ബേക്കല്‍ : കേന്ദ്ര വനം പരിസ്ഥിതി മന്ത്രാലയത്തിന്റെ നിര്‍ദേശ പ്രകാരം ജില്ലാ മലിനീകരണ നിയന്ത്രണ ബോര്‍ഡ് 2 ദിവസങ്ങളിലായി നടത്തിയ ഇന്റര്‍നാഷനല്‍ കോസ്റ്റല്‍ ക്ലീനപ്പ് ഡേ യുടെ ഭാഗമായി ബേക്കല്‍ പുതിയ കടപ്പുറം ശുചീകരണ പ്രവര്‍ത്തനങ്ങള്‍ നടത്തി. മലിനീകരണം, മാലിന്യം എന്നിവയില്‍ നിന്നും സമുദ്രത്തെ സംരക്ഷിക്കേണ്ടത് നമ്മുടെ കടമയാണെന്നും ജീവനുള്ള ഭൂമിക്ക് ശുദ്ധവും ആരോഗ്യവുമുള്ള സമുദ്രം അത്യാവശം എന്ന സന്ദേശം നല്കി ആണ് ശുചീകരണ പ്രവര്‍ത്തനം നടത്തിയത്. രാവിലെ 7 മണി മുതല്‍ ആരംഭിച്ച ശുചീകരണ പ്രവര്‍ത്തനത്തില്‍ ബോര്‍ഡിലെ ഉദ്യോഗസ്ഥര്‍ ജീവനക്കാര്‍, കാഞ്ഞങ്ങാട് നെഹ്റു കോളേജ് എന്‍ എസ് എസ്, എന്‍ സി സി വളണ്ടിയര്‍മാര്‍ , പള്ളിക്കര ഗ്രാമ പഞ്ചായത്ത് ഹരിതകര്‍മസേന അംഗങ്ങള്‍, ഹരിത കേരള മിഷന്, ബി ആര് ഡി സി, ഡി ടി പി സി പ്രതിനിധികള്‍ തുടങ്ങി നിരവധി ആളുകള്‍ പങ്കാളി ആയി. ആദ്യ ദിവസം നെഹ്റു കോളേജില്‍ നടന്ന ഉദ്ഘാടനത്തിന്റെ തുടര്‍ പ്രവര്‍ത്തനത്തിന്റെ ഭാഗമായാണ് ശുചീകരണ പ്രവര്‍ത്തനം നടത്തിയത്. പള്ളിക്കര പഞ്ചായത്ത് വൈസ് പ്രസിഡന്റ് നാസ്നിന് വഹാബ് ഉദ്ഘാടനം ചെയ്തു. കേന്ദ്ര വനം പരിസ്ഥിതി മന്ത്രാലയം ഓഫീസര്‍ മഹഫൂസ മന്‍സൂരി അധ്യഷത വഹിച്ചു. എം എ സ് മനോജ്, ദിവാകരന് കടിഞ്ഞുമൂല, പി വി സജീവന്, കെ ബാലചന്ദ്രന്, ഡോണ്‍ കുര്യാക്കോസ്, ഡോ കെ സൂര്യ നായര്‍, ടി വി ആദര്‍ശ്, എസ് നീരജ് എന്നിവര്‍ സംസാരിച്ചു. മലിനീകരണ നിയന്ത്രണ ബോര്‍ഡ് ജില്ലാ ഓഫീസര്‍ പി ബി ശ്രീലക്ഷ്മി സ്വാഗതവും അസി എന്‍ജിനിയര്‍ എ വിസ്മയ നന്ദിയും പറഞ്ഞു. സമുദ്ര സംരക്ഷണ പ്രതിജ്ഞ, സംരക്ഷണ സൂചന ബോര്‍ഡ് സ്ഥാപിക്കല്‍, സെല്‍ഫി പോയിന്റ്, സിഗ്നേച്ചര്‍ പോയിന്റ് തുടങ്ങിയ പ്രവര്‍ത്തനങ്ങളും ശുചീകരണത്തിന്റെഭാഗമായിനടന്നു.
