കാഞ്ഞങ്ങാട്: ഫലസ്തീനികള്‍ക്ക് വേണ്ടി ആത്മാര്‍ത്ഥമായി പ്രാര്‍ത്ഥിക്കുകയും പ്രാര്‍ത്ഥന സ്വീകരിക്കപ്പെടാനുള്ള അര്‍ഹത ശരിയായ വിശ്വാസത്തിലൂടെയും ശ്രേഷ്ഠമായ കര്‍മ്മങ്ങളിലൂടെയും ആര്‍ജിക്കുകയും വേണമെന്ന് സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ പ്രസിഡണ്ടും കാഞ്ഞങ്ങാട് സംയുക്ത മുസ്ലിം ജമാഅത്ത് ഖാസിയുമായ സയ്യിദ് മുഹമ്മദ് ജിഫ്രി മുത്തുക്കോയ തങ്ങള്‍ ആഹ്വാനം ചെയ്തു.
അല്ലാഹുവിന് മുമ്പിലുള്ള സമ്പൂര്‍ണ്ണ സമര്‍പ്പണവും പ്രവാചക പ്രഭുവിനോടുള്ള പൂര്‍ണ്ണമായ അനുധാവനവും വഴിയല്ലാതെ പ്രാര്‍ത്ഥന സ്വീകരിക്കപ്പെടാനുള്ള അര്‍ഹത നേടാനാവില്ല. പ്രപഞ്ചത്തിലെ മനുഷ്യരടക്കമുള്ള സകല ജീവജാലങ്ങളോടും പ്രകൃതിയോടും സ്വീകരിക്കേണ്ട സമീപനങ്ങളും നിലപാടുകളും സമൂഹത്തിന് മാര്‍ഗ്ഗദര്‍ശനം നല്കി കൊണ്ട് ഏറ്റവും ഉന്നതവും ഉദാത്തവും ഉല്‍കൃഷ്ടവുമായ സമൂഹ സൃഷ്ടി സാധ്യമാക്കിയ പ്രബോധകനാണ് പ്രവാചകന്. പ്രപഞ്ചത്തിലൊട്ടാകെ കരുണയും ലോകത്താകെ സമാധാനവും സമ്മാനിച്ച നബി മദീന സമ്പൂര്‍ണമായി അവിടത്തെ കാലടികളിലമര്ന്നപ്പോള് പോലും മദീനയിലെ യഹൂദ ക്രൈസ്തവ വിഭാഗങ്ങള്‍ക്കും മറ്റു വിശ്വാസാചാരങ്ങള്‍ പുലര്‍ത്തുന്നവര്‍ക്കും അവരുടെ വിശ്വാസാചാരങ്ങള്‍ നിലനിര്‍ത്തിക്കൊണ്ട് പൂര്‍ണ സ്വാതന്ത്ര്യത്തോടെ ജീവിക്കാന്‍ അവകാശം നല്കിയ മാതൃകാ ഭരണാധികാരിയായിരുന്നു നബി. ഫലസ്തീനികളെ അധികാരത്തിന്റെ മുഷ്കില്‍ നിഗ്രഹിച്ച് കൊണ്ടിരിക്കുന്ന ഇസ്രായേലും അവരെ പിന്തുണയ്ക്കുന്ന പാശ്ചാത്യ ഭരണകൂടങ്ങളും പ്രവാചകരുടെ ഈ മാതൃക പിന്തുടര്ന്നിരുന്നെങ്കില് ഇത്ര വലിയ മാനവ വിരുദ്ധത നടമാടുകയില്ലായിരുന്നെന്നും അദ്ദേഹം തുടര്‍ന്ന് പറഞ്ഞു.
കാഞ്ഞങ്ങാട് സംയുക്ത മുസ്ലിം ജമാഅത്ത് നബിദിന സമ്മേളനവും ഗസ്സ ഐക്യദാര്‍ഢ്യ പ്രാര്‍ത്ഥനാ സദസ്സും ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. ഉസ്താദ് മഅ്മൂന്‍ ഹുദവി വണ്ടൂര്‍ മദ്ഹുറസൂല്‍ പ്രഭാഷണം നിര്‍വഹിച്ചു.
പ്രസിഡന്റ് മുബാറക് ഹസൈനാര്‍ ഹാജിയുടെ അധ്യക്ഷതയില്‍ ജനറല്‍ സെക്രട്ടറി ബഷീര്‍ വെള്ളിക്കോത്ത് ആമുഖ പ്രസംഗം നടത്തി.
നബിയുടെ പേരില്‍ മൗലിദ് പാരായണവും തുടര്‍ന്ന് ഗസ്സ ഐക്യദാര്‍ഢ്യ പ്രാര്‍ത്ഥനയും നടന്നു. കാഞ്ഞങ്ങാട് സംയുക്ത മുസ്ലിം ജമാഅത്ത് ഭാരവാഹികളായ എം കെ അബൂബക്കര്‍ ഹാജി, ജാതിയില്‍ ഹസൈനാര്‍, പി കെ അബ്ദുല്ലക്കുഞ്ഞി ഹാജി, കെ ബി കുട്ടി ഹാജി, ശരീഫ് എഞ്ചിനീയര്‍, റഷീദ് തോയമ്മല്‍, താജുദ്ദീന് കമ്മാടം, അബൂബക്കര്‍ മാസ്റ്റര്‍ പാറപ്പള്ളി, മുന്‍ ജനറല്‍ സെക്രട്ടറിമാരായ എം മൊയ്തു മൗലവി പുഞ്ചാവി, എ ഹമീദ് ഹാജി എന്നിവരും മൊയ്തു അസ്ഹരി, അബ്ദുല്‍ റഹ്മാന് ദാരിമി, ആദം ദാരിമി, അബ്ദുല്ല സഖാഫി, മുനീര്‍ ഫൈസി, മൊയ്തീന് കുഞ്ഞി മൗലവി, മുഷ്താഖ് ഹുദവി എന്നിവര്‍സംസാരിച്ചു.
