ബേക്കല്‍: ലോക തീരദേശ ശുചീകരണ ദിനാചരണത്തോടനുബന്ധിച്ച് ബേക്കല്‍ കടല്‍ത്തീരം വൃത്തിയാക്കി കേരള കേന്ദ്ര സര്‍വകലാശാല വിദ്യാര്‍ത്ഥികള്‍. സ്വഛ് സാഗര്‍, സുരക്ഷിത് സാഗര്‍ എന്ന സന്ദേശവുമായി കേന്ദ്ര ഭൗമ ശാസ്ത്ര മന്ത്രാലയത്തിന് കീഴിലുള്ള നാഷണല്‍ സെന്റര്‍ ഫോര്‍ കോസ്റ്റല്‍ റിസര്‍ച്ചി (എന്‍സിസിആര്‍)ന്റെ സഹകരണത്തോടെ സര്‍വകലാശാലയിലെ നാഷണല്‍ സര്‍വ്വീസ് സ്‌കീം (എന്‍എസ്എസ്) ആണ് പരിപാടി സംഘടിപ്പിച്ചത്. ബേക്കല്‍ റിസോര്‍ട്സ് ഡവലപ്മെന്റ് കോര്‍പ്പറേഷന്‍ (ബിആര്‍ഡിസി), ഡിസ്ട്രിക്ട് ടൂറിസം പ്രൊമോഷന്‍ കൗണ്‍സില്‍ (ഡിടിപിസി), പെരിയടുക്ക എംപി ഇന്റര്‍നാഷണല്‍ സ്‌കൂള്‍, കോളേജ് വിദ്യാര്‍ത്ഥികള്‍, സന്നദ്ധ പ്രവര്‍ത്തകര്‍ എന്നിവരും ശുചീകരണ യജ്ഞത്തില്‍ കൈകോര്‍ത്തതോടെ നീക്കം ചെയ്തത് ഒരു ടണ്‍ മാലിന്യം. ഇതില്‍ 368 കിലോയും പ്ലാസ്റ്റിക് മാലിന്യമാണ്. പേപ്പര്‍, ഗ്ലാസ്, മെറ്റല്‍, തുണി, റബ്ബര്‍ മാലിന്യങ്ങളാണ് മറ്റുള്ളവ.
രാവിലെ ഏഴ് മണിക്ക് ആരംഭിച്ച ശുചീകരണം ഉച്ച വരെ നീണ്ടു. കടല്‍ത്തീരത്ത് ചിതറിക്കിടന്ന പ്ലാസ്റ്റിക് മാലിന്യമുള്‍പ്പെടെ മണിക്കൂറുകളോളമെടുത്താണ് ശേഖരിച്ചത്. പിന്നീട് ഇവ തരംതിരിച്ച് ശാസ്ത്രീയമായി സംസ്‌കരിക്കുന്നതിന് മഹയൂബ ഇക്കോ സൊലൂഷന്‍സിന് കൈമാറി. വിദ്യാര്‍ത്ഥികള്‍ കടല്‍ത്തീര ശുചീകരണത്തിന്റെ പ്രാധാന്യം വിളിച്ചോതുന്ന മണല്‍ ശില്‍പ്പവും ഒരുക്കി. വൈസ് ചാന്‍സലര്‍ പ്രൊഫ. സിദ്ദു പി. അല്‍ഗുര്‍ ഉദ്ഘാടനം ചെയ്തു. കടല്‍ത്തീര സംരക്ഷണത്തിന്റെ പ്രാധാന്യം ചൂണ്ടിക്കാട്ടിയ അദ്ദേഹം ശുചീകരണവും ബോധവത്കരണവും തുടരണമെന്ന് ആവശ്യപ്പെട്ടു. കേരളത്തിലുള്‍പ്പെടെ കടലിനെ ആശ്രയിച്ചു കഴിയുന്ന വലിയ ജനവിഭാഗമുണ്ട്. അതിനാല്‍ കടല്‍ സംരക്ഷണത്തിന് പരിസ്ഥിതി സംരക്ഷണത്തിനൊപ്പം സാമ്പത്തിക മാനവുമുണ്ട്. ജൈവവൈവിധ്യം സംരക്ഷിക്കപ്പെടേണ്ടത് അനിവാര്യമാണെന്നും അദ്ദേഹം വിശദീകരിച്ചു. ബിആര്‍ഡിസി മാനേജിംഗ് ഡയറക്ടര്‍ ഷിജിന്‍ പറമ്പത്ത് പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. സ്റ്റുഡന്റ്സ് വെല്‍ഫെയര്‍ ഡീന്‍ പ്രൊഫ. രാജേന്ദ്ര പിലാങ്കട്ട, മഹയൂബ ഇക്കോ സൊലൂഷന്‍സ് മാനേജിംഗ് ഡയറക്ടര്‍ കുഞ്ഞബ്ദുള്ള, ബേക്കല്‍ ബീച്ച് പാര്‍ക്ക് ഡയറക്ടര്‍ മുഹമ്മദ് അനസ്, എന്‍എസ്എസ് കോര്‍ഡിനേറ്റര്‍ ഡോ. എസ്. അന്‍ബഴഗി, ടെക്നിക്കല്‍ ഓഫീസര്‍ ഡോ. വി. സുധീഷ് എന്നിവര്‍സംസാരിച്ചു.
