കരിന്തളം: കരിന്തളത്ത് മണ്ണ് പരിശോധന കേന്ദ്രം സ്ഥാപിക്കണമെന്ന് കേരള കര്‍ഷക സംഘം കരിന്തളം യൂണിറ്റ് സമ്മേളനം അധികൃതരോട് ആവശ്യപ്പെട്ടു.കര്‍ഷകരെ സംബന്ധിച്ചിടത്തോളം കൃഷി നല്ല രീതിയില്‍ ലാഭകരമായി മുന്നോട്ടു കൊണ്ടു പോകണമെങ്കില്‍ മണ്ണ് പരിശോധന നടത്തി അതിനുതകുന്ന തരത്തിലുള്ള വളപ്രയോഗവും മറ്റും നടത്തിയാല്‍ മാത്രമേ കഴിയുകയുള്ളൂ. മണ്ണിന്റെ ഫലപുഷ്ടി അനുസരിച്ച് വിളകള്‍ക്ക് ലഭ്യമാകുന്ന സസ്യ പോഷകങ്ങളുടെ അളവ് നിര്‍ണയിക്കുന്നതിനാണ് മണ്ണ് പരിശോധന നടത്തുന്നത് .നിലവില്‍ ജില്ലയില്‍ കാസര്‍ഗോഡ് മാത്രമാണ് മണ്ണ് പരിശോധന ലാബ് ഉള്ളത്. യാത്ര ചെയ്യുവാനുള്ള പ്രയാസവും, സാമ്പത്തിക ബാധ്യതയും കാരണം പല കര്‍ഷകരും മണ്ണ് പരിശോധന നടത്താതെ പാരമ്പര്യ രീതിയില്‍ തന്നെയാണ് കൃഷി ചെയ്തു വരുന്നത്.ഇതിനാല്‍ കര്‍ഷകര്‍ക്ക് വലിയ നഷ്ടമാണ് പലപ്പോഴും ഉണ്ടാവുന്നത്. സഞ്ചരിക്കുന്ന മണ്ണ് പരിശോധന ലാബ് ഉണ്ടെങ്കിലും കണ്ണൂര്‍ കാസര്‍ഗോഡ് ജില്ലകള്‍ക്കായി ഒന്ന് മാത്രമാണ് ഉള്ളത്.അതിനാല്‍ ഇവയുടെ പ്രയോജനവും കര്‍ഷകര്‍ക്ക് വേണ്ട രീതിയില്‍ ലഭിക്കാത്ത സ്ഥിതിയാണ്. അതുകൊണ്ട് മലയോര മേഖലയിലെ മുഴുവന്‍ കര്‍ഷകര്‍ക്കും ഉപകാരപ്രദമാകും വിധം മണ്ണ് പരിശോധന കേന്ദ്രം കരിന്തളത്ത് സ്ഥാപിക്കുന്നതിനാവശ്യമായ നടപടികള്‍ സ്വീകരിക്കണമെന്ന് സമ്മേളനം ആവശ്യപ്പെട്ടു.
സമ്മേളനത്തിന്റെ ഭാഗമായി യൂണിറ്റ് പരിധിയില്‍ നിന്നും എല്‍എസ്എസ്,എസ് എസ് എല്‍ സി ,പ്ലസ് ടു പരീക്ഷകളില്‍ ഉന്നത വിജയം നേടിയ വിദ്യാര്‍ത്ഥികളെ അനുമോദിച്ചു.യൂണിറ്റ് പ്രസിഡണ്ട് കെ കരുണാകരന്റെ അധ്യക്ഷതയില്‍ നടന്ന സമ്മേളനം വില്ലേജ് സെക്രട്ടറി പി ശാര്‍ങ്ങി ഉദ്ഘാടനം ചെയ്തു.കുട്ടികള്‍ക്കുള്ള ഉപഹാരം വില്ലേജ് പ്രസിഡണ്ട് കയനി ബാലന്‍ നല്‍കി.സിപിഎം ബ്രാഞ്ച് സെക്രട്ടറിമാരായ ഒ കുഞ്ഞിരാമന്‍, വാസു കരിന്തളം,വില്ലേജ് കമ്മിറ്റി അംഗം ബി തമ്പാന്‍,കെ ബാലകൃഷ്ണന്‍ ,കെ രാജന്‍ എന്നിവര്‍ സംസാരിച്ചു .യൂണിറ്റ് സെക്രട്ടറി പി വി രാമചന്ദ്രന്‍ സ്വാഗതം പറഞ്ഞു.സമ്മേളനത്തില്‍ വെച്ച് കരിന്തളം യൂണിറ്റ് വിഭജിച്ച് കരിന്തളം ഈസ്റ്റ് ,വെസ്റ്റ് എന്നീ രണ്ട് യൂണിറ്റുകള്‍ രൂപീകരിച്ചു.കരിന്തളം വെസ്റ്റ് യൂണിറ്റ് ഭാരവാഹികളായി ബി ആര്‍ രതീഷ് (പ്രസിഡന്റ്) ,ടി ശാന്ത (വൈസ് പ്രസിഡന്റ്), പി വി രാമചന്ദ്രന്‍ (സെക്രട്ടറി), കെ ബാലകൃഷ്ണന്‍ (ജോ : സെക്രട്ടറി).കരിന്തളം ഈസ്റ്റ് യൂണിറ്റ് ഭാരവാഹികളായി കെ കരുണാകരന്‍ (പ്രസിഡന്റ്) , പി രാമചന്ദ്രന്‍ (വൈസ് പ്രസിഡന്റ്),കെ രാജന്‍ (സെക്രട്ടറി ), വി രാജേഷ് (ജോ:സെക്രട്ടറി) എന്നിവരെതിരഞ്ഞെടുത്തു.
