കാഞ്ഞങ്ങാട് : കഴിഞ്ഞ അരനൂറ്റാണ്ടോളം കാലം നാടിനെ അന്നമൂട്ടിയ വെള്ളിക്കോത്ത് തായലെ സ്റ്റോര്‍ ഓര്‍മയിലേക്ക്.
വെള്ളിക്കോത്തെ പഴയ ബീഡി കമ്പനിക്ക് സമീപത്തെ പഴയ ഓടിട്ട കെട്ടിടത്തിലാണ് എആര്‍ഡി നമ്പര്‍- 144 റേഷന്‍ കട നടത്തി വന്നിരുന്നത്. കാലപ്പഴക്കത്തെ തുടര്‍ന്ന് കെട്ടിടം പൊളിച്ചു മാറ്റിയതോടെ ഈ റേഷന്‍ ദിവസം വെള്ളിക്കോത്ത് ടെലഫോണ്‍ എക്സ്ചേഞ്ചിനു സമീപത്തെ കെട്ടിടത്തിലേക്ക് പ്രവര്‍ത്തനം മാറി. പഴയ കാലം മുതല്‍ തന്നെ രണ്ട് റേഷന്‍ കട പ്രവര്‍ത്തിച്ചു വന്നിരുന്ന സ്ഥലമായിരുന്നു വെള്ളിക്കോത്ത്. വെള്ളിക്കോത്ത് ടൗണില്‍ പ്രവര്‍ത്തിച്ചിരുന്ന കടയ്ക്ക് മീത്തലെ സ്റ്റോര്‍ (എആര്‍ഡി നമ്പര്‍- 143) എന്നും താഴെ ബീഡി കമ്പനിക്ക് സമീപം പ്രവര്‍ത്തിച്ച സ്റ്റോറിന് തായലെ സ്റ്റോര്‍ (എആര്‍ഡി നമ്പര്‍- 144) എന്നുമാണ് നാട്ടുകാര്‍ നല്കിയ പേര്. മീത്തലെ സ്റ്റോര്‍ പഴയകാലം മുതല്‍ പ്രവര്‍ത്തിച്ചു വരുന്ന കെട്ടിടത്തില്‍ തന്നെയാണ് ഇപ്പോഴും പ്രവര്‍ത്തിക്കുന്നത്.
വെള്ളിക്കോത്ത് പഞ്ചായത്ത് മത്സ്യം, പച്ചക്കറി വിപണനകേന്ദ്രം പ്രവര്‍ത്തിച്ചു വരുന്ന സ്ഥലത്തിന് സമീപത്തെ പഴയ കെട്ടിടത്തില്‍ പരേതനായ ബി.ശിവറായ പ്രഭുവാണ് ഈ സ്റ്റോര്‍ തുടങ്ങിയത്. പ്രൈവറ്റ് റേഷന്‍ കടയായിട്ടായിരുന്നു തുടക്കം. പിന്നീട് ദാമോദര സ്വാമി കച്ചവടം നടത്തി വന്നിരുന്ന കെട്ടിടത്തിലേക്ക് മാറിയതോടെ തായലെ സ്റ്റോര്‍ എന്ന പേര് വന്നു. ധാന്യത്തിനും പഞ്ചസാര, മണ്ണെണ്ണ എന്നിവയ്ക്കുമായി ആളുകള്‍ പൂര്‍ണമായി റേഷന്‍കടകളെ ആശ്രചിച്ചിരുന്ന പഴയകാലത്ത് തിരക്കൊഴിയാത്ത കച്ചവടമായിരുന്നു ഇവിടെ. ആഴ്ചാവസാന ദിവസങ്ങളിലും മാസാവസാന ദിവസങ്ങളിലും നൂറുകണക്കിനാളുകള്‍ എത്തി സാധനങ്ങള്‍ക്കായി തിക്കിത്തിരക്കും. കച്ചവടം നിശ്ചിതസമയവും കഴിഞ്ഞ് രാത്രി വരെ നീളും. അരിയും പഞ്ചസാര, ഗോതമ്പ്, നിരവധി മണ്ണെണ്ണ ബാരലുകള്‍ എന്നിവ സ്റ്റോക്കെത്തിയാല്‍ മഴക്കാലത്തൊക്കെ റേഷന്‍ കടയുടെ വരാന്തയില്‍ നില്ക്കാന് പോലും സ്ഥലമില്ലാതെ ക്യൂ റോഡിലേക്ക് നീളും.
