കാസര്‍കോട് : കോവിഡ് കാലത്ത് ആരോഗ്യ – ഭക്ഷ്യവിതരണ രംഗത്തുണ്ടായ വെല്ലുവിളികളെ പോലും വികസനത്തിനും സ്വയംപര്യാപ്തത കൈവരിക്കാനുമുള്ള അവസരമാക്കിയ ഭരണാധികാരിയാണ് നരേന്ദ്രമോദിയെന്ന് ബിജെപി മുന്‍ സംസ്ഥാന സെക്രട്ടറി വി.കെ. സജീവന്‍ പറഞ്ഞു. നരേന്ദ്ര മോദി സര്‍ക്കാരിന്റെ 11-ാം വാര്‍ഷികത്തോടനുബന്ധിച്ച് ബിജെപി കാസര്‍ഗോഡ് ജില്ലാ ഘടകം സംഘടിപ്പിച്ച സങ്കല്‍പ്പ് സെ സിദ്ധി ജില്ലാ ശില്‍പ്പശാല ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
സീറോ ബാലന്‍സ് ജന്‍ ധന്‍ അക്കൗണ്ടുകള്‍, ഡയറക്ട് ബെനഫിറ്റ് ട്രാന്‍സ്ഫര്‍ എന്നിവയുടെ വ്യാപ്തി ലോകത്തെ അദ്ഭുതപ്പെടുത്തി. നോട്ടു നിരോധനവും രാമക്ഷേത്ര നിര്‍മ്മാണവും ആര്‍ട്ടിക്കിള്‍ 370 റദ്ദ് ചെയ്യലും യാതൊരു ക്രമസമാധാന പ്രശ്‌നവുമില്ലാതെ അദ്ദേഹത്തിന്റെ ഭരണത്തില്‍ യാഥാര്‍ത്ഥ്യമായി. രാജ്യത്തിന് അകത്തും പുറത്തുമുള്ള ഭീകരവാദത്തെ ഒരേ പോലെ നേരിടാന്‍ ഭാരതസേനകളെ അദ്ദേഹം സജ്ജമാക്കി. നരേന്ദ്ര മോദി സര്‍ക്കാരിന്റെ ജനക്ഷേമ പദ്ധതികളുടെ നടത്തിപ്പ് കേരളത്തില്‍ താളം തെറ്റുന്ന സാഹചര്യത്തില്‍ ഇത്തരം പദ്ധതികളുടെ ഗുണഫലം ഓരോ സാധാരണക്കാരനും ലഭിക്കുന്നുണ്ടെന്ന് ഉറപ്പാക്കാന്‍ ബിജെപി പ്രവര്‍ത്തകര്‍ മുന്നിട്ടിറങ്ങണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ബിജെപി കാസര്‍ഗോഡ് ജില്ലാ പ്രസിഡന്റ് എം.എല്‍. അശ്വിനി അദ്ധ്യക്ഷത വഹിച്ചു. ബിജെപി ജില്ലാ ജനറല്‍ സെക്രട്ടറിമാരായ മനുലാല്‍ മേലോത്ത്, എന്‍. ബാബുരാജ്, സുനില്‍ പി.ആര്‍. എന്നിവര്‍സംസാരിച്ചു.
