ആഗോള അയ്യപ്പ സംഗമത്തിന് ആശംസയുമായി യോഗി ആദിത്യനാഥ്; ശബരിമല ക്ഷേത്രം മതാതീത ആത്മീയതയുടെ ആരാധനാലയം: മുഖ്യമന്ത്രി പിണറായി വിജയന്‍

പമ്പ:മതാതീത ആത്മീയതയെ ഉദ്‌ഘോഷിക്കുന്ന, എല്ലാ മനുഷ്യര്‍ക്കും ഒരുപോലെ പ്രാപ്തമായ ആരാധനാലയമാണ് ശബരിമല ക്ഷേത്രമെന്നും ആ നിലയ്ക്ക് തന്നെ ശക്തിപ്പെടുത്തേണ്ടതുണ്ടെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍. ശബരിമലയുടെ സമഗ്ര വികസനം ലക്ഷ്യമിട്ട് പമ്പാ മണപ്പുറത്ത് സംഘടിപ്പിച്ച ആഗോള അയ്യപ്പ സംഗമം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.
ശബരിമലയുടെ മതാതീത ആത്മീയത അത്യപൂര്‍വതയാണ്. അതുലോകത്തിനുമുന്നില്‍ കൊണ്ടുവരിക എന്നതു പ്രധാനമാണ്. അതിനുതകുന്ന വിധത്തില്‍ ശബരിമലയുടെ ഭൗതികസാഹചര്യങ്ങള്‍ മെച്ചപ്പെടുത്തണം. മധുര- തിരുപ്പതി മാതൃകയില്‍ ശബരിമലയെ തീര്‍ത്ഥാടക ഭൂപടത്തില്‍ ശ്രദ്ധേയ കേന്ദ്രമാക്കി ലോകത്തിനുമുമ്പില്‍ അവതരിപ്പിക്കുക അയ്യപ്പസംഗമത്തിന്റെ ലക്ഷ്യമാണ്.
തീര്‍ത്ഥാടകര്‍ക്ക് എന്താണ് വേണ്ടത് എന്നത് സര്‍ക്കാരോ ദേവസ്വം ബോര്‍ഡോ ഏകപക്ഷീയമായി സങ്കല്‍പിച്ച് നടപ്പിലാക്കുകയല്ല വേണ്ടത്.ഭക്തജനങ്ങളില്‍ നിന്നുതന്നെ മനസ്സിലാക്കി വേണ്ടതു ചെയ്യണം. ഈബോധ്യത്തോടെയാണ്തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് പ്ലാറ്റിനംജൂബിലിയോട് അനുബന്ധിച്ച് ഇങ്ങനെയൊരു സംഗമം നടത്തുന്നത്. വര്‍ഷങ്ങള്‍ നീണ്ട ആലോചനയ്ക്കും ചര്‍ച്ചകള്‍ക്കും ശേഷമാണ് ഇത്തരമൊരു പരിപാടിയിലേക്ക് എത്തിയത്.

ഓരോ വര്‍ഷവും ശബരിമലയില്‍ എത്തുന്ന തീര്‍ത്ഥാടകരുടെ വര്‍ദ്ധനയ്ക്കനുസരിച്ച് സുഗമമായ യാത്രാസൗകര്യം, പാര്‍ക്കിങ്ങ്, ശുദ്ധജലലഭ്യത, സാനിറ്റേഷന്‍ സംവിധാനങ്ങള്‍, വിശ്രമ കേന്ദ്രങ്ങള്‍, ചികിത്സാ സൗകര്യങ്ങള്‍ എല്ലാം വേണം. ഇവ പ്രകൃതിയുടെ മനോഹാരിതയ്ക്ക് കോട്ടം തട്ടാതെയും, പരിസ്ഥിതിക്ക് പോറലേല്‍പ്പിക്കാതെയും ആവണം.എരുമേലി അടക്കമുള്ള സമീപപ്രദേശങ്ങളും ഇതിന്റെ ഭാഗമായി വികസിപ്പിക്കണം.