നേരത്തെ എത്തി മേശപ്പുറത്ത് റേഷന്‍കാര്‍ഡ് വെക്കണം. ഇത് കുമിയുന്നതോടെ എടുത്ത് തിരിച്ച് വെച്ച് ആദ്യത്തെ കാര്‍ഡ് മുതല്‍ പേര് വിളിച്ചു തുടങ്ങും. ഇത് പകുതിയാകുമ്പോഴേക്കും അടുത്ത കാര്‍ഡ് കൂമ്പാരം മേശപ്പുറത്ത് റെഡി. ഇതിനിടെ വൈദ്യുതി പോയാല്‍ മെഴുകുതിരിയുടെ അരണ്ട വെളിച്ചത്തില്‍ പ്രവര്‍ത്തനം. മഴക്കാലവുമാണെങ്കില് പറയാനുമില്ല- പഴയ കാലത്ത് സ്റ്റോറില്‍ പോയിരുന്നവര്‍ ഓര്‍ക്കുന്നു. ഓണക്കാലത്തെ അധികറേഷന്‍ വിഹിതം, വെളിച്ചെണ്ണയ്ക്ക് വിലയേറിയ ഇടക്കാലത്ത് പാം ഓയില്‍, മല്ല്, കോറത്തുണി എന്നിലവയെല്ലാം വിതരണം ചെയ്തിരുന്ന കാലത്ത് റേഷന്‍ കടയിലെ തിരക്ക് പുതുതലമുറയ്ക്ക് വിശ്വസിക്കാവുന്നതിലും അപ്പുറമായിരുന്നു.
ശിവറായ പ്രഭുവിന് ശേഷം കോട്ടച്ചേരി കോ- ഓപ്പറേറ്റീവ് മാര്‍ക്കറ്റിങ് സൊസൈറ്റി ഇതിന്റെ നടത്തിപ്പ് ഏറ്റെടുത്തു. ആദ്യം മഡിയനിലെ സുബ്രഹ്മണ്യനും പിന്നീട് ഇദ്ദേഹത്തെ സഹായിക്കാനെത്തിയ നിലവില്‍ ഡിസിസി ജനറല്‍ സെക്രട്ടറിയായ അഡ്വ.പി.വി.സുരേഷും നടത്തിപ്പുകാരായി. നിലവില്‍ ജില്ലാ ബാങ്ക് മാനേജരായ സുകുമാരന്‍ പാണത്തൂരും ഇവിടെ മാനേജരായി ഉണ്ടായിരുന്നു. ഇവിടെ വലിയൊരു രാഷ്ട്രീയ ആക്രമണത്തെ നേരിട്ട് തലനാരിഴയ്ക്ക് രക്ഷപ്പെട്ട സുരേഷ് കെസിഎംഎസ് പ്രസിഡന്റ് സോമി മാത്യുവിന്റെ നിര്‍ദേശത്തെ തുടര്‍ന്ന് പിന്നീട് പുല്ലൂരിലെ റേഷന്‍ കടയിലേക്ക് മാറി. തൊട്ടടുത്തുള്ള ദിനേശ് ബീഡി കമ്പനിയും തക്ഷശില കോളേജും ഒക്കെയായി തൊഴിലാളികളുടെയും വിദ്യാര്‍ത്ഥികളുടെയും വലിയൊരു സംഗമകേന്ദ്രം കൂടിയായിരുന്നു തായലെ സ്റ്റോര്‍. പ്രഭാത, സായാഹ്ന പത്രങ്ങള്‍ വരുത്തുമായിരുന്ന ഇവിടം മുഴുവന്‍ വായനശാലയില്ലാത്ത വെള്ളിക്കോത്തിന് വായനശാലയുമായി. സോഷ്യല്‍മീഡിയ കാലത്തിനും മുമ്പ് നാട്ടിലെ വിവരങ്ങളെല്ലാം ആദ്യമറിഞ്ഞിരുന്നതും ഇവിടെയായിരുന്നുവെന്നും എല്ലാ വിഭാഗം ജനങ്ങളും ബന്ധപ്പെടുന്ന കേന്ദ്രമായിരുന്നുവെന്നും അഡ്വ.പി.വി.സുരേഷ് ഓര്‍ക്കുന്നു.
