രക്തദാനം നടത്തി മാതൃകയായി കുടുംബശ്രീ ഓക്‌സിലറി അംഗങ്ങള്‍

കാഞ്ഞങ്ങാട്: രക്തദാനത്തെ കുറിച്ചുള്ള അറിവില്ലായ്മകളും അനാവശ്യ ഭയങ്ങളും മാറ്റിവെച്ച് ഈ ഒഴുകുന്ന ജീവനെ പങ്കുവെക്കാന്‍ നാം ഓരോരുത്തരും സന്നദ്ധരാകണമെന്ന് ഓര്‍മ്മപ്പെടുത്തി കുടുംബശ്രീ ജില്ലാമിഷന്‍ കാസര്‍കോടിന്റെ നേതൃത്വത്തില്‍ പ്രാണ എന്ന പേരില്‍ രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു. കുടുംബശ്രീ 27 ആം വാര്‍ഷികാഘോഷ പാരിപാടിയുടെ ഭാഗമായി സംഘടിപ്പിച്ച രക്തദാന ക്യാമ്പില്‍ ജില്ലയിലെ 42 സിഡിഎസിലെ കുടുംബശ്രീ അയല്‍ക്കൂട്ട അംഗങ്ങള്‍ പങ്കാളികളായി.കാസര്‍ഗോഡ് ജില്ലാ മെഡിക്കല്‍ ഓഫീസ്, കാസര്‍കോട് ദേശീയ ആരോഗ്യ ദൗത്യം, കാഞ്ഞങ്ങാട് ജില്ലാ ആശുപത്രി ബ്ലഡ് സെന്റര്‍ എന്നിവയുടെ സഹകരണത്തോടെ സംഘടിപ്പിച്ച ക്യാമ്പ് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ബേബി ബാലകൃഷ്ണന്‍ ഉദ്ഘാടനം ചെയ്തു. രക്തദാനത്തെക്കുറിച്ചുള്ള അവബോധം വളര്‍ത്തുന്നതിനും മനുഷ്യരാശിയുടെ പ്രയോജനത്തിനായി രക്തം നല്‍കാന്‍ ആളുകളെ പ്രോത്സാഹിപ്പിക്കുന്നതിനുമായി കുടുംബശ്രീ സംഘടിപ്പിച്ച ക്യാമ്പ് മാതൃകപരമാണെന്നു ബേബി ബാലകൃഷ്ണന്‍ പറഞ്ഞു.

കാഞ്ഞങ്ങാട് നഗരസഭ വൈസ് ചെയര്‍മാന്‍ ബില്‍ടെക് അബ്ദുള്ള മുഖ്യാതിഥിയായിരുന്നു. അസിസ്റ്റന്റ് ജില്ലാ മിഷന്‍ കോഡിനേറ്റര്‍ ഡി. ഹരിദാസ് അധ്യക്ഷത വഹിച്ചു. സംസ്ഥാനത്ത് പ്രതിവര്‍ഷം ഏകദേശം 4.5 ലക്ഷം യൂണിറ്റ് രക്തം ആവശ്യമായി വരുന്ന സാഹചര്യത്തില്‍ കാസര്‍ഗോഡ് കുടുംബശ്രീ സിഡിഎസുകളില്‍ ജിആര്‍സി മുഖാന്തരം രക്ത ബാങ്ക് രൂപീകരിച്ച് മുന്നോട്ടു പോകാനാണ് കുടുംബശ്രീ ലക്ഷ്യം ഇടുന്നത്. ജൂലൈ അവസാനത്തോടെ എല്ലാ സിഡിഎസിലും രക്തബാങ്ക് രൂപീകരിക്കും. രക്തം നല്‍കാന്‍ സന്നദ്ധരായവരുടെ എച്ച് ബി കൗണ്ട് ,ബന്ധപ്പെടാനുള്ള നമ്പര്‍ അയല്‍ക്കൂട്ടം എന്നിവ ഉള്‍പ്പെടുത്തി രജിസ്റ്ററുകള്‍ സൂക്ഷിക്കാനാണ് തീരുമാനം. 2 വര്‍ഷം മുമ്പ് ആരംഭിച്ച പ്രാണ പദ്ധതി വഴി ജില്ലയിലെ കുടുംബശ്രീ അയല്‍ക്കൂട്ട അംഗങ്ങള്‍ ആരോഗ്യരംഗത്ത് സജീവമാണ്. വിവിധ ചികിത്സയുടെ ഭാഗമായി മുടി നഷ്ടപ്പെട്ടവര്‍ക്ക് മുടി നല്‍കാനുള്ള സൗകര്യവും, അവയവദാനം പ്രോത്സാഹിപ്പിക്കുക തുടങ്ങിയ പ്രവര്‍ത്തനങ്ങളും നടത്തിവരുന്നു. പരിപാടിയില്‍ സിഡിഎസ് ചെയര്‍പേഴ്‌സണ്‍മരായ സൂര്യ ജാനകി, സനൂജ തുടങ്ങിയവര്‍ സംസാരിച്ചു. രക്തദാനം നടത്തിയവര്‍ക്ക് കുടുംബശ്രീയുടെ ഉപഹാരവും നല്‍കി.ജില്ലാ മിഷന്‍ കോഡിനേറ്റര്‍ ഇന്‍ ചാര്‍ജ് സി എച്ച് ഇക്ബാല്‍ സ്വാഗതവും കാഞ്ഞങ്ങാട് നഗരസഭ ചെയര്‍പേഴ്‌സണ്‍ സുജിനി നന്ദിയുംപറഞ്ഞു.

error: Content is protected !!