2050 വരെയുള്ള വികസന സാധ്യതകള്‍ മുന്നില്‍ക്കണ്ടാണ് കാര്യങ്ങള്‍ നീക്കുന്നത്. ശബരിമല, പമ്പ, പരമ്പരാഗത പാത, നിലയ്ക്കല്‍ എന്നിവയുടെ സമഗ്ര വികസനമാണ് മാസ്റ്റര്‍പ്ലാന്‍ ലക്ഷ്യമിടുന്നത്. 2022-2027 വരെയുള്ള ആദ്യ ഘട്ടത്തിന് 600.47 കോടി രൂപയും, 2028-2033 വരെയുള്ള രണ്ടാം ഘട്ടത്തിന് 100.02 കോടി രൂപയും 2034-2039 വരെയുള്ള മൂന്നാം ഘട്ടത്തിന് 77.68 കോടി രൂപയും ഉള്‍പ്പെടെ, ആകെ 778.17 കോടി രൂപയാണ് ലേ ഔട്ട് പ്ലാന്‍ പ്രകാരം ചെലവ് കണക്കാക്കിയിരിക്കുന്നത്.ട്രാന്‍സിറ്റ് ക്യാമ്പായിട്ടാണ് പമ്പയെ ലേ ഔട്ട് പ്ലാനില്‍ വിഭാവനം ചെയ്തിട്ടുള്ളത്. തീര്‍ത്ഥാടകര്‍ക്ക് സന്നിധാനത്തേക്ക് കയറുന്നതിനും സന്നിധാനത്തു നിന്നു തിരിച്ചിറങ്ങുന്നതിനും ഒരു പ്രത്യേക സര്‍ക്കുലേഷന്‍ റൂട്ട് പിന്തുടരുന്നുവെന്ന് ഉറപ്പാക്കി അതുവഴി ഭാവിയില്‍ ഉണ്ടായേക്കാവുന്ന തിരക്ക് ഒഴിവാക്കുവാനുതകുന്ന രീതിയാണ് അവലംബിച്ചിരിക്കുന്നത്. പമ്പയുടെ വികസനത്തിനായി 2022-2027 വരെയുള്ള ആദ്യ ഘട്ടത്തിന് 184.75 കോടി രൂപയും 2028-2033 വരെയുള്ള രണ്ടാം ഘട്ടത്തിന് 22.73 കോടി രൂപയും ഉള്‍പ്പെടെ ആകെ 207.48 കോടി രൂപയും, ട്രെക്ക് റൂട്ടിന്റെ വികസനത്തിനായി 2022-2025 വരെയുള്ള ആദ്യ ഘട്ടത്തിന് 32.88 കോടി രൂപയും 2024-2026 വരെയുള്ള രണ്ടാം ഘട്ടത്തിന് 15.09 കോടി രൂപയും ഉള്‍പ്പെടെ ആകെ 47.97 കോടി രൂപയുമാണ് ഉള്‍ക്കൊള്ളിച്ചിരിക്കുന്നത്. സന്നിധാനം, പമ്പ, ട്രെക്ക് റൂട്ട് എന്നിവയുടെ വികസനത്തിനായി ലേ ഔട്ട് പ്ലാനുകള്‍ പ്രകാരം ആകെ ചെലവ് കണക്കാക്കുന്നത് 1,033.62 കോടി രൂപയാണ്.പമ്പ ഗണപതിക്ഷേത്രം മുതല്‍ പമ്പ ഹില്‍ടോപ്പ് വരെ പമ്പാനദിക്കുകുറുകെ നിര്‍മ്മിക്കുന്ന സുരക്ഷാപാലം, നിലയ്ക്കല്‍ ഇടത്താവളത്തിലെ കോര്‍ ഏരിയയുടെ വികസനം. കുന്നാറില്‍ നിന്നും ശബരിമല സന്നിധാനത്തേക്കുള്ള കുടിവെള്ള പൈപ്പ് ലൈന്‍ സ്ഥാപിക്കല്‍, നിലയ്ക്കല്‍ ഇടത്താവളത്തിലെ റോഡുകളുടെയും അനുബന്ധ പാലങ്ങളുടെയും നിര്‍മ്മാണം, ശബരിമല സന്നിധാനത്തെ തീര്‍ത്ഥാടന സൗകര്യ കേന്ദ്രം, തന്ത്രിമഠം, പ്രസാദ നിര്‍മ്മാണ-വിതരണ സമുച്ചയം എന്നിവയുടെ നിര്‍മ്മാണം, ശബരിമല സന്നിധാനത്ത് അഗ്നിശമന സംവിധാനങ്ങള്‍ ഏര്‍പ്പെടുത്തുന്ന പ്രവൃത്തി, കൂടാതെ ശബരിമല സന്നിധാനത്തെ തീര്‍ത്ഥാടക നിര്‍ഗമന പാലം, നിലയ്ക്കല്‍ ഇടത്താവളത്തിലെ ജലസ്രോതസ്സുകളുടെ സംരക്ഷണവും പരിപാലനവും എന്നിവയ്ക്കായി വിശദമായ പദ്ധതിരേഖ തയ്യാറാക്കുന്നതിനുള്ള നടപടികളും സ്വീകരിച്ചുവരികയാണ്.