കാഞ്ഞങ്ങാട് :ജില്ലയിലെ ആരോഗ്യവകുപ്പിന് നാഥനില്ലാത്തതിനാലും ഡോക്ടര്‍മാരും ജീവനക്കാരും ഇല്ലാത്തതിനാലും അമ്മയും കുഞ്ഞും ആശുപത്രി ഉള്‍പ്പെടെ അടച്ചുപൂട്ടേണ്ട സാഹചര്യം ആയതിനാല്‍ 2025 ജൂണ്‍ 15 മുതല്‍ ഇനി ഒരു അറിയിപ്പ് ഉണ്ടാകുന്നത് വരെ ജില്ലാ മെഡിക്കല്‍ ഓഫീസ് പ്രവര്‍ത്തിക്കുന്നതല്ല എന്ന് ജില്ലാ മെഡിക്കല്‍ ഓഫീസ് അടച്ചു പൂട്ടി ബോര്‍ഡ് സ്ഥാപിച്ചു യൂത്ത് കോണ്‍ഗ്രസ് കാസര്‍കോട് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ പ്രതിഷേധിച്ചു. കാഞ്ഞങ്ങാട് അമ്മയും കുഞ്ഞും ആശുപത്രിയില്‍ നിലവില്‍ രാത്രികാല ഒ പി നിര്‍ത്തലാക്കിയതിലും നിലവിലുള്ള ഡോക്ടറെയും മറ്റുജീവനക്കാരെയും ജില്ലാ ആശുപത്രിയിലേക്ക് മാറ്റാനുള്ള നീക്കം നടക്കുന്നതിന്റെ പശ്ചാത്തലത്തിലാണ് യൂത്ത് കോണ്‍ഗ്രസ് സമരം നടത്തിയത്.
കഴിഞ്ഞ ദിവസം 25 ഓളം ഡോക്ടര്‍മാരെ പകരം സംവിധാനം ഇല്ലാതെ സ്ഥലംമാറ്റുകയും കാസര്‍ഗോഡ് മെഡിക്കല്‍ കോളേജ് ഇപ്പോഴും ഒ പി മാത്രം ആയി ശൈശവവസ്ഥയില്‍ കിടക്കുകയും ടാറ്റാ ആശുപത്രിപൊളിച്ചുകളയുകയും മറ്റ്ആശുപത്രികളില് ഡോക്ടര്‍ മാരും ജീവനക്കാരും അനുബന്ധസേവനങ്ങളും ലഭിക്കാതെ രോഗികളെ പുറത്താക്കി നോക്കൂകുത്തിയായി മാറിയിരിക്കുകയാണെന്ന് ഡി സി സി വൈസ് പ്രസിഡന്റ് ബി ബി പ്രദീപ് കുമാര്‍ ആരോപിച്ചു. യൂത്ത് കോണ്‍ഗ്രസ് നടത്തിയ പ്രതിഷേധ പരിപാടി ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. ആരോഗ്യ മേഖലയില്‍ കാസര്‍ഗോഡ് ജില്ലയോട് ഇടത് സര്‍ക്കാരും ആരോഗ്യ മന്ത്രിയും കാണിക്കുന്ന അവഗണനയ്ക്കെതിരെ ശക്തമായ പ്രക്ഷോഭത്തിന് കോണ്‍ഗ്രസ് പാര്‍ട്ടി നേതൃത്വം നല്‍കുമെന്ന് അദ്ദേഹം പറഞ്ഞു ആരോഗ്യമന്ത്രി വീണ ജോര്‍ജ് കേരളത്തിന് അപമാനം ആണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു . യൂത്ത് കോണ്‍ഗ്രസ് ജില്ലാ പ്രസിഡന്റ് കെ ആര് കാര്ത്തികേയന് അധ്യക്ഷത വഹിച്ചു ജില്ലാ ജനറല്‍ സെക്രട്ടറി വിനോദ് കപ്പിത്താന്, രോഹിത് എറു വാട്ട് മണ്ഡലം പ്രസിഡന്റ്മാരായ വിനീത് എച്ച് ആര്, അനൂപ് ഓര്‍ച്ച, സിജോ അബാട്ട്, രാഹുല്‍ നാര്‍ക്കല പദ്മകുമാര്‍ കൊടവലം റഷിദ് നാലെക്ര, വരുണ്‍ രാജ് എന്നിവര്‍സംസാരിച്ചു.
