ലക്ഷങ്ങളുടെ വിസ തട്ടിപ്പ്: പ്രതിയെ ജയിലില്‍ അടച്ചു

കാഞ്ഞങ്ങാട്: കാസര്‍കോടും സംസ്ഥാനത്തെ വിവിധ ജില്ലകളിലും നിരവധി പേര്‍ക്ക്    വിസ വാഗ്ദാനം ചെയ്ത് ലക്ഷങ്ങളുടെ തട്ടിപ്പ് നടത്തിയ പ്രതിയെ ഹോസ്ദുര്‍ഗ് പോലീസ് ബംഗളൂരുവില്‍ നിന്ന് കസ്റ്റഡിയിലെടുത്തു. തൃശൂര്‍  അഷ്ടമിച്ചിറ സ്വദേശി പി ബി ഗൗതം കൃഷ്ണ (25) നെയാണ് പോലീസ് കസ്റ്റഡിയിലെടുത്തത്. ജര്‍മ്മനിയിലേക്ക് ജോലി വാഗ്ദാനം ചെയ്ത് വിസ നല്‍കാമെന്ന് പറഞ്ഞ് കബളിപ്പിച്ച് നിരവധി യുവാക്കളില്‍ നിന്നും ലക്ഷങ്ങള്‍ തട്ടിയെടുത്തിരുന്നു.  ഈ പരാതിയുടെ അടിസ്ഥാനത്തിലാണ് നടപടി.സംസ്ഥാനത്തിന്റെ പല ഭാഗങ്ങളില്‍ 30 ഓളം പേരില്‍ നിന്നുമായി 60 ലക്ഷത്തോളം രൂപ ഇയാള്‍ തട്ടിയെടുക്കുകയും പിന്നീട് പല കാരണങ്ങള്‍ പറഞ്ഞു കബളിപ്പിക്കുകയുമായിരുന്നു. പണം നല്‍കിയവര്‍ക്ക് കൃത്യമായ മറുപടി ലഭിക്കാതെയായതിനെ തുടര്‍ന്നാണ് പോലീസില്‍ പരാതിയെത്തിയത്. ബംഗളൂരുവില്‍ ആഡംബര ജീവിതം നയിക്കുകയായിരുന്ന പ്രതിയെ കാഞ്ഞങ്ങാട് ഡി വൈ എസ് പി സി കെ സുനില്‍കുമാറിന്റെ നേതൃത്വത്തില്‍ ഹോസ്ദുര്‍ഗ് ഇന്‍സ്‌പെക്ടര്‍ പി അജിത്ത് കുമാര്‍, എ എസ് ഐ ആനന്ദകൃഷ്ണന്‍, സീനിയര്‍ സിവില്‍ പോലീസ് ഓഫീസര്‍മാരായ സനീഷ് കുമാര്‍, കമല്‍ കുമാര്‍, എ.ജ്യോതിഷ് എന്നിവര്‍ ചേര്‍ന്നാണ് അതിവിദഗ്ദമായി വലയിലാക്കിയത്.
 സൈബര്‍ വിദഗ്ദ്ധരായ സീനിയര്‍ സിവില്‍ പോലീസ് ഓഫീസര്‍  കെ ടി അനില്‍, സിവില്‍ പോലീസ് ഓഫീസര്‍ രമിത്ത് എന്നിവരും സംഘത്തിലുണ്ടായിരുന്നു. ഉപ്പികൈയിലെ കെ വി നിധിന്‍ ജിത്തിന്റെ പരാതിയിലാണ് പ്രതിക്ക് എതിരെ ഹോസ്ദുര്‍ഗ് പോലീസ് നടപടി സ്വീകരിച്ചത്. കേസിലെ രണ്ടാം പ്രതി പി.എസ്. നന്ദു ഒളിവിലാണ്.  കോടതിയില്‍  ഹാജരാക്കിയ ഗൗതം കൃഷ്ണയെ റിമാന്റ്ചെയ്തു.
error: Content is protected !!