അഹമ്മദാബാദ് : അഹമ്മദാബാദ് വിമാനാപകടത്തില്‍ യാത്രക്കാരായ 230 പേരും 2 പൈലറ്റ് അടക്കമുള്ള 12 പേരും വെന്തും മരിച്ചു.
മരിച്ചവരില്‍ മലയാളിയും. പത്തനംതിട്ട പുല്ലാട് സ്വദേശി രഞ്ജിത ഗോപകുമാറാണ് കൊല്ലപ്പെട്ടത്. ലണ്ടനില്‍ നഴ്സായിരുന്നു. ബുധനാഴ്ചയാണ് നാട്ടില്‍ നിന്നും രഞ്ജിത മടങ്ങിയത്. നെടുമ്പാശേരിയില്‍ നിന്നും വിമാനമാര്‍ഗം അഹമ്മദാബാദിലെത്തി. തുടര്‍ന്ന് ലണ്ടനിലേക്കുള്ള കണക്ഷന് ഫ്ലൈറ്റില്‍ യാത്ര ചെയ്യുകയായിരുന്നു.
തകര്‍ന്നുവീണ യാത്രാ വിമാനത്തില്‍ 169 ഇന്ത്യക്കരും 61വിദേശികളുമുണ്ടായിരുന്നതായി എയര്‍ ഇന്ത്യ അറിയിച്ചു. ബ്രിട്ടനില്‍ നിന്നുള്ള 53 പേരും, പോര്‍ച്ചുഗലില്‍ നിന്നുള്ള 7 പേരും, ഒരു കനേഡിയന്‍ പൗരനുമാണ് വിമാനത്തിലുണ്ടായിരുന്നത്. യാത്രക്കാരുടെ വിവരങ്ങള്‍ എയര്‍ ഇന്ത്യ പുറത്തുവിട്ടു. ബോഡിംഗ് പാസ് പ്രകാരം ഓരോരുത്തരേയും തിരിച്ചറിയാന്‍ ശ്രമം തുടരുകയാണ്. 230 യാത്രക്കാരുമായി പറന്നുയര്‍ന്ന ബോയിങ് 787-8 വിമാനമാണ് തകര്‍ന്നുവീണത്. പൈലറ്റ് സുമിത് സഭര്‍വാളും സഹ പൈലറ്റ് ക്ലൈവ് കുന്ദറും ഉള്‍പ്പെടെ 12 ജീവനക്കാരും വിമാനത്തിലുണ്ടായിരുന്നു. യാത്രക്കാര്‍ക്കൊപ്പം ഗുജറാത്ത് മുന്‍ മുഖ്യമന്ത്രി വിജയ് രൂപാണിയും കൊല്ലപ്പെട്ടു. മകളെ കാണന്‍ ലണ്ടനിലേക്ക് തിരിച്ചതായിരുന്നു. അടുത്ത വൃത്തങ്ങളും അറിയിച്ചു.
ഇന്ന് ഉച്ചയ്ക്ക് 1:30ഓടെയാണ് അഹമ്മദാബാദിലെ സര്‍ദാര്‍ വല്ലഭായി പട്ടേല്‍ വിമാനത്താവളത്തില്‍ നിന്ന് എയര്‍ ഇന്ത്യ വിമാനമായ
ലണ്ടനിലെ ഗാറ്റ്വിക്കിലേക്ക് പുറപ്പെട്ട AI 171 വിമാനം പറന്നുയര്‍ന്നതിന് തൊട്ടുപിന്നാലെ വിമാനത്താവളത്തിന് പുറത്ത് അപകടത്തില്‍പ്പെട്ടത്. ടേക്ക് ഓഫിന് നിമിഷങ്ങള്‍ക്കകം വിമാനം തകര്‍ന്ന് വീഴുകയായിരുന്നു. അപകടത്തെ തുടര്‍ന്ന് അഗ്നിരക്ഷാ സേനയുടെ ഏഴ് യൂണിറ്റുകള്‍ ആദ്യം സ്ഥലത്തെത്തിയിരുന്നു. എസ്എഫ്,എന്‍ഡിആര്‍എഫ് ടീമുകളെ അപകടസ്ഥലത്തെത്തിയിട്ടുണ്ട്. 400 ഓളം സിഐഎസ്എഫ് ഉദ്യോഗസ്ഥരെ രക്ഷാപ്രവര്‍ത്തനത്തിനായി വിന്യസിച്ചു. എയര്‍ ഇന്ത്യ വിമാനം അപകടത്തില്‍പ്പെട്ടതിനെ തുടര്‍ന്ന് സര്‍ദാര്‍ വല്ലഭായ് പട്ടേല്‍ അന്താരാഷ്ട്ര വിമാനത്താവളത്തിലെ എല്ലാ വിമാന സര്‍വീസുകളും താല്‍ക്കാലികമായി നിര്‍ത്തിവച്ചു. കൂടുതല്‍ വിവരങ്ങള്‍ ലഭിക്കുന്നതിനായി എയര്‍ ഇന്ത്യ 1800 5691 444 എന്ന പ്രത്യേക പാസഞ്ചര്‍ ഹോട്ട്ലൈന്‍ നമ്പര്‍ സജ്ജീകരിച്ചിട്ടുണ്ട്
