പോലീസിനെ ആക്രമിക്കുന്നത് പതിവാക്കിയ പനത്തടി, ചാമുണ്ഡിക്കുന്നിലെ ശിവപുരം സ്വദേശി പന്ത്രണ്ടാമത്തെ കേസിലും അറസ്റ്റില്‍

കാഞ്ഞങ്ങാട്: ഒരാള്‍ക്ക് ഒന്നിലധികം  കേസുകള്‍ സ്വാഭാവികം. കാസര്‍കോട് ജില്ലയിലെ പനത്തടി, ചാമുണ്ഡിക്കുന്നിലെ ശിവപുരം സ്വദേശി
എസ്.സി.പ്രമോദിന് (41) പോലീസിനെ അക്രമിച്ച കേസുകള്‍ പന്ത്രണ്ട്. ചൊവ്വാഴ്ച്ച വൈകിട്ടാണ് പന്ത്രണ്ടാമത് അറസ്റ്റ് നടന്നത്.

സംഭവത്തെ കുറിച്ച് പോലീസ് പറയുന്നത് ഇങ്ങിനെ -പ്രമോദ് ഓടിച്ചിരുന്ന കാര്‍ ചെര്‍ക്കള പെട്രോള്‍ പമ്പിന് സമീപത്ത് വച്ച് സ്‌ക്കൂട്ടറില്‍ ഇടിച്ചിരുന്നു. അപകടത്തില്‍ സ്‌കൂട്ടര്‍ യാത്രക്കാരനായ ആദൂര്‍, കുണ്ടാര്‍, പടിയത്തടുക്കയിലെ ഇബ്രാഹിം ദില്‍ഷാദി (19) നു പരിക്കേറ്റു. ഇയാള്‍ ചെര്‍ക്കളയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സ തേടി. അപകടത്തിനു ശേഷം കാര്‍ ഓടിച്ചിരുന്ന പ്രമോദ് പ്രകോപിതനാവുകയും സ്ഥലത്തെത്തിയ ആള്‍ക്കൂട്ടത്തിനു നേരെ തിരിയുകയും ചെയ്തു. ഇതിനിടയില്‍ വിവരമറിഞ്ഞ് വിദ്യാനഗര്‍ എസ് ഐ കെ. പ്രദീഷ് കുമാര്‍, എസ് ഐ . ഉമേശ് എന്നിവരുടെ നേതൃത്വത്തില്‍ പോലീസ് സ്ഥലത്തെത്തി. കസ്റ്റഡിയിലെടുക്കാന്‍ ശ്രമിക്കുന്നതിനിടയില്‍ പ്രമോദ് അക്രമാസക്തനാവുകയും എസ് ഐ പ്രദീഷിന്റെ മുഖത്തും നെഞ്ചിലും ഇടിക്കുകയും ചെയ്തു. തടയാന്‍ ശ്രമിച്ചപ്പോള്‍ എസ് ഐ ഉമേശനെയും കയ്യേറ്റം ചെയ്തു. സ്ഥലത്തു നിന്നു രക്ഷപ്പെടാന്‍ ശ്രമിച്ച പ്രതിയെ പോലീസ് സംഘം മല്‍പ്പിടുത്തത്തിലൂടെ പിടികൂടുകയായിരുന്നു. പ്രതിയെ കോടതി രണ്ടാഴ്ച്ചത്തേയ്ക്ക് റിമാന്റ് ചെയ്തു.

കഴിഞ്ഞ ഏപ്രില്‍ 23 ന് രാത്രി സഹോദരങ്ങള്‍ വീട്ടില്‍ മദ്യപിച്ച് ബഹളമുണ്ടാക്കുന്നതായി ഇ.ആര്‍.എസ്.എസ് വഴി ലഭിച്ച പരാതി അന്വേഷിക്കാനെത്തിയ  രാജപുരം പോലീസ് ഉദ്യോഗസ്ഥരെ ചട്ടിയും കല്ലു മെറിഞ്ഞ് പരിക്കേല്‍പ്പിച്ച കേസിലും പ്രമോദ് പ്രതിയായിരുന്നു.
പോലീസിനെ കണ്ടപ്പോള്‍ വഴക്ക് അടിച്ച ഇരുവരും പോലീസ് ഉദ്യോഗസ്ഥര്‍ക്ക് നേര ചട്ടിയെടുത്ത് എറിഞ്ഞു. പിന്നാലെ കല്ലേറും തുടങ്ങി.
പോലീസ് ജീപ്പിന്റെ ഒരു ഭാഗത്തെ കണ്ണാടിയും പൊട്ടിച്ചു. വയര്‍ലെസ് സെറ്റിന്റെ ആന്റിന വലിച്ചു പൊട്ടിക്കുകയും ചെയ്തു. അക്രമത്തില്‍
രാജപുരം പോലീസ് സ്റ്റേഷനിലെ അസിസ്റ്റന്റ് സബ് ഇന്‍സ്‌പെക്ടര്‍ മോന്‍സി പി . വര്‍ഗീസ്, സിവില്‍ പോലീസ് ഓഫീസര്‍മാരായ സജിത്ത് ജോസഫ്, കെ. വി. നിതിന്‍, ശശികുമാര്‍ എന്നി ഉദ്യോഗസ്ഥര്‍ക്ക് നേരെയായിരുന്നു ആക്രമണം. റിമാന്റ് ചെയ്ത പ്രതി ജില്ലാശുപത്രിയില്‍ ചികില്‍സ തേടിയിരുന്നു. ഇവിടെ ഡ്യൂട്ടിയിലുണ്ടായിരുന്ന പോലീസുകാരന് നേരെയും കയ്യേറ്റം നടന്നു. ജയിലില്‍ വെച്ച് വാര്‍ഡനു നേരെയും അക്രമം ഉണ്ടായി. ഇതിന്റെ പേരില്‍ രണ്ടു കേസുകള്‍ ഹോസ്ദുര്‍ഗ് പോലീസ് രജിസ്റ്റര്‍ ചെയ്തിരുന്നു. പോലീസിനെ അക്രമിച്ചതുമായി ബന്ധപ്പെട്ട് രാജപുരത്ത് അഞ്ചും തൃശൂരില്‍ രണ്ടും മാനന്തവാടിയിലും ബേഡകത്തും ഓരോ കേസും വീതം ഇയാളുടെ പേരിലുണ്ട്.

 

 

error: Content is protected !!