കഠിനമായ കരള്‍ വേദനയെ വകവെക്കാതെ ദാമോദരന്റെ ഹൃദയത്തില്‍ സര്‍ഗാത്മകതയുടെ പൂവിരിഞ്ഞു; ‘ഉടിഞ്ചല്‍’ നോവല്‍ പ്രകാശിതമായി

കാഞ്ഞങ്ങാട് : കഠിനമായ കരള്‍ വേദനയെ വകവെക്കാതെ ദാമോദരന്റെ ഹൃദയത്തില്‍ സര്‍ഗാത്മകതയുടെ പൂ വിരിഞ്ഞു. കാഞ്ഞങ്ങാട് നഗരത്തിന്റെ പ്രിയപ്പെട്ട സാമൂഹ്യ സാംസ്‌കാരിക പ്രവര്‍ത്തകനായ ദാമോദരന്റെ നോവല്‍ പ്രകാശിതമായി.ഹൊസ്ദുര്‍ഗ് താലൂക്ക് ലൈബ്രറി കൗണ്‍സില്‍ എക്‌സി. കമ്മിറ്റി മെമ്പര്‍ കുശാല്‍ നഗറിലെ എച്ച് കെ ദാമോദരന്റെ ‘ഉടിഞ്ചല്‍’ എന്ന നോവലാണ് ദാമോദരന്റെ വാടക വീടിന്റെ മുറ്റത്തു വെച്ച് ലളിതമായ ചടങ്ങില്‍ പ്രകാശനം ചെയ്യപ്പെട്ടത്. രണ്ടര വര്‍ഷക്കാലത്തെ തപസ്യക്കൊടുവില്‍ ദാമോദരനെഴുതിയ നാല് നോവലുകളില്‍ ആദ്യത്തേതാണ് പ്രകാശനം ചെയ്യപ്പെട്ടത്. താന്‍ പിറന്ന പറയ സമുദായത്തില്‍പ്പെട്ട മനുഷ്യര്‍ക്ക് അയിത്തത്തിന്റെ പേരില്‍ അനുഭവിക്കേണ്ടി വന്ന കൊടിയ യാതനകള്‍ ഏറെ സങ്കടത്തോടെ പകര്‍ത്തപ്പെട്ടതാണ് ആദ്യ നോവല്‍. മറ്റ് രണ്ടു നോവലുകളും അച്ചടിയുടെ പാകത്തിലായി. നാലാമത്തെ നോവല്‍ എഴുതിത്തീര്‍ത്തു കൊണ്ടിരിക്കുമ്പോഴാണ് അപ്രതീക്ഷിതമായി കരളിന് അര്‍ബുദം ബാധിച്ച് ഗുരുതരാവസ്ഥയിലായത്. തലശ്ശേരി മലബാര്‍ ക്യാന്‍സര്‍ സെന്ററില്‍ ചികിത്സ ആരംഭിച്ചതിനെ തുടര്‍ന്ന് ഹൊസ്ദുര്‍ഗ് താലൂക്കിലെ ലൈബ്രറി കൗണ്‍സില്‍ പ്രവര്‍ത്തകര്‍ ചികിത്സാ സഹായ കമ്മിറ്റി രൂപീകരിച്ച് സാമ്പത്തിക സ്വരൂപണം നടത്തിവരുന്നതിനിടെയാണ് പുസ്തക പ്രകാശനം നടത്തുന്നത്. 1969 ല്‍ രൂപീകൃതമായ ദേശാഭിമാനി ബാലസംഘത്തിന്റെ ഹൊസ്ദുര്‍ഗ് താലൂക്ക് പ്രസിഡന്റ്, ഉത്തരമേഖല കമ്മിറ്റിയംഗം, എസ് എഫ് ഐ കാഞ്ഞങ്ങാട് ഏരിയ കണ്‍വീനര്‍, കാഞ്ഞങ്ങാട് പഞ്ചായത്ത് മെമ്പര്‍ എന്നീ നിലകളില്‍ പ്രവര്‍ത്തിച്ച ദാമോദരന്‍ അടിയന്തരാവസ്ഥക്കാലത്ത് ക്രൂരമര്‍ദനവും ജയില്‍ ശിക്ഷയും അനുഭവിക്കേണ്ടി വന്നിട്ടുണ്ട്. ആറാം തരം മുതല്‍ സാഹിത്യരചന തുടങ്ങിയിരുന്നു. എച്ച് കെ സ്ഥാപിച്ച കുശാല്‍ നഗര്‍ ഇ കെ നായനാര്‍ സ്മാരക ഗ്രന്ഥാലയപരിധിയില്‍ അദ്ദേഹം ഓരോ വീടുകളിലും കയറിയിറങ്ങി പുസ്തകവിതരണം നടത്തുന്ന പ്രവര്‍ത്തനം ഏറെ ശ്രദ്ധേയമായിരുന്നു.

നിള ബുക്‌സാണ് പുസ്തകപ്രസാധനം നടത്തിയത്. പുസ്തകത്തിന് അവതാരിക എഴുതിയത് സ്റ്റേറ്റ് ലൈബ്രറി കൗണ്‍സില്‍ മുന്‍ സെക്രട്ടറി അഡ്വ. പി അപ്പുക്കുട്ടനാണ്. ഹൊസ്ദുര്‍ഗ് താലൂക്ക് ലൈബ്രറി കൗണ്‍സില്‍ സംഘടിപ്പിച്ച ചടങ്ങില്‍ എഴുത്തുകാരനും സ്റ്റേറ്റ് ലൈബ്രറി കൗണ്‍സില്‍ എക്‌സി. മെമ്പറുമായ പിവികെ പനയാല്‍ പുസ്തകം പ്രകാശനം ചെയ്തു. അഡ്വ. കെ രാജ് മോഹന്‍ ഏറ്റുവാങ്ങി. താലൂക്ക് ലൈബ്രറി കൗണ്‍സില്‍ പ്രസിഡന്റ് സുനില്‍ പട്ടേന അധ്യക്ഷനായിരുന്നു. അഡ്വ. പി അപ്പുക്കുട്ടന്‍ പുസ്തകപരിചയം നടത്തി. ജില്ല ലൈബ്രറി കൗണ്‍സില്‍ സെക്രട്ടറി ഡോ. പി പ്രഭാകരന്‍ മുഖ്യാതിഥിയായി. താലൂക്ക് ലൈബ്രറി കൗണ്‍സില്‍ സെക്രട്ടറി പി വേണുഗോപാലന്‍, പന്‍മന വിജയന്‍, എം വി ബാലന്‍,സി വി വിജയരാജന്‍, പ്രൊഫ കെ സി രവീന്ദ്രന്‍, സന്തോഷ് കുശാല്‍ നഗര്‍,പി സുശാന്ത് എന്നിവര്‍ സംസാരിച്ചു. 350 രൂപയാണ് പുസ്തക വില.

error: Content is protected !!