വായനാദിനം: സംസ്‌കാര സാഹിതി ജില്ലാ കമ്മിറ്റി സുധാ മേനോന്റെ ‘ഇന്ത്യ എന്ന ആശയം ‘എന്ന പുസ്തകത്തെ കുറിച്ച് ചര്‍ച്ച സംഘടിപ്പിച്ചു; മഹാകവി പി.സ്മാരക മന്ദിരത്തില്‍ നടത്തിയ പരിപാടി ഡോ:ഖാദര്‍ മാങ്ങാട് ഉല്‍ഘാടനം ചെയ്തു.

കാഞ്ഞങ്ങാട്: വായനാ ദിനമായ ഇന്നലെ സംസ്‌കാര സാഹിതി ജില്ല കമ്മിറ്റി പി സ്മാരക മന്ദിരത്തില്‍ സുധമേനോന്റെ ‘ഇന്ത്യ എന്ന ആശയം’ എന്ന പുസ്തകത്തെ കുറിച്ച് സംഘടിപ്പിച്ച ചര്‍ച്ച ഇടത് വലത് ആശയ ധാരകളുടെ വൈവിധ്യങ്ങളെ കുറിച്ചും അനുഭവങ്ങളുടെ അവതരണം കൊണ്ട് ശ്രദ്ധേയമായി. കോണ്‍ഗ്രസ് ബിജെപിക്ക് ബദല്‍ എന്ന് പറയുന്നതിനെ രൂക്ഷമായി വിമര്‍ശിച്ചു കൊണ്ടാണ് ഡോ.ഖാദര്‍ മാങ്ങാട് പരിപാടി ഉദ്ഘാടനം ചെയ്തത്.
കോണ്‍ഗ്രസ് കേവലം തെരഞ്ഞെടുപ്പിനും അധികാരത്തിനും വേണ്ടിയുള്ള പാര്‍ട്ടിയല്ല, അത് ഇന്ത്യ എന്ന ആയെത്തെ ജ്വലിപ്പിച്ചുകൊണ്ട് നിര്‍ത്തുന്ന നൈരന്തര്യമാണ്. ബിജെപി ഹിന്ദുത്വ പാര്‍ട്ടിയാണെങ്കില്‍ കോണ്‍ഗ്രസ് എല്ലാവരുടെയും ആശ്രയമാണ്. അതുകൊണ്ട് അധികാരത്തില്‍ ഇല്ലാത്തതുകൊണ്ട് കോണ്‍ഗ്രസ് ദുര്‍ബലമല്ല കൂടുതല്‍ ശക്തമാകുകയാണ് ചെയ്യുക. ഗാന്ധി അതിനെ രൂപപ്പെടുത്തിയത് അങ്ങനെയാണെന്ന് ഖാദര്‍ മാങ്ങാട് പറഞ്ഞു.
സബര്‍മതിയിലേക്കുള്ള തന്റെ യാത്ര ഗാന്ധിയെ പുതിയ ഭരണ കര്‍ത്താക്കള്‍ എവിടെ കൊണ്ടെത്തിക്കുന്നുവെന്ന ചിത്രം പകര്‍ന്നുകൊണ്ടാണ് മാധ്യമ പ്രവര്‍ത്തകനും എഴുത്തുകാരനുമായ രവീന്ദ്രന്‍ രാവണേശ്വരം തുടര്‍ന്നത്. ലോകത്തിലെ ഏറ്റവും പ്രശാന്തവും അതേസമയം പ്രക്ഷുബ്ധവുമായ ഇടമാണ് സബര്‍മതി. ഗാന്ധിയെ ചരിത്രത്തില്‍ നീക്കം ചെയ്യാനുള്ള നിക്ഷേപമാണ് സബര്‍മതിയില്‍ ഗുജറാത്ത് സര്‍ക്കാര്‍ നടത്തികൊണ്ടിരിക്കുന്നത്. ബാപ്പുവെന്ന പേര് ചില കള്ളസന്യാസിമാര്‍ക്ക് ചാര്‍ത്തികൊണ്ട് സബര്‍മതിയുടെ കവാടം സാമൂഹിക വിരുദ്ധര്‍ക്ക് തുറന്നുകൊടുക്കുന്നു. ബാപ്പുവിനെ തേടി സബര്‍മതിയില്‍ എത്തുന്നവരെ കള്ളസന്യാസിമാരുടെ ആശ്രമങ്ങളിലേക്ക് കൊണ്ടെത്തിക്കുന്ന ഓട്ടോ ക്വട്ടേഷനുകള്‍ ഇപ്പോള്‍ സബര്‍മതിയില്‍ കാണാം. സമ്പൂര്‍ണ മദ്യനിരോധനം എന്ന് പറയുന്ന ഗുജറാത്തിലെ സബര്‍മതിയില്‍ നാടന്‍വാറ്റു(ദേശി)കാരെ കയറ്റിവിടുന്ന ഗുണ്ടാ പ്രവര്‍ത്തനം കൂടി നടക്കുന്നു.
