കാഞ്ഞങ്ങാട് : മലയാള കവികളുടെയും കാവ്യാസ്വാദകരുടെയും കൂട്ടായ്മയായ രാക്കവിതക്കൂട്ടം – നാലാം വാര്‍ഷികാഘോഷത്തിന്റെ ഭാഗമായി ഏര്‍പ്പെടുത്തിയ പ്രഥമ രാക്കവിതക്കൂട്ടം കവിതപുരസ്ക്കാരത്തിന് ദിവാകരന് വിഷ്ണുമംഗലത്തിന്റെ ‘ചോറ്റുപാഠം’എന്ന കവിത സമാഹാരം അര്‍ഹമായി. 25000 രൂപയും ശില്പവും പ്രശസ്തിപത്രവും ആണ് പുരസ്ക്കാരം. അയച്ചു കിട്ടിയ എഴുപതിലധികം കൃതികളില്‍ നിന്നാണ് അവാര്‍ഡിനര്‍ഹമായ കൃതി തെരഞ്ഞെടുത്തത്.ഡോ. മിനി പ്രസാദ്, ഡോ.സജയ്.കെ.വി,ഡോ.മുഞ്ഞിനാട് പത്മകുമാര്‍ എന്നിവരടങ്ങിയ ജൂറിയാണ് അവാര്‍ഡിനര്‍ഹമായ കൃതി തെരഞ്ഞെടുത്തത്.ജൂറി ചെയര്മാന് കവി സി.എം.വിനയചന്ദ്രന് ,കോ-ഓഡിനേറ്റര്‍ കവി വിനോജ് മേപ്പറമ്പത്ത്, കണ്‍വീനര്‍ എഴുത്തുകാരനും കവിയുമായ ഡോ.സുധീര്‍ബാബു എന്നിവരാണ് പുരസ്ക്കാര നിര്‍ണയ സമിതിക്ക് നേതൃത്വം നല്‍കുന്നത്.2025 ജൂണ്‍ 21, 22 തീയ്യതികളില്‍ ആലപ്പുഴയില്‍ നടക്കുന്ന രാക്കവിതക്കൂട്ടം നാലാം വാര്‍ഷികത്തോടനുബന്ധിച്ചുള്ള ‘ര’ കാവ്യോത്സവത്തില്‍ വെച്ച് പുരസ്ക്കാരം സമ്മാനിക്കും. തിരുവനന്തപുരത്ത് ഇന്ന് നടന്ന പത്രസമ്മേളനത്തില്‍ കവിയും എഴുത്തുകാരിയുമായ വി.എസ്.ബിന്ദു, കവി ചായം ധര്മ്മരാജന്, ജയേഷ് വ്ലാത്താങ്കര, അമല്‍.ടി.ജി, കസ്തൂരി ഭായ് എന്നിവര്‍ പങ്കെടുത്തു.
