പ്രവാചക മാതൃകകള്‍ വിളംബരം ചെയ്തും ഫലസ്തീന് വേണ്ടി പ്രാര്‍ത്ഥിച്ചും നബിദിനമാഘോഷിക്കുക: സംയുക്ത ജമാഅത്ത്

കാഞ്ഞങ്ങാട്:ജാതി, മത, വര്‍ഗ്ഗ, വര്‍ണ്ണ, ഭേദ ചിന്തകള്‍ക്കതീതമായി സത്യവും സ്‌നേഹവും സമത്വവും വിളംബരം ചെയ്ത പുണ്യ പ്രവാചകന്‍ മുഹമ്മദ് (സ) സ്വജീവിതത്തിലൂടെ കാണിച്ചു തന്ന മാതൃകകളെ പിന്‍പറ്റിയും അത് ബഹുസ്വര സമൂഹത്തിലെ തങ്ങളുടെ സഹോദര സമുദായ സുഹൃത്തുക്കള്‍ക്ക് പരിചയപ്പെടുത്തിയും നബിദിനാഘോഷം മാതൃകാപരമാക്കി തീര്‍ക്കണമെന്ന് കാഞ്ഞങ്ങാട് സംയുക്ത മുസ്ലിം ജമാഅത്ത് ഖാസി സയ്യിദ് മുഹമ്മദ് ജിഫ്രി മുത്തുക്കോയ തങ്ങള്‍, പ്രസിഡന്റ് ഇന്‍ ചാര്‍ജ് മുബാറക്ക് ഹസൈനാര്‍ ഹാജി, ജനറല്‍ സെക്രട്ടറി ബഷീര്‍ വെള്ളിക്കോത്ത്, ട്രഷറര്‍ എം കെ അബൂബക്കര്‍ ഹാജി എന്നിവര്‍ . നബിദിനത്തോടൊപ്പം തന്നെ ഓണവും വന്നു ചേരുന്ന മൈത്രിയുടെയും സ്‌നേഹത്തിന്റെയും സവിശേഷ | സന്ദര്‍ഭമാണിത്. ഈ സന്ദര്‍ഭത്തെ ഹൃദ്യമാക്കും വിധം ആഘോഷത്തിന്റെ നന്മകള്‍ പരസ്പരം കൈമാറ്റം ചെയ്യപ്പെടുകയും ചെയ്യേണ്ടതുണ്ട് എന്ന് അവര്‍ പ്രസ്താവനയില്‍ തുടര്‍ന്ന് പറഞ്ഞു.

പുണ്യ പ്രവാചകരുടെ 1500-ാമത് ജന്മദിനം ആഘോഷിക്കുന്ന ഈ വേള, മുസ്ലിംകളുടെ ആദ്യ ഖിബിലയായ ഖുദ്‌സിന്റെ സംരക്ഷണത്തിനും, ലോകാവസാനത്തിന് മുമ്പ് ഭൂമിയില്‍ വരാനിരിക്കുന്ന ഇമാം മഹ്ദിയെയും തിരിച്ചെത്തുന്ന ഈസാ അലൈഹിസലാമിനെയും പ്രതീക്ഷിച്ച് തങ്ങളുടെ വിജയം വിളംബരം ചെയ്ത പ്രവാചകന്റെ ‘ പ്രഖ്യാപനത്തില്‍ പ്രത്യാശയര്‍പ്പിച്ച് സയണിസ്റ്റ് ഭീകരതയുടെ എല്ലാ താണ്ഡവങ്ങളും സഹിച്ചു കഴിഞ്ഞു കൂടുന്ന ഫലസ്തീനിലെ ലക്ഷക്കണക്കിന് മനുഷ്യര്‍ക്കു വേണ്ടി പ്രാര്‍ത്ഥിച്ചും, അവരുടെ പോരാട്ടങ്ങള്‍ക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചും കൊണ്ടുള്ളതായിരിക്കണം നമ്മുടെ ഇത്തവണത്തെ നബിദിനാഘോഷം എന്ന് അവര്‍ പ്രസ്താവനയില്‍ ചൂണ്ടിക്കാട്ടി.

ഇസ്രായേല്‍ നടത്തുന്ന നരമേധത്തിനെതിരെ ലോകരാഷ്ട്രങ്ങള്‍ പുലര്‍ത്തുന്ന മൗനവും, ലോകത്താനേകം രാഷ്ട്രങ്ങളും ബഹുരാഷ്ട്ര കുത്തക കമ്പനികളും ഇസ്രായേലിന് ഏകിക്കൊണ്ടിരിക്കുന്ന പിന്‍ബലവും മനുഷ്യ മനസാക്ഷിയെ ഞെട്ടിക്കുന്നതാണ്. ഇത്തരം ഒരു സന്ദര്‍ഭത്തില്‍, നബിദിനാഘോഷവുമായി ബന്ധപ്പെട്ട് ഉപയോഗപ്പെടുത്തുന്ന ചോക്ലേറ്റുകള്‍ ഉള്‍പ്പെടെയുള്ള മധുര പലഹാരങ്ങള്‍,മറ്റു വസ്തുക്കളില്‍ ഇസ്രായേലി കമ്പനികളുടെയും, ഇസ്രായേലിന് സഹായം നല്‍കുന്ന കമ്പനികളുടെയും ഉത്പന്നങ്ങള്‍ ഏതൊക്കെയാണെന്ന് മനസ്സിലാക്കി, അവ ബഹിഷ്‌കരിക്കാന്‍ വിശ്വാസി സമൂഹം ജാഗ്രത പുലര്‍ത്തണമെന്നും, നമ്മള്‍ വാങ്ങുന്ന ഉപഭോക്ത വസ്തുക്കളുടെ ലാഭവിഹിതം കൂടി ഫലസ്തീനികളെ ഉന്മൂലനം ചെയ്യാന്‍ വേണ്ടി ഉപയോഗപ്പെടുത്തുന്ന ദുരന്തത്തിന്, നമ്മള്‍ അറിഞ്ഞോ അറിയാതെയോ നിന്നു കൊടുക്കരുത് എന്നും അവര്‍ പ്രസ്താവനയില്‍ ആഹ്വാനം ചെയ്തു.

നബിദിനാഘോഷവുമായി ബന്ധപ്പെട്ട് നടക്കുന്ന ഘോഷയാത്രകള്‍ ജനങ്ങള്‍ക്ക് ബുദ്ധിമുട്ടുണ്ടാക്കാതെയും വഴി തടസ്സങ്ങള്‍ സൃഷ്ടിക്കാതെയും ക്രമീകരിക്കണം എന്നും, ജാഥകളില്‍ ഏതെങ്കിലും വ്യവസ്ഥകളെയോ സംവിധാനങ്ങളെയോ വെല്ലുവിളിക്കുന്ന ‘ വേഷഭൂഷാദികളോ മുദ്രാവാക്യങ്ങളോ ഉപയോഗിക്കാന്‍ ഒരു കാരണവശാലും പാടില്ലെന്നും പ്രസ്താവനയില്‍ നിര്‍ദ്ദേശിച്ചു.
മാനവ രാശിക്ക് ആകമാനം മാര്‍ഗ്ഗ ദര്‍ശനമായും അനുഗ്രഹമായും കടന്നു വന്ന പുണ്യ പ്രവാചകന്റെ ജന്മദിനത്തില്‍ എല്ലാ വിഭാഗം ജനങ്ങള്‍ക്കും അവര്‍ആശംസകള്‍നേര്‍ന്നു

 

error: Content is protected !!