കാഞ്ഞങ്ങാട് :കാഞ്ഞങ്ങാടും പരിസരപ്രദേശങ്ങളിലമുള്ള 75 മഹല്ല് ജമാഅത്തുകളുടെ കൂട്ടായ്മയായ കാഞ്ഞങ്ങാട് സംയുക്ത മുസ്ലിം ജമാഅത്ത് കമ്മിറ്റിയുടെ ആഭിമുഖ്യത്തിലുള്ള വമ്പിച്ച നബിദിന സമ്മേളനവും ഫലസ്തീന്‍ ഐക്യദാര്‍ഢ്യ പ്രാര്‍ത്ഥന സദസ്സും സെപ്റ്റംബര്‍ 22 ന് തിങ്കളാഴ്ച വൈകിട്ട് നാലുമണിക്ക് കാഞ്ഞങ്ങാട് മുനിസിപ്പല്‍ ടൗണ്‍ഹാളില്‍ നടക്കും.
മെട്രോ മുഹമ്മദ് ഹാജി നഗറില്‍ നടക്കുന്ന സമ്മേളനം പ്രസിഡന്റ് മുബാറക് ഹുസൈന് ഹാജിയുടെ അധ്യക്ഷതയില്‍ കാഞ്ഞങ്ങാട് സംയുക്ത മുസ്ലിം ജമാഅത്ത് ഖാസിയും സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ അധ്യക്ഷനുമായ സയ്യിദ് മുഹമ്മദ് ജിഫ്രി മുത്തുക്കോയ തങ്ങള്‍ ഉദ്ഘാടനം ചെയ്യും. അനുഗ്രഹീത പ്രഭാഷകന്‍ മഅ്മൂന്‍ ഹുദവി വണ്ടൂര്‍ മദ്ഹുറസൂല്‍ പ്രഭാഷണം നടത്തും.
ലോകത്ത് മനുഷ്യത്വമുള്ള മുഴുവനാളുകളെയും കണ്ണീരണിയിപ്പിക്കുകയും, ലോക വന്‍കിട രാഷ്ട്രങ്ങളുടെ പിന്‍ബലത്തിലും മറ്റു രാഷ്ട്രങ്ങളുടെ കുറ്റകരമായ മൗനത്തിന്റെ ആനുകൂല്യത്തിലും ഗസ്സയില്‍ ഇസ്രായേല്‍ നടത്തിക്കൊണ്ടിരിക്കുന്ന നരമേധത്തിന് ഇരയാക്കപ്പെട്ട് 65000 മനുഷ്യര്‍കൊല്ലപ്പെടുകയും കാല്‍ക്കോടിയോളം വരുന്ന അവിടുത്തെ ജനതയുടെ ഭവനങ്ങളും പാഠശാലകളും ആരാധനാലയങ്ങളും ആതുരാലയങ്ങളും തരിപ്പണമാക്കപ്പെടുകയും അന്നവും കുടിവെള്ളവും തടയപ്പെടുകയും ചെയ്ത മനുഷ്യരോട് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചുകൊണ്ടുള്ള ഐക്യദാര്‍ഢ്യ പ്രാര്‍ത്ഥന സദസ്സ് സമ്മേളനത്തോടനുബന്ധിച്ച് നടക്കും. ലോകത്ത് നിലനില്‍ക്കുന്ന ഒരു നീതി ശാസ്ത്രത്തിനും ന്യായീകരിക്കാനാവാത്ത ഇസ്രായേലിന്റെ ഈ ക്രൂരതക്കെതിരെ ലോക മനസ്സാക്ഷി ചെറുത്തു നില്‍പ്പിനൊരുങ്ങാന്‍ ബാധ്യതപ്പെട്ട ഈ സന്ദര്‍ഭത്തില്‍ മുഴുവന്‍ ആളുകളും പരിപാടിയില്‍ പങ്കെടുത്തു വിജയിപ്പിക്കണമെന്ന് പ്രസിഡന്റ് മുബാറക്ക് ഹസൈനാര്‍ ഹാജി, ജനറല്‍ സെക്രട്ടറി ബഷീര്‍ വെള്ളിക്കോത്ത്, ട്രഷറര്‍ എം കെ അബൂബക്കര്‍ ഹാജി എന്നിവര്‍അഭ്യര്‍ത്ഥിച്ചു.
