വെള്ളിക്കുന്നത്ത് ഭഗവതി കാവില്‍ നവാഹ യജ്ഞത്തിന് തുടക്കമായി; ആചാര്യ വരവേല്‍പ്പും യജ്ഞ ദീപം തെളിയിക്കലും നടന്നു

വെള്ളിക്കോത്ത്: ക്ഷേത്രങ്ങളിലും തറവാടുകളിലും സര്‍വ്വസാധാരണയാ യി നിരവധി സപ്താഹ യജ്ഞങ്ങള്‍ നടത്താറുണ്ടെങ്കിലും ശ്രീമദ് ദേവി ഭാഗവത നവാഹ യജ്ഞം അത്യപൂര്‍വമായി മാത്രമേ നടന്ന് വരാറുള്ളൂ. ദേവീക്ഷേത്രങ്ങളില്‍ ഈ മംഗള കര്‍മ്മം നടത്തുക എന്നത് ഏറ്റവും ഉചിതമായ സമര്‍പ്പണം തന്നെയാണ്. വെള്ളിക്കുന്നത്ത് ഭഗവതിക്കാവില്‍ 1957ല്‍ നടന്ന ആദ്യത്തെ നവീകരണ നിര്‍മ്മാണ പ്രവര്‍ത്തനങ്ങളുടെ തുടര്‍ച്ചയായി കവിയും സ്വാതന്ത്ര്യസമരസേനാനിയും ആയിരുന്ന യശ: ശരീരനായ സുബ്രഹ്‌മണ്യന്‍ തിരുമുമ്പിന്റെ കാര്‍മ്മികത്വത്തില്‍ ശ്രീമദ് ദേവി ഭാഗവത യജ്ഞം നടത്തിയിരുന്നു. ഈ വര്‍ഷം നവരാത്രി ആഘോഷത്തോടനുബന്ധിച്ച് ക്ഷേത്രത്തില്‍ ശ്രീമദ് ദേവി ഭാഗവത നവാഹ യജ്ഞം നടക്കുകയാണ്. ഇതിന്റെ ഭാഗമായി വാദ്യമേളം, മുത്തുക്കുട, താലപ്പൊലിയെന്തിയ ബാലികമാര്‍ തുടങ്ങിയവരുടെ അകമ്പടിയോടെ എടനീര്‍ മടാതിപതി ശ്രീ സച്ചിദാനന്ദ ഭാരതി സ്വാമികളെയും ക്ഷേത്രം തന്ത്രികള്‍ ബ്രഹ്‌മശ്രീ ആലംപാടി പത്മനാഭ പട്ടേരി യെയും യജ്ഞാചാര്യന്‍ പൈതൃക രത്‌നം ഡോക്ടര്‍ കെ. ഉണ്ണികൃഷ്ണന്‍ നമ്പൂതിരി തിരുവനന്തപുരം മറ്റ് സഹ ആചാര്യ ന്മാരെയും യജ്ഞശാലയിലേക്ക് ആനയിച്ചുകൊണ്ട് ആചാര്യ വരവേല്‍പ്പ് നടന്നു. തുടര്‍ന്ന് സച്ചിദാനന്ദ ഭാരതി സ്വാമികള്‍ യജ്ഞ ദീപം തെളിയിച്ച് ശ്രീമദ് ദേവി ഭാഗവത സപ്താഹ യജ്ഞത്തിന് ഭക്തിനിര്‍ഭരമായ തുടക്കം കുറിച്ചു. സച്ചിദാനന്ദ ഭാരതി സ്വാമികളുടെ അനുഗ്രഹ പ്രഭാഷണവും ഭക്തജനങ്ങള്‍ക്കായുള്ള ആശീര്‍വാദവും നടന്നു. പിന്നീട് ആചാര്യ വരണം, ദേവി ഭാഗവത മാഹാത്മ്യ പ്രഭാഷണം എന്നിവയും നടന്നു. നിരവധി ഭക്തജനങ്ങള്‍ പരിപാടിയില്‍ സംബന്ധിച്ചു. തുടര്‍ന്നുള്ള ദിവസങ്ങളിലും വിവിധ പൂജകളും ദേവി ഭാഗവത മാഹാത്മ്യ പ്രഭാഷണവും നടക്കും. ഉത്സവ ആഘോഷ പരിപാടികള്‍ ഒക്ടോബര്‍ രണ്ടിന്സമാപിക്കും.

error: Content is protected !!