ഗാന്ധിയെ എങ്ങനെ ഉടക്കാമെന്നും ഉടച്ചുകൊണ്ട് എങ്ങനെ ഇല്ലാതാക്കാമെന്നുമാണ് ഗുജറാത്തില്‍ ഇപ്പോള്‍ നടക്കുന്ന പരീക്ഷണം- രവീന്ദ്രന്‍ പറഞ്ഞു.
ഓപറേഷന്‍ സിന്ദൂറിന്റെ മറവില്‍ ഗുണ്ടാസംഘങ്ങളെ ഇറക്കിവിടുകയാണ് അഭിനവ ദേശസ്നേഹികള്‍ ചെയ്യുന്നത് എന്ന് മകളുടെ അനുഭവങ്ങള്‍ പറഞ്ഞുകൊണ്ട് അഭിനേത്രിയും കവിയുമായ സി പി ശുഭ ടീച്ചര്‍ പറഞ്ഞു. കശ്മീരിലെയും പഞ്ചാബിലെയും വീടുകളില്‍ അതിരാവിലെ സിന്ദുരവുമായ കയറിയിറങ്ങുന്നവര്‍ സംഘര്‍ഷകാലത്ത് പൊട്ടിമുളച്ചിരുന്നു. മോദിയുടെ പടംവെച്ച സിന്ദുര ചെപ്പുകള്‍ നല്‍കി ചാര്‍ത്തികൊള്ളണമെന്ന് തീട്ടുരമായിരുന്നു അവര്‍നല്‍കിയത്.
അഭിമാനകരമായ ഇന്ത്യന്‍സൈന്യത്തെ അപമാനിക്കാനേ ഇത്തരം ഗുണ്ടകളെ ഇറക്കിവിട്ടതുകൊണ്ട് കാര്യമുള്ളൂവെന്ന് സി പി ശുഭ ടീച്ചര്‍ പറഞ്ഞു. സുധമേനോന്റെ പുസ്തകം പുതിയ കാലത്തിന്റെ പാഠപുസ്തകമാണെന്ന് പുസ്തകംപരിചയപ്പെടുത്തിയ സംസ്‌കാര സാഹിതി വൈസ് ചെയര്‍മാന്‍ പ്രദീപ് കുമാര്‍ പയ്യന്നൂര്‍ പറഞ്ഞു. മതനിരപേക്ഷ രാജ്യം ആഗ്രഹിക്കുന്നവര്‍ക്ക് എവിടെയുംപറയാനുള്ള മറുപടി ഇതില്‍നിന്ന് ലഭിക്കും അദ്ദേഹംപറഞ്ഞു. സംസ്‌കാര സാഹിതി ജില്ലാ ചെയര്‍മാന്‍ ബഷീര്‍ആറങ്ങാടി അധ്യക്ഷനായി. ഗാന്ധിയന്‍ പ്രഫ. ടി എന്‍ സുരേന്ദ്രനാഥ്, ഷാജഹാന്‍ തൃക്കരിപ്പൂര്‍ ഡിസിസി ജനറല്‍ സെക്രട്ടറി അഡ്വ. പി വി സുരേഷ്, മുന്‍ നഗരസഭാ ചെയര്‍മാന്‍ വി ഗോപി, മണ്ഡലം പ്രസിഡണ്ട് കെ പി ബാലകൃഷ്ണന്‍, ബ്ലോക്ക് വൈസ് പ്രസിഡണ്ട് എം കുഞ്ഞികൃഷ്ണന്‍, എ പുരുഷോത്തമന്‍, കരിച്ചേരി പ്രഭാകരന്‍ നായര്‍, പത്മരാജന്‍ ഐങ്ങോത്ത്, മനോജ് ഉപ്പിലിക്കൈ, ഡോ. ദിവ്യ ജിതിന്‍,സുകുമാര്‍ ആശിര്‍വാദ്, യൂത്ത് കോണ്‍ഗ്രസ് ജില്ലാ സെക്രട്ടറി അക്ഷയ എസ് ബാലന്‍, ശ്രീജ പുരുഷോത്തമന്‍, ഷിഹാബ് കാര്‍ഗില്‍, സംസ്‌കാര സാഹിതി കാഞ്ഞങ്ങാട് നിയോജമ മണ്ഡലം ചെയര്‍മാന്‍ അഡ്വ. ബിജു കൃഷ്ണ, സംസ്‌കാര സാഹിതി ജില്ലാ മണ്ഡലം ഭാരവാഹികള്‍ ഉള്‍പ്പെടെ സംബന്ധിച്ചു. കണ്‍വീനര്‍ ദിനേശന്‍ മൂലക്കണ്ടം സ്വാഗതവും, രാമകൃഷ്ണന്‍ മോനാച്ച നന്ദിയുംപറഞ്ഞു.

error: Content is protected !!