കാഞ്ഞങ്ങാട് : അജാനൂര്‍ ഗ്രാമ പഞ്ചായത്ത് തയ്യാറാക്കിയ ‘ആനന്ദവനം’ പച്ചത്തുരുത്ത് നവകേരളം കര്‍മ്മ പദ്ധതി- ഹരിത കേരളം മിഷന് സംസ്ഥാന അവാര്‍ഡിന് അര്‍ഹമായി. തദ്ദേശസ്വയംഭരണ സ്ഥാപനതലത്തില്‍ സംസ്ഥാനത്ത് മൂന്നാം സ്ഥാനവും കാസര്‍ഗോഡ് ജില്ലയില്‍ ഒന്നാം സ്ഥാനവും ലഭിച്ചു. 2025 ജൂലൈ 11 ന് വനം വകുപ്പ് മന്ത്രി എ കെ ശശീന്ദ്രന് വൃക്ഷ തൈ നട്ടാണ് ആനന്ദവനത്തിന്റെ ഉദ്ഘാടനം നിര്‍വ്വഹിച്ചത്. ആനന്ദവനം പച്ചത്തുരുത്ത് സ്ഥിതി ചെയ്യുന്നത് മാവുങ്കാല്‍ ആനന്ദാശ്രമത്തിന് സമീപത്താണ്
2009 ല്‍ പഞ്ചായത്ത് പ്രസിഡന്റായിരുന്ന ചെറാക്കോട്ട് കുഞ്ഞിക്കണ്ണന്റ നേതൃത്വ ത്തിലാണ് 3 ഏക്കര്‍ ഭൂമി മതില് കെട്ടി സംരക്ഷിച്ച് വൃക്ഷത്തെ വെച്ച് പിടിക്കാന്‍ പദ്ധതി തയ്യാറാക്കിയത്. മാലിന്യം കുന്ന് കൂടിയതും മൃദദേഹങ്ങള്‍ സംസ്കരിക്കുകയും ചെയ്തിരുന്ന പ്രദേശം വേര്‍തിരിച്ച് മാലിന്യ സംസ്കരണ പ്ലാന്റും പൊതു ശ്മശാനവും സ്ഥാപിച്ചു. ബാക്കിയുള്ള സ്ഥലത്ത് സോഷ്യല്‍ ഫോറസ്ട്രിയുമായി ചേര്‍ന്ന് തൊഴിലുറപ്പ് പദ്ധതിയില്‍ ഉള്‍പ്പെടുത്തി വൃക്ഷത്തൈകള്‍ വെച്ചു പിടിപ്പിച്ചു. തുടര്‍ വര്‍ഷങ്ങളില്‍ ഉണ്ടായ തീപിടുത്തത്തില്‍ തൈകള്‍ നശിച്ചുവെങ്കിലും വീണ്ടും വൃക്ഷത്തൈകള്‍ വെച്ച് പിടിപ്പിച്ചു. 2018- 19 പഞ്ചായത്തിന്റെ നേതൃത്വത്തില്‍ നേഴ്സറി ഉണ്ടാക്കി വിപുലമായ നിലയില്‍ പദ്ധതി നടപ്പിലാക്കി. 2020-25 കാലയളവില്‍ പ്രത്യേകശ്രദ്ധ ചെലുത്തി വനവത്കരണ പ്രവര്‍ത്തനങ്ങള്‍ കാര്യക്ഷമമാക്കി. മഹാത്മാ ഗാന്ധി ദേശീയ തൊഴിലുറപ്പ് പദ്ധതിയുടെ ഭാഗമായി ഓരോ വര്‍ഷവും പദ്ധതി ആസൂത്രണം ചെയ്തു നടപ്പാക്കി. നിലവില്‍ 2865 മരങ്ങള്‍ ആനന്ദ വനത്തിലുണ്ട്. കൂടാതെ ആയിരത്തോളം തൈകള്‍ പുതിയതായി നട്ടുപിടിപ്പിച്ചു. സ്വാഭാവിക വനമായിമാറികൊണ്ടിരിക്കുന്ന ആനന്ദ വനം ജൈവ വൈവിദ്ധ്യങ്ങളുടെ കലവറയാണ്. അന്‍പതില്‍ പരം തരങ്ങളിലുള്ള മരങ്ങള്‍, വിവിധയിനം സസ്യങ്ങള്‍, വള്ളിച്ചെടികള്‍, ചെറുസസ്യങ്ങള്‍, വിവിധതരം ചിത്രശലഭങ്ങള്‍, വിവിധതരം പക്ഷികള്‍, ചെറു ജീവികള്‍ എന്നിവകൊണ്ട് സംപുഷ്ടമാണ് ആനന്ദവനം. വൃക്ഷങ്ങളുടെ ലേബലിംഗ് കൂടി പൂര്‍ത്തിയാവുന്നതോടെ വിദ്യാര്‍ത്ഥികള്‍ക്ക് പഠന ഗവേഷണങ്ങള്‍ക്ക് വലിയ സഹായകരമാകുന്ന പദ്ധതിമായി മാറും. തിരുവനന്തപുരം ടാഗോര്‍ തിയേറ്ററില്‍ നടന്ന ചടങ്ങില്‍ തദ്ദേശ സ്വയം ഭരണ വകുപ്പ് മന്ത്രി എം ബി രാജേഷ്ഉപഹാരം നല്കി
