കാസര്‍കോട്: അഡൂര്‍, ഉര്‍ഡൂറിലെ തെയ്യം കലാകാരന്റെ മരണം കൊലപാതകം. സുഹൃത്ത് പോലീസ് കസ്റ്റഡിയില്‍. ചൊവ്വാഴ്ച വൈകിട്ടാണ് ചന്ദനക്കാട്ടെ തെയ്യം കലാകാരന്‍ ടി. സതീശന്‍ എന്ന ബിജു (46) വിനെ അയല്‍വാസിയായ ചോമണ്ണനായികിന്റെ വീട്ടുവരാന്തയില്‍ അബോധാവസ്ഥ യില്‍ കണ്ടെത്തിയത്. ഉടന്‍ ആശുപത്രിയില്‍ എത്തിച്ചുവെങ്കിലും ജീവന്‍ രക്ഷിക്കാന്‍ കഴിഞ്ഞില്ല. ഇന്നലെ കാസര്‍കോട് ജനറല്‍ ആശുപത്രിയില്‍ നടന്ന പോസ്റ്റു മോര്‍ട്ടത്തിലാണ് സതീശന്റെ മരണത്തില്‍ ദുരൂഹത ഉയര്‍ന്നത്. പോസ്റ്റുമോര്‍ട്ടത്തില്‍ കഴുത്തെല്ലു പൊട്ടിയതായി കണ്ടെത്തി. ശരീരത്തിന്റെ പിറകു ഭാഗത്തും ആന്തരിക പരിക്ക് കാണപ്പെട്ടു. ഇക്കാര്യം പോസ്റ്റുമോര്‍ട്ടം ചെയ്ത ഡോക്ടര്‍ പോലീസിനു മൊഴി നല്‍കി. തുടര്‍ന്ന് ബേക്കല്‍ ഡി.വൈ. എസ്.പി വി.വി മനോജിന്റെ മേല്‍നോട്ടത്തില്‍ ബേഡകം പോലീസ് ഇന്‍സ്‌പെക്ടര്‍ രാജീവന്‍ വലിയ വളപ്പിലിന്റെ കേസ് അന്വേഷണത്തിലാ ണ് കൊലപാതകമാണെന്ന് കണ്ടെത്തിയത്.
മരണപ്പെട്ട സതീശനും പോലീസ് കസ്റ്റഡിയില്‍ കഴിയുന്ന ചന്ദനക്കാട്ടെ ചിതാനന്ദനും സുഹൃത്തുക്കളാണ്. ഇരുവരും പലപ്പോഴും അയല്‍വാസിയായ ചോമണ്ണ നായികിന്റെ വീട്ടില്‍ വച്ച് മദ്യപിക്കാറുണ്ട്. തിങ്കളാഴ്ച ഉച്ചയോടെ വീട്ടിലെത്തിയ ഇരുവരും വരാന്തയില്‍ ഇരുന്നു മദ്യപിച്ചു. വീട്ടുടമസ്ഥനു മദ്യം നല്‍കി. പിന്നീട് മദ്യ ലഹരിയില്‍ സതീശനും ചിതാനന്ദനും വാക്കു തര്‍ക്കമുണ്ടായി. കോലായില്‍ ഇരിക്കുകയായിരുന്ന സതീശനെ പിറകില്‍ നിന്നു തള്ളി താഴെയിട്ടു. തല കുത്തി വീണ സതീശനെ എടുത്തു കൊണ്ടു പോയി വരാന്തയില്‍ കിടത്തി. വേദനിക്കുന്നുണ്ടെന്നു പറഞ്ഞപ്പോള്‍ മൂവ് എന്ന
ഓയിന്റ്‌മെന്റ്‌റ് പുരട്ടിക്കൊടുത്തു. പിന്നീട് വേദനയ്ക്കുള്ള ഗുളികകളും നല്‍കി. ഇതിനിടയില്‍ സതീശന്‍ അബോധാവസ്ഥയിലായതോടെ ഉറങ്ങുകയാണെന്നു ധരിച്ച് ചിതാനന്ദന്‍ സ്ഥലത്തു നിന്നും പോയി. ചൊവ്വാഴ്ചയും സതീശന്‍ വീട്ടില്‍ എത്താത്തതിനെ തുടര്‍ന്ന് സഹോദരി സൗമിനി ഫോണ്‍ വിളിച്ചപ്പോള്‍ ഫോണ്‍ എടുത്തിരുന്നു. മറുപടി പറഞ്ഞത് എന്താണെന്നു വ്യക്തമായിരുന്നില്ല. മദ്യലഹരിയിലായിരിക്കുമെന്നാണ് കരുതിയിരുന്നത്. ചൊവ്വാഴ്ച വൈകുന്നേരമായിട്ടും സഹോദരനെ കാണാത്തതിനെ തുടര്‍ന്ന് സൗമിനി അയല്‍വാസിയായ ചോമണ്ണ നായികിന്റെ വീട്ടിലേക്ക് പോയി. ഈ സമയത്താണ് സതീശനെ വീട്ടു വരാന്തയില്‍ അബോധാവസ്ഥയില്‍ കിടക്കുന്നത് കണ്ടത്. അയല്‍വാസികളുടെ സഹായത്തോടെ ജനറല്‍ ആശുപത്രിയില്‍ എത്തിച്ചുവെങ്കിലും രക്ഷിക്കാനായില്ല. പോസ്റ്റുമോര്‍ട്ടം ചെയ്ത ഡോക്ടറുടെ മൊഴി കേട്ട ശേഷം ഡിവൈ.എസ്.പിയുടെ നേതൃത്വത്തില്‍ തന്ത്രപരമായി നടത്തിയ അന്വേഷണത്തിലാണ് പ്രതിയെ തിരിച്ചറിഞ്ഞത്. പോസ്റ്റുമോര്‍ട്ടം നടക്കുമ്പോഴോ സംസ്‌കാര ചടങ്ങിലോ ചിതാനന്ദന്‍ പങ്കെടുത്തിരുന്നില്ലെന്നു പോലീസ് തിരിച്ചറിഞ്ഞു. സംശയത്തിന്റെ അടിസ്ഥാനത്തില്‍ കസ്റ്റഡിയിലെടുത്തു ചോദ്യം ചെയ്തപ്പോഴാണ് സംഭവത്തിന്റെ ചുരുളഴിഞ്ഞത്. മനഃപൂര്‍വ്വമല്ലാത്ത നരഹത്യക്കുറ്റം ചുമത്തിയായിരിക്കാം ചിതാനന്ദനെ അറസ്റ്റു ചെയ്യുകയെന്നാണ് സൂചന.
