫീസര്‍ക്ക് ദാരുണ അന്ത്യം. മറ്റൊരു പോലീസ് ഓഫീസര്‍ക്ക് പരിക്കേറ്റു. ചെര്‍ക്കള
നാലാംമൈല്‍ ദേശീയ പാതയില്‍ ഇന്ന് പുലര്‍ച്ചെ 2.45 നാണ് അപകടം. ഡി.വൈ.എസ്.പിയുടെ ഡാന്‍സാഫ് സ്‌ക്വാഡ് അംഗങ്ങളായ സീനിയര്‍ സിവില്‍ ഓഫീസര്‍ ചെറുത്തൂര്‍ മയിച്ചയിലെ കെ. കെ. സജീഷ് (35) ആണ് മരിച്ചത്. സീനിയര്‍ സിവില്‍ ഓഫീസര്‍ പെരിയ സ്വദേശി സുഭാഷ് ചന്ദ്രന്‍ (40) നെ ചെങ്കള ഇ.കെ. നായനാര്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

മയക്കുമരുന്ന് കേസില്‍ രക്ഷപ്പെട്ട ദന്ത ഡോക്ടറെ പിടികൂടാന്‍ പോകവെ പോലീസ് ഉദ്യോഗസ്ഥര്‍ സഞ്ചരിച്ച കെ എല്‍ 60 ടി 363 നമ്പര്‍
ആള്‍ട്ടോ കാറും എതിരെ വന്ന കെ എല്‍ 14 ജെ 8782 നമ്പര്‍ ടിപ്പര്‍ലോറിയും കൂട്ടിയിടിക്കുകയായിരുന്നു. ഇരുവരെയും ആശുപത്രിയില്‍ എത്തിച്ചെങ്കിലും സജീഷിന്റെ ജീവന്‍ രക്ഷിക്കാനായില്ല. മൃതദേഹം കാസര്‍കോട് ജനറല്‍ ആശുപത്രിയിലേക്ക് മാറ്റി. ഇന്നലെ രാത്രി സജീഷും സുഭാഷും ചേര്‍ന്ന് മേല്‍പ്പറമ്പ് പോലീസിനൊപ്പം കാറില്‍ കടത്തിയ എം.ഡി എം എ യും കഞ്ചാവും പിടികൂടിയിരുന്നു. ഈ കേസില്‍ ഒരു പ്രതി അറസ്റ്റിലാവുകയും ഒപ്പമുണ്ടായിരുന്ന ദന്ത ഡോക്ടര്‍ രക്ഷപ്പെട്ടിരുന്നു. ഈ പ്രതിയെ തേടി പോകുന്നതിനിടെയാണ് അപകടം.

നീലേശ്വരം പോലീസ് ക്വാര്‍ട്ടേഴ്‌സില്‍ താമസിക്കുന്ന സജീഷ് മയിച്ച വയലിലെ പരേതയായ കെ കെ ജാനകിയും കൃഷ്ണന്റെയും
മകനാണ്. കരിന്തളം കയനി സ്വദേശിനി സി.ഷൈനി മോളാണ് ഭാര്യ. മകള്‍: ദിയ, ദേവജ്. സഹോദരങ്ങള്‍: പ്രജിത്ത്, ജയേഷ് (ഇരുവരും മലേഷ്യ). നീലേശ്വരം ബ്ലോക്ക് ഓഫീസിന് സമീപം പുതിയ വീടിന്റെ നിര്‍മ്മാണ പ്രവര്‍ത്തികള്‍ നടന്നുവരുന്നതിനിടെയാണ് സജീഷിന്റെ മരണം. അപകടത്തില്‍ വരുത്തി വെച്ച ലോറി പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. കാസര്‍കോട് ജനറല്‍ ആശുപത്രിയില്‍ മൃതദേഹം ഇന്ന് പോസ്റ്റ്‌മോര്‍ട്ടം നടത്തും. മോര്‍ച്ചറിയില്‍ സൂക്ഷിക്കുന്ന മൃതദേഹം നാളെ പൊതുദര്‍ശനത്തിനു ശേഷം സംസ്‌കാരം നടത്തും.

error: Content is protected !!