അമ്പലത്തറ: കേരള സ്റ്റേറ്റ് റൈഫിള്‍ അസോസിയേഷനും കാസര്‍ഗോഡ് ജില്ല റൈഫിള്‍ അസോസിയേഷനും സംയുക്തമായി സംഘടിപ്പിച്ച 57 മത് സംസ്ഥാന ഷ്യൂട്ടിംഗ് ചാമ്പ്യന്‍ ഷിപ്പിന് പ്രൗഢ ഗംഭീര സമാപനം. കഴിഞ്ഞ 6 ദിവസങ്ങളിലായി,50 മീറ്റര്‍,25 മീറ്റര്‍,10 മീറ്റര്‍ എന്നീ വിഭാഗങ്ങളിലായി അത്യന്തം വാശിയോടെ നടന്ന മല്‍സരത്തില്‍ കോഴിക്കോട് ജില്ല ഓവറോള്‍ ചാമ്പ്യന്‍മാരായി. പാലക്കാടും തൃശൂരും യഥാക്രമം രണ്ടും മൂന്നും സ്ഥാനങ്ങള്‍ നേടി. സംസ്ഥാനത്തെ മുഴുവന്‍ ജില്ലകളില്‍ നിന്നായി 835 പേരാണ് 200 ഓളം ഇനങ്ങളില്‍ വരുന്ന മല്‍സരത്തില്‍ മാറ്റുരച്ചത്. സമാപന ചടങ്ങ് എ ഡി ജി പി ( പോലീസ് ഹെഡ് ക്വാര്‍ട്ടേര്‍സ് ) എസ്.ശ്രീജിത്ത് ഉദ്ഘാടനം ചെയ്ത് വിജയികള്‍ക്ക് മെഡലുകള്‍ നല്‍കി. ജില്ലാ പോലീസ് മേധാവിയും കാസര്‍കോട് ജില്ലാ റൈഫിള്‍ അസോസിയേഷന്‍ വൈസ് പ്രസിഡന്റുമായ വിജയഭാരത് റെഡ്ഡി അധ്യക്ഷത വഹിച്ചു. കേരള സ്റ്റേറ്റ് റൈഫിള്‍ അസോസിയേഷന്‍ സെക്രട്ടറി വി.സി. ജെയിംസ് നന്ദി പ്രഭാഷണം നടത്തി.സ്റ്റേറ്റ് അസോസിയേഷന്‍ ട്രഷററും,കാസര്‍കോട് ജില്ലാ റൈഫിള്‍ അസോസിയേഷന്‍ സെക്രട്ടറിയുമായ അഡ്വ. കെ.എ.നാസര്‍ സ്വാഗതം പറഞ്ഞു. ജില്ലാ ട്രഷറര്‍ എ.കെ. ഫൈസല്‍, ജോയിന്റ് സെക്രട്ടറി രാജേന്ദ്രകുമാര്‍, കണ്ണൂര്‍ ജില്ല സെക്രട്ടറി
ലക്ഷ്മി കാന്ത്, കോഴിക്കോട് ജില്ല സെക്രട്ടറി അഭിജിത് എന്നിവര്‍ സമ്മാനദാന ചടങ്ങിന് നേതൃത്വം നല്‍കി. സെപ്റ്റംബര്‍ 24 മുതല്‍ 29 വരെ ഡല്‍ഹിയില്‍ വെച്ച് നടക്കുന്ന ജൂനിയര്‍ വേള്‍ഡ് കപ്പ് ഷൂട്ടിംഗ് ചാമ്പ്യന്‍ഷിപ്പില്‍ 50 മീറ്റര്‍ റൈഞ്ചിന്റെ ചീഫ് റൈഞ്ച് ഓഫീസറായി തെരഞ്ഞെടുക്കപ്പെട്ട മിലന്‍ ജെയിംസിനെ എ ഡി ജി പി പൊന്നാട അണിയിച്ച്ആദരിച്ചു.
