കരിന്തളം : കൊല്ലൂര്‍ ആസ്ഥാനമായുള്ള മഹാകവി കുട്ടമത്ത് സംസ്‌കൃതി കേന്ദ്രത്തിന്റെ ഈ വര്‍ഷത്തെ പൂമാലിക പുരസ്‌കാരത്തിന് പ്രമുഖ പൂരക്കളി മറുത്തുകളി പണിക്കറും പണ്ഡിതനുമായ അണ്ടോളിലെ ഒ വി രത്‌നാകരന്‍ പണിക്കര്‍ അര്‍ഹനായി. പുരസ്‌കാരം കൊല്ലൂര്‍ മൂകാംബിക ക്ഷേത്ര സന്നിധിയില്‍ ഇന്ന് മാസം 22 ന് നടക്കുന്ന കോഴിക്കോട് സര്‍വകലാശാല മുന്‍ വൈസ് ചാന്‍സിലര്‍ ഡോ. കെ കെ എന്‍ കുറുപ്പ് സമ്മാനിക്കും. മന്ത്രി രാമചന്ദ്രന്‍ കടന്നപ്പള്ളി ഉദ്ഘാടനം ചെയ്യും.പൂരക്കളി മറുത്തുകളി രംഗത്ത് സജീവമായതിന്റെ സുവര്‍ണ ജൂബിലി വര്‍ഷം തികയുന്ന സന്ദര്‍ഭത്തിലാണ് രത്‌നാകരന്‍ പണിക്കര്‍ക്ക് പുരസ്‌കാരം ലഭിച്ചത്. സമഗ്ര സംഭാവനയ്ക്കുള്ള പൂരക്കളി അക്കാദമി അവാര്‍ഡ് ജേതാവ് കൂടിയായ അണ്ടോള്‍ ബാലകൃഷ്ണന്‍ പണിക്കരുടെ ശിക്ഷണത്തില്‍ 1973 ല്‍ നീലേശ്വരം നാഗച്ചേരി ഭഗവതി ക്ഷേത്രത്തില്‍ ആണ് പൂരമാലയ്ക്ക് തുടക്കം കുറിച്ചത്. 1984 ല്‍ ചന്തേര ചെമ്പിലോട്ട് ഭഗവതി ക്ഷേത്രത്തില്‍ നിന്നാണ് പട്ടും വളയും ലഭിച്ചത്. 1997 ല്‍ കുഞ്ഞിമംഗലം അണിയിക്കര ഭഗവതി ക്ഷേത്രത്തില്‍ നിന്ന് പൂരക്കളി പണിക്കര്‍മാര്‍ക്ക് ലഭിക്കുന്ന പരമോന്നത ബഹുമതിയായ വീരശൃംഖല പുരസ്‌കാരവും ലഭിച്ചു. 2018 ല്‍ പൂരക്കളി മറുത്തുകളിയില്‍ കേരള ഫോക് ലോര്‍ അക്കാദമി അവാര്‍ഡ് അടക്കം നിരവധി പുരസ്‌കാരങ്ങള്‍ ലഭിച്ചിട്ടുണ്ട്. വിദേശത്ത് ഉള്‍പ്പെടെ പൂരക്കളി അവതരിപ്പിച്ചിട്ടുണ്ട്. ഇന്നും പൂരക്കളി മറുത്തുകളി രംഗത്തും സാമൂഹിക രാഷ്ട്രീയ മേഖലകളിലും സജീവമാണ് അണ്ടോള്‍ ഒ വി രത്‌നാകരന്‍ പണിക്കര്‍. കെ. വി ശാന്തയാണ് ഭാര്യ. രസ്‌ന, ശ്രീഹരി എന്നിവര്‍മക്കളാണ്.
