ഹൊസ്ദുര്‍ഗ് : ടെറ്റ് യോഗ്യതയുമായി ബന്ധപ്പെട്ട് ഉണ്ടായ സുപ്രീം കോടതി വിധിയുടെ പശ്ചാത്തലത്തില്‍ അധ്യാപകരെ സംരക്ഷിക്കാന്‍
കേന്ദ്രസര്‍ക്കാര്‍ നിയമനിര്‍മ്മാണം നടത്തുക, വിദ്യാഭ്യാസ മേഖലയ്ക്കുള്ള അര്‍ഹമായ കേന്ദ്ര വിഹിതം അനുവദിക്കുക,അധ്യാപകരുടെ ജോലി സംരക്ഷണം ഉറപ്പാക്കുക,ദേശീയ വിദ്യാഭ്യാസനയം 2020 റദ്ദ് ചെയ്യുക,ഭിന്നശേഷി നിയമനത്തിന് തസ്തിക മാറ്റി വെച്ചാല്‍ മറ്റു നിയമനങ്ങള്‍ മുന്‍കാല പ്രാബല്യത്തോടെ അംഗീകരിക്കുക,ആധാറുള്ള മുഴുവന്‍ കുട്ടികളെയും പരിഗണിച്ച് തസ്തിക നിര്‍ണ്ണയം പുന:ക്രമീകരിക്കുക, കെട്ടിക്കിടക്കുന്ന പാഠപുസ്തകങ്ങളുടെ ബാധ്യതയില്‍ നിന്ന് അധ്യാപകരെ ഒഴിവാക്കുക, പൊതുവിദ്യാഭ്യാസ മേഖലയിലെ ഏകീകരണ നടപടികള്‍ പൂര്‍ത്തീകരിക്കുക, തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ച് കേരള സ്കൂള്‍ ടീച്ചേഴ്സ് അസോസിയേഷന്റെ നേതൃത്വത്തില്‍ ഉപജില്ലാ കേന്ദ്രങ്ങളില്‍ ധര്‍ണ്ണ നടത്തി.ഹൊസ്ദുര്‍ഗ് ഉപജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ കാഞ്ഞങ്ങാട് വിദ്യാഭ്യാസ ജില്ലാ ഓഫീസിനു മുന്നില്‍ നടത്തിയ ധര്‍ണ്ണ കെ.എസ്.ടി.എ സംസ്ഥാന എക്സിക്യൂട്ടീവ് കമ്മിറ്റി അംഗം കെ.ഹരിദാസ് ഉദ്ഘാടനം ചെയ്തു. ഉപജില്ലാ പ്രസിഡണ്ട് സി.ശാരദ അധ്യക്ഷത വഹിച്ചു. ജില്ലാ ഭാരവാഹികളായ പി.മോഹനന്, പി.ശ്രീകല,വി.കെ. ബാലാമണി, ജില്ലാ എക്സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങളായ പി.പി. ബാബുരാജ് , കെ.വി.രാജന്, പി.പി. കമല, രാജേഷ് സ്കറിയ എന്നിവര്‍ സംസാരിച്ചു. ഉപജില്ലാ സെക്രട്ടറി വി.കെ. ഉണ്ണികൃഷ്ണന് സ്വാഗതവും ട്രഷറര്‍ പി. രാജേഷ് നന്ദിയും പറഞ്ഞു.
സംസ്ഥാന എക്സിക്യൂട്ടീവ് കമ്മിറ്റി അംഗം കെ.ജെ ഷൈന്‍ ടീച്ചര്‍ക്കെതിരെയുള്ള സൈബര്‍ ആക്രമണത്തില്‍ പ്രതിഷേധിച്ച് അധ്യാപകര്‍ പ്രതിഷേധപ്രകടനംനടത്തി.