ഇത്തരം കാര്യങ്ങളെപ്പറ്റി ഒരു തുറന്ന ചര്‍ച്ച നടത്തുന്നതില്‍, ശബരിമലയുടെ വികസനം ആഗ്രഹിക്കുന്നവര്‍ എതിര്‍ക്കേണ്ട കാര്യമില്ല. എതിര്‍ക്കുന്നവരുടെ ഉള്ളിലിരുപ്പ് എന്താണെന്ന് ഊഹിക്കാവുന്നതേയുള്ളൂ. എല്ലാവരുടേയും അഭിപ്രായങ്ങള്‍ കേട്ടും, അവരെ ഉള്‍ക്കൊണ്ടും, അവരെയെല്ലാം ചേര്‍ത്തുപിടിച്ചുമാണ് നമ്മള്‍ ശബരിമലയുടെ വികസനം ഉറപ്പാക്കുന്നതെന്നും ഈ കാഴ്ചപ്പാടിന്റെ അടിസ്ഥാനത്തില്‍ തന്നെയാണ് അയ്യപ്പസംഗമം നടത്തുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു.

ക്ഷേത്രഭരണം വിശ്വാസികള്‍ക്ക് വിട്ടുകൊടുത്ത് സര്‍ക്കാര്‍ പിന്മാറണം എന്ന വാദം ചില കോണുകളില്‍ നിന്നുയരുന്നുണ്ട്. ആരുംനോക്കാനില്ലാതെ നാശോന്മുഖമാകുന്ന നില വന്നപ്പോഴാണ് ബോര്‍ഡുകളും മറ്റ് ഭരണസംവിധാനങ്ങളും നിലവില്‍ വന്നത്. അതോടെയാണ് തകര്‍ച്ചയിലായ ഒരുപാട് ക്ഷേത്രങ്ങള്‍ ഉദ്ധരിക്കപ്പെട്ടത്. ക്ഷേത്ര ജീവനക്കാര്‍ക്കു കൃത്യമായി ശമ്പളം ഉറപ്പായത്.2019 ലെ കോവിഡ് മഹാമാരിയുടെ സാഹചര്യത്തില്‍ ദേവസ്വം ബോര്‍ഡിന്റെ ദൈനംദിന പ്രവര്‍ത്തനങ്ങള്‍ പോലും വിഷമത്തിലായ ഘട്ടത്തില്‍ 140 കോടി രൂപയുടെ ധനസഹായമാണ് സര്‍ക്കാര്‍ ബോര്‍ഡിനു നല്‍കിയത്. മരാമത്ത് പണികള്‍ക്കായി 123 കോടി രൂപയും ലഭ്യമാക്കി. ഇത്തരം സത്യങ്ങള്‍ പലരും കണ്ടില്ലെന്നു നടിക്കുന്നു. ക്ഷേത്രങ്ങള്‍ വിശ്വാസികള്‍ക്ക് വിട്ടുകൊടുക്കണമെന്നു പറയുന്നവര്‍ സര്‍ക്കാര്‍ സഹായമില്ലാത്ത പഴയകാല ദുരിതാവസ്ഥയിലേക്കു ക്ഷേത്രങ്ങള്‍ തിരിച്ചുപോകണം എന്നാണോ ആഗ്രഹിക്കുന്നത് എന്നു വിശ്വാസികള്‍ തിരിച്ചു ചോദിക്കണം. ദേവസ്വം ബോര്‍ഡിന്റെ വരുമാനം സര്‍ക്കാര്‍ കൈക്കലാക്കുന്നുവെന്ന വ്യാജപ്രചാരണം ചിലര്‍ ഇപ്പോഴും നടത്തുന്നുണ്ട്. സര്‍ക്കാര്‍ ഒരു പൈസ പോലും എടുക്കുന്നില്ലെന്നു മാത്രമല്ല, ദേവസ്വം ബോര്‍ഡിന് സര്‍ക്കാര്‍ അങ്ങോട്ടു പണം നല്‍കുക കൂടി ചെയ്യുന്നു. അതുകൊണ്ടാണ് താരതമ്യേന തുച്ഛവരുമാനം മാത്രമുള്ള എത്രയോ ക്ഷേത്രങ്ങളില്‍ ഇന്നും അന്തിത്തിരി തെളിയുന്നത്. അവിടങ്ങളിലെ ക്ഷേത്ര ജീവനക്കാര്‍ പട്ടിണിയിലാകാത്തത്ശബരിമല മാസ്റ്റര്‍ പ്ലാന്‍ പ്രവൃത്തികള്‍ ആരംഭിച്ച 2011-2012 മുതല്‍ നാളിതുവരെ 148.5 കോടിയോളം രൂപ സര്‍ക്കാര്‍ വിവിധ വികസന പദ്ധതികള്‍ക്കായി ചെലവഴിച്ചിട്ടുണ്ട്. 