മലപ്പുറം: നിലമ്പൂര്‍ ഉപതിരഞ്ഞെടുപ്പില്‍ യു.ഡി.എഫ് സ്ഥാനാര്‍ഥി ആര്യാടന്‍ ഷൗക്കത്തിന് മിന്നുന്ന വിജയം. ഇടതു സ്ഥാനാര്‍ഥിയായി വിജയിച്ച പി.വി.അന്‍വര്‍ രാജിവച്ചതിനെ തുടര്‍ന്നു നടന്ന ഉപതിരഞ്ഞെടുപ്പില്‍ പതിനൊന്നായിരത്തിലേറെ വോട്ടിന്റെ ഭൂരിപക്ഷത്തിനാണ് ഷൗക്കത്ത് പിതാവ് ആര്യാടന്‍ മുഹമ്മദ് ദീര്‍ഘകാലം കുത്തകയാക്കിവെച്ചിരുന്ന മണ്ഡലം യു.ഡി.എഫിനുവേണ്ടി തിരിച്ചുപിടിച്ചത്. സി.പി.എമ്മിന്റെ എം.സ്വരാജിനെ തോല്‍പിച്ച് 11005 വോട്ടിനാണ് ഷൗക്കത്ത് പരാജയപ്പെടുത്തിയത്. സ്വരാജിന്റെ തുടര്‍ച്ചയായ രണ്ടാമത്തെ പരാജയമായി ഇത്. കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പില്‍ തൃപ്പൂണിത്തുറ മണ്ഡലത്തില്‍ കോണ്‍ഗ്രസിന്റെ കെ.ബാബുവിനോടും സ്വരാജ് പരാജയപ്പെട്ടിരുന്നു.
മൂന്ന് മുന്നണികള്‍ക്കുമെതിരേ സ്വതന്ത്രനായി മത്സരിച്ച മുന്‍ എം.എല്‍.എ പതിനയ്യായിരത്തോളം വോട്ട് പിടിച്ച് കരുത്തുകാട്ടി. ക്രിസ്ത്യന്‍ സ്ഥാനാര്‍ഥിയിലൂടെ പരീക്ഷണം നടത്തിയ ബി.ജെ.പി. നാലാം സ്ഥാനത്തായി.