ആദ്യഘട്ടം മുതല്‍ ഇന്നു വരെ ഈ റേഷന്‍ കട നടത്തിയവരെല്ലാം ഏതെങ്കിലും രീതിയില്‍ പൊതുപ്രവര്‍ത്തന രംഗത്തുള്ളവരാണെന്നും സുരേഷ് ചൂണ്ടിക്കാട്ടി. ‘സ്റ്റോറില്‍ എഴുതും പോലെ…..’ എന്ന രസകരമായ നാട്ടുപ്രയോഗവും ഇദ്ദേഹം ഓര്‍ത്തെടുത്തു. മഡിയന്‍ സ്വദേശി പി.വി.സുധീഷാണ് 20 വര്‍ഷത്തോളമായി തായലെ സ്റ്റോര്‍ നടത്തി വരുന്നത്. ഓള് കേരള റീട്ടെയില്‍ റേഷന്‍ ഡീലേഴ്സ് അസോസിയേഷന് ഹൊസ്ദുര്‍ഗ് താലൂക്ക് ജനറല്‍ സെക്രട്ടറിയുമാണ് ഇദ്ദേഹം. വൈദ്യുതിയും പാചകവാതകവും വ്യാപകമായതോടെ റേഷന്‍ കട വഴിയുള്ള മണ്ണെണ്ണ വിതരണം പൂര്‍ണമായി നിലച്ചു. ക്രമേണ റേഷന്‍ വിഹിതം കുറയുകയും നാല് തരം കാര്‍ഡുകള്‍ നിലവില്‍ വന്നതോടെ നിയന്ത്രണമേറുകയും ചെയ്തടോടെ റേഷന്‍ കടകളുടെ തിളക്കം മങ്ങി, തിരക്ക് കുറഞ്ഞു. ഏത് റേഷന്‍ കടയില്‍ നിന്നും റേഷന്‍ വിഹിതം വാങ്ങാമെന്ന നില വന്നു. വലിയ റേഷന്‍ കാര്‍ഡ് ഉണ്ടായിരുന്ന കാലം മുതല്‍ നമ്പര്‍ മാത്രം ഓര്‍ത്ത് തമ്പ് ഇംപ്രഷന്‍ നല്കുന്ന ഇപോസ് മെഷീന് കാലം വരെയുള്ള റേഷന്‍ വിതരണത്തിലെ മാറ്റങ്ങള്‍ക്കെല്ലാം സാക്ഷ്യം വഹിച്ച വെള്ളിക്കോത്തെ തായലെസ്റ്റോര്‍ കെട്ടിടമാണ് ഓര്‍മയായത്. താലയെ സ്റ്റോറും ‘മീത്തലേക്ക’് മാറിയതോടെ ഇനി വെള്ളിക്കോത്തുകാര്ത്ത് രണ്ട് മീത്തലെ സ്റ്റോര്‍ ആയി; തായലെ സ്റ്റോര്‍ ഓര്മയിലെതിളക്കവും