2016-17 മുതല്‍ 2025 വരെ, ദേവസ്വം സ്ഥാപനങ്ങളുടെ ആധുനികവത്ക്കരണത്തിനും വികസനത്തിനുമായി ആകെ 650 കോടിയോളം രൂപയാണ് സര്‍ക്കാര്‍ അനുവദിച്ചത്. തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന് 145 കോടി രൂപ, കൊച്ചിന്‍ ദേവസ്വം ബോര്‍ഡിന് 26 കോടി രൂപ, മലബാര്‍ ദേവസ്വം ബോര്‍ഡിന് 305 കോടി രൂപ, കൂടല്‍മാണിക്യം ദേവസ്വത്തിന് 4 കോടി രൂപ, ദേവസ്വം റിക്രൂട്ട്‌മെന്റ് ബോര്‍ഡിന് 21 കോടി രൂപ, ശ്രീപദ്മനാഭ സ്വാമി ക്ഷേത്രത്തിന് മൂന്നരക്കോടി രൂപ, ഹിന്ദുധര്‍മ്മ സ്ഥാപന ഭരണ വകുപ്പിന് 28 കോടി രൂപ എന്നിങ്ങനെയാണ് ദേവസ്വം ബോര്‍ഡുകള്‍ക്കും അനുബന്ധ സ്ഥാപനങ്ങള്‍ക്കും അനുവദിച്ച തുക. കഴിഞ്ഞ നാലര വര്‍ഷത്തിലായി ദേവസ്വം ബോര്‍ഡുകള്‍ക്കും അനുബന്ധ സ്ഥാപനങ്ങള്‍ക്കുമായി 232 കോടി രൂപയാണ് അനുവദിച്ചത്. ഇങ്ങനെ സര്‍ക്കാര്‍ അങ്ങോട്ടു കൊടുക്കുന്നത് കാണാതെയാണ് സര്‍ക്കാര്‍ പണം കൊണ്ടുപോവുകയാണ് എന്ന് ആക്ഷേപിക്കുന്നത്.

സമാനമായ കള്ളപ്രചാരവേലയാണ് സര്‍ക്കാര്‍ ന്യൂനപക്ഷസംഗമവും നടത്താന്‍ പോകുന്നു എന്നത്. ഐക്യകേരള രൂപീകരണത്തിന്റെ പ്ലാറ്റിനം ജൂബിലി വര്‍ഷമായ 2031ല്‍ കേരളം എങ്ങനെയൊക്കെ വികസിച്ചു മുന്നോട്ടുപോകണം എന്നതിനെപ്പറ്റി സര്‍ക്കാര്‍ ആലോചിക്കുന്നുണ്ട്. ഇതിനോടനുബന്ധിച്ച് കേരളത്തിന്റെ ഇതുവരെയുള്ള വികസന പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തുകയും, അതിന്റെ അടിസ്ഥാനത്തില്‍ ഭാവിപ്രവര്‍ത്തനങ്ങള്‍ സംഘടിപ്പിക്കുകയും ചെയ്യുന്നതിനായി ഒക്ടോബര്‍ മാസത്തില്‍ വിവിധ വകുപ്പുകളുടെ ആഭിമുഖ്യത്തില്‍ 33 സെമിനാറുകള്‍ നടത്തുന്നുണ്ട്. ഓരോ വകുപ്പിന്റെയും ചുമതലയുള്ള മന്ത്രിയുടെ നേതൃത്വത്തിലായിരിക്കും ഈ സെമിനാറുകള്‍ നടത്തുക. 33 സെമിനാറുകളില്‍ ഒന്നു മാത്രമാണ് ന്യൂനപക്ഷ വകുപ്പിന്റെ ആഭിമുഖ്യത്തില്‍ സംഘടിപ്പിക്കുന്നത്. എന്നാല്‍, അതുമാത്രം അടര്‍ത്തിയെടുത്ത് വസ്തുതാവിരുദ്ധമായി പ്രചാരണം നടത്തി ജനങ്ങളെ തെറ്റിദ്ധരിപ്പിക്കാനാകുമോ എന്നാണ് ഒരു കൂട്ടരുടെ ശ്രമമെന്നും മുഖ്യമന്ത്രി പറഞ്ഞു.ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് ആഗോള അയ്യപ്പ സംഗമത്തിന് അയച്ച ആശംസ മുഖ്യമന്ത്രി വായിച്ചതിനുശേഷം ആണ് യോഗം നടപടികള്‍ ആരംഭിച്ചത്.
