കാഞ്ഞങ്ങാട് :സ്ത്രീധനത്തിന്റെ പേരില്‍ ഭര്‍തൃവീട്ടിലും ഗള്‍ഫില്‍ വെച്ചും യുവതിയെ ക്രൂരമായി പീഡിപ്പിച്ചെന്ന് പരാതി.
തൃക്കരിപ്പൂര്‍ മെട്ടമ്മലിലെ ഫാത്തിമ(26) കാഞ്ഞങ്ങാട് പ്രസ് ഫോറത്തില്‍ നടത്തിയ വാര്‍ത്താസമ്മേളനത്തിലാണ് ഭര്‍ത്താവും വീട്ടുകാരും തനിക്ക് നേരെ നടത്തിയ ഉപദ്രവങ്ങള്‍ വിവരിച്ചത്.
2025 ജൂലായ് 13ന് പയ്യന്നൂര്‍ അയോധ്യ ഓഡിറ്റോറിയത്തിലാണ്
ഫാത്തിമയും പയ്യന്നൂര്‍ കണ്ടോത്ത് സ്വദേശി സജാദും (38) തമ്മിലുള്ള വിവാഹം നടന്നത്. മുമ്പ് റിയാസ് എന്നയാളുമായി ഫാത്തിമയുടെ വിവാഹം നടന്നിരുന്നു. ഈ ബന്ധം നിയമപരമായി വേര്‍പെടുത്തി. സജാദും നേരത്തെ വിവാഹിതനായിരുന്നു. ഈ ബന്ധത്തില്‍ ഒരു കുട്ടിയുണ്ട്. സജാദും ആദ്യ വിവാഹബന്ധം വേര്‍പെടുത്തിയിരുന്നു. ഫാത്തിമ ബംഗളൂരുവില്‍ ഫാഷന്‍ ഡിസൈനിംഗ് പഠിക്കുന്ന കാലത്തായിരുന്നു രണ്ടാം വിവാഹം. വിവാഹസമയത്ത് 30 പവന് സ്വര്‍ണം ഫാത്തിമയുടെ വീട്ടുകാര്‍ സജാദിന് നല്‍കിയിരുന്നു. പിന്നീട് കൂടുതല്‍ സ്വര്‍ണവും പണവും ആവശ്യപ്പെട്ട് ഭര്‍തൃപിതാവും മാതാവും പീഡിപ്പിച്ചു.
ജൂലായ് 24ന് ജോലി ആവശ്യാര്‍ഥം സജാദ് ഗള്‍ഫില്‍ പോയി. ഇതോടെ ഫാത്തിമ സ്വന്തം വീട്ടിലേക്ക് വന്നു. പിന്നീട് സജാദ് ഗള്‍ഫിലേക്ക് പോകുന്നതിനായി ഫാത്തിമക്ക് വിസയും ആഗസ്ത് ഒന്നിനുള്ള ഫ്ലൈറ്റ് ടിക്കറ്റും അയച്ചു കൊടുത്തു. ഈ വിവരം പറയാന്‍ ഭര്‍തൃവീട്ടിലേക്ക് പോയ ഫാത്തിമയെ ഭര്‍തൃപിതാവ് പീഡിപ്പിക്കാന്‍ ശ്രമിച്ചെന്നും ഗള്‍ഫിലെത്തി ഇക്കാര്യം പറഞ്ഞപ്പോള്‍ ഭര്‍ത്താവ് ഇത് ഗൗനിക്കാതെ സ്ത്രീധനത്തിന് വേണ്ടി ശാരീരികമായും മാനസികമായും പീഡിപ്പിക്കുകയും ഗള്‍ഫിലെ താമസ സ്ഥലത്തെ മുറിയില്‍ ദിവസങ്ങളോളം പൂട്ടിയിട്ട് പട്ടിണിക്കിടുകയും മര്‍ദിക്കുകയും അവശേഷിച്ച സ്വര്‍ണാഭരണങ്ങള്‍ തട്ടിയെടുക്കുകയും ചെയ്തെന്നാണ് പരാതിയില്‍ പറയുന്നത്. പീഡനം സഹിക്കാനാകാതെ ഫാത്തിമ ആഗസ്ത് 28ന് നാട്ടില്‍ തിരിച്ചെത്തുകയും ഭര്‍ത്താവ് സജാദ്, ഭര്‍തൃപിതാവ് മൂസ(60), ഭര്‍തൃമാതാവ് ആല്മ(55) എന്നിവര്‍ക്കെതിരെ ചന്തേര പോലീസില്‍ പരാതി നല്‍കുകയും ചെയ്തു. സംഭവം നടന്നത് പയ്യന്നൂര്‍ പോലീസ് സ്റ്റേഷന് പരിധിയിലായതിനാല്‍ അവിടെ പരാതി നല്‍കാനാണ് ചന്തേര പോലീസിന്റെ നിര്‍ദേശമെന്നും നീതി കിട്ടുന്നതുവരെ നിയമ പോരാട്ടം നടത്തുമെന്നും ഫാത്തിമ പറഞ്ഞു. മാതാവ് ബുഷ്റയും ഫാത്തിമക്കൊപ്പം പത്രസമ്മേളനത്തില്‍ പങ്കെടുത്തു.