ദേവസ്വം, സഹകരണം, തുറമുഖം വകുപ്പ് മന്ത്രി വി എന്‍ വാസവന്‍ അധ്യക്ഷനായി. ചടങ്ങില്‍ തമിഴ്നാട് ഹിന്ദുമത ചാരിറ്റബിള്‍ എന്‍ഡോവ്മെന്റ് വകുപ്പ് മന്ത്രി പി കെ ശേഖര്‍ ബാബു, ഐടി വകുപ്പ് മന്ത്രി പളനിവേല്‍ ത്യാഗരാജന്‍ എന്നിവര്‍ പ്രത്യേക ക്ഷണിതാക്കളായി പങ്കെടുത്തു.

മന്ത്രിമാരായ പി.പ്രസാദ്, റോഷി അഗസ്റ്റിന്‍, കെ കൃഷ്ണന്‍ കുട്ടി, എ കെ ശശീന്ദ്രന്‍, വീണാ ജോര്‍ജ്, സജി ചെറിയാന്‍, സര്‍ക്കാര്‍ ചീഫ് വിപ്പ് ഡോ. എന്‍ ജയരാജ്, എംഎല്‍എമാരായ കെ യു ജനീഷ് കുമാര്‍, പ്രമോദ് നാരായണ്‍, കടകംപള്ളി സുരേന്ദ്രന്‍, കെ.ടി. ജലീല്‍, ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് പി എസ് പ്രശാന്ത്, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ജോര്‍ജ് എബ്രഹാം, റവന്യൂ – ദേവസ്വം സെക്രട്ടി എം.ജി രാജമാണിക്യം, ജില്ലാ കളക്ടര്‍ എസ് പ്രേം കൃഷ്ണന്‍, പത്തനംതിട്ട നഗരസഭ ചെയര്‍മാന്‍ ടി.സക്കീര്‍ ഹുസൈന്‍, റാന്നി പെരുനാട് പഞ്ചായത്ത് പ്രസിഡന്റ് പി.എസ് മോഹനന്‍, ശബരിമല തന്ത്രി കണ്ഠരര് മഹേഷ് മോഹനര്, തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് അംഗങ്ങളായ അഡ്വ. എ അജികുമാര്‍, പി ഡി സന്തോഷ് കുമാര്‍, മുന്‍ ചീഫ് സെക്രട്ടറി കെ. ജയകുമാര്‍, എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍, നായര്‍ സര്‍വീസ് സൊസൈറ്റി വൈസ് പ്രസിഡന്റ് എം. സംഗീത് കുമാര്‍, കേരള പുലയര്‍ മഹാസഭ ജനറല്‍ സെക്രട്ടറി പുന്നല ശ്രീകുമാര്‍, കേരള ബ്രാഹ്‌മണ സഭ പ്രതിനിധി കരിമ്പുഴ രാമന്‍, വ്യവസായി ഗോകുലം ഗോപാലന്‍, സംഗീതജ്ഞരായ കൈതപ്രം ദാമോദരന്‍ നമ്പൂതിരി, കെ. ഓമനക്കുട്ടി തുടങ്ങിയവര്‍ പങ്കെടിത്തു. മുഖ്യമന്ത്രി പിണറായി വിജയന് ദേവസ്വം, സഹകരണം, തുറമുഖം വകുപ്പ് മന്ത്രി വി എന്‍ വാസവനും ദേവസ്വം ബോര്‍ഡ് പ്രസിഡന്റും ചേര്‍ന്നു തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന്റെ ഉപഹാരവുംസമ്മാനിച്ചു

 

error: Content is protected !!